കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യവുമായി ഇന്ന് ലോയേഴ്സ് യൂണിയന്റെ അഭിഭാഷക കൂട്ടായ്മ

അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസിലെ വിധി വരാനിരിക്കെ കേരളത്തില്‍ അഭിഭാഷകര്‍ ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച പ്രശാന്ത് ഭൂഷണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അഭിഭാഷക കൂട്ടായ്മ സംഘടിപ്പിക്കും.

ഈ കേസിലെ നടപടി ക്രമങ്ങളെ സംബന്ധിച്ച് നിരവധിയായ നിയമ പ്രശ്നങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കുകളെ പറ്റിയും, സുപ്രീം കോടതി ഇതിനായി സ്വീകരിച്ച നടപടികളിലെ പാളിച്ചകളെ പറ്റിയും വലിയ നിയമചർച്ചകളാണ് ഉയർന്നുവന്നിട്ടുള്ളതെന്നു യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സി പി പ്രമോദ് ചൂണ്ടിക്കാട്ടി.

കോവിഡ് അടച്ചിടൽ കാലത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആഡംബര ബൈക്കിൽ ഇരിക്കുന്ന ചിത്രം പങ്ക് വെച്ചും , സുപ്രീം കോടതിയിൽ നിലവാരതകർച്ച ഉണ്ടെന്നും പറയുന്ന ട്വീറ്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രശാന്ത് ഭൂഷണ് എതിരെ കോടതിയലക്ഷ്യ കേസ് എടുത്തത്.

ജനാധിപത്യത്തിൽ വിയോജിപ്പുകളെ നേരിടുന്നത് അസഹിഷ്ണുതാപരമായ അടിച്ചമർത്തലുകൾ കൊണ്ടല്ല. എക്സിക്യുട്ടീവിനും ലജിസ്ലേറ്റീവിനും ജുഡീഷ്യറിക്കും ഉള്ള അധികാരങ്ങൾ പരിമിതികൾക്കകത്ത് നിന്ന് കൊണ്ട് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യങ്ങളെയും അവകാശങ്ങളെയും മാനിച്ചു കൊണ്ടാവണം.

ഇതിൽ മാതൃകാപരമായ സമീപനം നിയമവാഴ്ചയുടെ കാവൽക്കാരായ കോടതികളുടെ ഭാഗത്ത് നിന്നുമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കോടതികളുടെ അന്തസ്സും ആധികാരികതയും കോട്ടം തട്ടാതെ നിലനിൽക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ കോടതി നടപടികൾ തുല്യ നീതിയും സ്വഭാവിക നീതിയും ഉറപ്പു വരുത്തന്നതായിരിക്കണം.

പ്രശാന്ത് ഭൂഷൺ കേസിൽ സുപ്രീം കോടതി വിധി പറയും മുൻപ് അദ്ദേഹത്തിന്റെ ട്വീറ്റർ പരാമർശങ്ങളിൽ യോജിപ്പോ വിയോജിപ്പോ ഇല്ലെങ്കിലും, കോടതി അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പാലിച്ചുവോ എന്ന പരിശോധന നിയമ വൃത്തങ്ങളിൽ നടക്കുന്നുണ്ട്.

കോടതി അലക്ഷ്യ നടപടികൾക്ക് മുൻപ് അറ്റോർണി ജനറലിന്റെ അനുമതി ലഭ്യമാക്കിയില്ല , പരാതി പകർപ്പ് നൽകുന്നതിലെ വീഴ്ച, കേസ് പരിഗണിക്കുന്ന ബെഞ്ച് തീരുമാനിച്ചതിലെ അസ്വാഭാവികത, കോടതിയലക്ഷ്യ നടപടികളിൽ മറുപടി നൽകിയ ശേഷം വിചാരണ നടപടികൾ കൂടാതെ വാദങ്ങൾ കേട്ടത്, വിചാരണയ്ക്കും തെളിവ് നൽകുന്നതിനും അവസരം നിഷേധിച്ചത് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇതിനോടകം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

അറ്റോർണി ജനറലും പ്രശസ്ത സീനിയർ അഭിഭാഷകനുമായ കെ കെ വേണുഗോപാൽ പ്രശാന്ത് ഭൂഷണെതിരെ ശിക്ഷ വിധിക്കരുതെന്നാണ് സുപ്രീം കോടതിയെ അറിയച്ചത്. ഈ പ്രശ്നത്തെ ജുഡീഷ്യറിയും അഭിഭാഷകരും പുലർത്തുന്ന വ്യത്യസ്ത സമീപനമാണ് ഇതിലൂടെ വ്യക്തമാവുന്നത്.

“ഞാൻ ദയ ചോദിക്കുന്നില്ല, മഹാമനസ്കതയ്ക്ക് അപേക്ഷിക്കുന്നുമില്ല. അതിനാൽ ഒരു പൗരൻ എന്ന നിലയിൽ ഏറ്റവും മഹത്തായ ഉത്തരവാദിത്തമായി ഞാൻ കണക്കാക്കുകയും കുറ്റകൃത്യമായി കോടതി തീരുമാനിക്കുകയും ചെയ്ത കാര്യത്തിന് നിയമപരമായി ഈ കോടതി നൽകുന്ന ഏതു ശിക്ഷയ്ക്കും സന്തോഷപൂർവ്വം വിധേയനാകാൻ തയ്യാറായിരിക്കുകയാണ്.” മഹാത്മാ ഗാന്ധിയുടെ ഈ വാചകങ്ങളാണ് തന്നോട് ഖേദം പ്രകടിപ്പിച്ചുകൂടെ എന്ന ചോദ്യത്തിന് സുപ്രീം കോടതിയിൽ പ്രശാന്ത് ഭൂഷൺ മറുപടിയായി നൽകിയത്.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നാൾവഴികളിൽ വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി നിരവധി നിയമ പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. ആദ്യ കാലങ്ങളിൽ നിരാകരിച്ച വാദങ്ങൾ പിൽക്കാലത്ത് സുപ്രീം കോടതി തന്നെ സ്വീകരിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

ജനാധിപത്യ വ്യവസ്ഥയിൽ ജുഡീഷ്യറി അടക്കമുള്ള സ്ഥാപനങ്ങളെ ഏതെല്ലാം രീതിയിൽ വിമർശനാത്മകമായി വിലയിരുത്താം എന്ന ചർച്ചകൾക്ക് ഇനിയും മൂർത്ത രൂപം കൈവരിക്കുന്നേയുള്ളു. ഈ സന്നിഗ്ദ ഘട്ടത്തിൽ ഇത് സംബന്ധിച്ച നിയമ വ്യവസ്ഥകൾ വിപുലമായ ബെഞ്ചിന്റെ തീർപ്പിന് വിട്ട് രൂപപ്പെടുത്താതെ ഈ രീതിയിൽ പരിമിതപ്പെടുത്തുന്നതിൽ മറ്റ് വിഭാഗങ്ങളോടൊപ്പം അഭിഭാഷക സമൂഹവും വിയോജിപ്പ് രേഖപ്പെടുത്തുകയാണ്.

സംസ്ഥാനത്തെ എല്ലാ കോടതി കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള സാമൂഹ്യ അകലം പാലിച്ചും, അതു സംബന്ധിച്ച സർക്കാർ നിബന്ധനകൾ പാലിച്ചും ആണ് ഈ പരിപാടി നടക്കുകയെന്ന് അഡ്വ.സി പി പ്രമോദ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here