പുറമ്പോക്ക് തോട് നികത്തിയ കേസില്‍ പി ടി തോമസ് എംഎൽഎ ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. എംഎല്‍എയ്ക്കെതിരായ പരാതിയില്‍ മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നിയമസംഭാംഗമായതിനാല്‍ അന്വേഷണത്തിന് സർക്കാർ അനുമതി ആവശ്യമായിരുന്നു. ഇതെ തുടർന്നായിരുന്നു വിജിലൻസ്, സര്‍ക്കാര്‍ അനുമതി തേടിയത്.
കൊച്ചി കോർപ്പറേഷൻ 57ാം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ചെലവന്നൂര്‍ കായലിന്‍റെ ഭാഗമായ കോച്ചാപ്പിള്ളി തോട് നികത്തി റോഡ് നിര്‍മ്മിച്ചെന്ന പരാതിയിലാണ് പി ടി തോമസ് എം എല്‍ എ, മേയര്‍ സൗമിനിജെയിന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടത്.
പി ടി തോമസിന്‍റെ ഭാര്യ അംഗമായിരുന്ന എറണാകുളം കോ-ഓപ്പറേറ്റീവ് ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി ഭൂമിയിലേക്ക് വഴി ഉണ്ടാക്കാനാണ് തോട് നികത്തിയതെന്നാണ് ആരോപണം. ഇവിടെ വയോജനപാര്‍ക്കിനും റോഡ് നിര്‍മ്മാണത്തിനും 2015ലെ യുഡിഎഫ് നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണസമിതി തീരുമാനിച്ചിരുന്നു.
പിന്നീട് പി ടി തോമസ് ഇടപെട്ട് കളിസ്ഥലവും സൊസൈറ്റി ഭൂമിയിലേക്ക് റോഡ് നിർമ്മാണത്തിനും തീരുമാനിക്കുകയായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.2018 ഡിസംബര്‍ 14ന് പി ടി തോമസിന്‍റെ സാന്നിധ്യത്തില്‍ മേയര്‍ സൗമിനി ജെയിന്‍റെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
എം എല്‍ എയും മേയറും അധികാര ദുര്‍വിനിയോഗവും നിയമലംഘനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.
നിയമസംഭാംഗമായതിനാല്‍ പി ടി തോമസിനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഇത് പരിഗണിച്ചാണ് എംഎല്‍എയെക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
Get real time update about this post categories directly on your device, subscribe now.