അവിശ്വാസ പ്രമേയത്തിന് ദയനീയ പരാജയം; 40നെതിരെ 87വോട്ടുകൾ, യുഡിഎഫിൽ വോട്ട്‌ചോർച്ചയും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 87 പേർ എതിർത്തു. ജോസ് കെ മാണി വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വി ഡി സതീശൻ എംഎൽഎയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

ദുർബലമായ ആരോപണങ്ങളുയർത്തിയായിരുന്നു പ്രതിപക്ഷ വാദങ്ങൾ. എട്ട് മണിക്കൂറോളം ചർച്ച നീണ്ടുനിന്നു. പ്രതിപക്ഷം ഉന്നയിച്ച ഓരോ ആരോപണങ്ങളിലും കൃത്യമായ മറുപടിയാണ് എൽഡിഎഫ് അംഗങ്ങൾ നൽകിയത്.

പിന്നീട് മൂന്ന് മണിക്കൂറും 45 മിനിറ്റും നീണ്ടു നിന്ന പ്രസംഗമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. സർക്കാരിന്റെ നേട്ടങ്ങളും പ്രതിപക്ഷ ആരോപണങ്ങളുടെ പൊള്ളത്തരവും വിശദമായി അവതരിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ പ്രധാന ആരോപണങ്ങളിൽ മറുപടി പറയാൻ തുടങ്ങവെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച് പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. താൻ മറുപടി പറയുകയാണെന്നും എന്തുകൊണ്ടാണ് നിങ്ങൾ കേൾക്കാതിരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിട്ടും മറുപടി കേൾക്കാൻ പ്രതിപക്ഷം തയ്യാറായില്ല.

അവിശ്വാസ പ്രമേയത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഓരോ മേഖലകളിലെയും സുപ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി ജനങ്ങൾക്ക് ഈ സർക്കാരിലുള്ള വിശ്വാസം വർധിക്കുകയാണ് ചെയ്തതെന്നും പറഞ്ഞു. ഇനി ജനമധ്യത്തിൽ വെച്ച് കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here