ആലപ്പുഴയില്‍ 4 വര്‍ഷത്തിനുള്ളില്‍ 4480 പേര്‍ സാക്ഷരത നേടിയെന്ന് സാക്ഷരതാ മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 4480 പേര്‍ ആലപ്പുഴയില്‍ സാക്ഷരത നേടിയതായി സാക്ഷരതാ മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2574 സ്ത്രീകളും 1906 പുരുഷന്മാരും ഇതിലുള്‍പ്പെടും. 14 പട്ടികജാതി കോളനികളില്‍ നിന്നുമായി 265 പേര്‍ സാക്ഷരരായിട്ടുണ്ട്. നവചേതന എന്ന പേരില്‍ ജില്ലയിലെ 16 പട്ടികജാതി കോളനികള്‍ കേന്ദ്രീകരിച്ച് സാക്ഷരതാമിഷന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ട്.

തീരദേശത്തെ ജനങ്ങളെ സാക്ഷരരാക്കുന്നതിന് നടപ്പിലാക്കിയ അക്ഷര സാഗരം പദ്ധതി വഴി 938 പേര്‍ സാക്ഷരരായി. 9 തീരദേശ പഞ്ചായത്തുകളിലെ 45 വാര്‍ഡുകളിലാണ് പദ്ധതി നടത്തിയത്.

ജില്ലാ സാക്ഷരതാ മിഷന്റെ കഴിഞ്ഞ നാലുവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു ഗോപാല്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍.സിംല, പി.കെ.ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

4 വര്‍ഷത്തിനുള്ളില്‍ 3316 പേര്‍ പത്താംതരം തുല്ല്യതയും 4909 പേര്‍ ഹയര്‍ സെക്കന്ററി തുല്ല്യതയും വിജയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാംതരം തുല്ല്യത 195 പേരും ഏഴാംതരം തുല്ല്യത 480 പേരും വിജയിച്ചു.

ഇതര സംസ്ഥാന തൊഴിലാളികളെ സാക്ഷരരാക്കുന്ന ചങ്ങാതി പദ്ധതി രണ്ട് പഞ്ചായത്തുകളില്‍ നടപ്പിലാക്കി. മണ്ണഞ്ചേരിയില്‍ 119 പേരും പാണാവള്ളിയില്‍ 113 പേരും ഈ പദ്ധതിവഴി മലയാളം പഠിച്ചു. സാക്ഷരതാ മിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളായ ഗുഡ് ഇംഗ്ലീഷ് 133 പേരും പച്ചമലയാളം 90 പേരും പാസായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിസ്ഥിതി സാക്ഷരത, ഭരണഘടനാ സാക്ഷരത തുടങ്ങി സാമൂഹ്യ സാക്ഷരതാ പരിപാടികളും സാക്ഷരതാ മിഷന്‍ ഏറ്റെടുത്തിരുന്നു. ഇതുവഴി നിരവധി പേര്‍ക്ക് ഭരണഘടനാ മൂല്യങ്ങള്‍ ലളിതമായി മനസിലാക്കുന്നതിന് കഴിഞ്ഞു. ഭരണഘടനാ സാക്ഷരതാപുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുരാരേഖസര്‍വേ, സിനിമാക്കൊട്ടക, പ്രളയാനന്തര സര്‍വ്വേ എന്നിവയും സാക്ഷരതാ മിഷന്‍ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News