കൊവിഡ് സാമൂഹ്യ വ്യാപനം; ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് ജില്ലയില്‍ പൂർത്തിയായി; ഇന്ന് തൃശൂരില്‍

സംസ്ഥാനത്തെ കൊവിഡ് സമൂഹ്യ വ്യാപനം തിരിച്ചറിയാൻ ഐസിഎംആർ നടത്തുന്ന സിറം സർവ്വേ പാലക്കാട് പൂർത്തിയായി. ഇന്ന് തൃശൂരിലും നാളെ എറണാകുളത്തും വിദഗ്ധ സംഘം സർവ്വേ നടത്തും. സമൂഹ വ്യാപനം കണ്ടെത്താനായി ദേശീയ തലത്തിൽ നടക്കുന്ന രണ്ടാം ഘട്ട സർവ്വേയാണിത്.

ഐ സി എം ആറിൽ നിന്നുള്ള ശാസ്ത്രജ്ഞൻമാരായ ഡോ. വിനോദ് കുമാർ, ഡോ. വിമിത് സി വിൽസൻ എന്നിവരുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് സർവ്വേ നടത്തുന്നത്. പാലക്കാടെത്തിയ സംഘം ജില്ലാ കലക്ടർ ഡി ബാലമുരളിയുമായി കൂടിക്കാഴ്ച നടത്തി.

ഒരു ജില്ലയിൽ പത്തു കേന്ദ്രങ്ങളിലാണ് പരിശോധന. ഓരോ കേന്ദ്രങ്ങളിലും 16 വീടുകൾ തിരഞ്ഞെടുത്ത് മുഴുവൻ അംഗങ്ങളുടെയും സാമ്പിളുകളാണ് ശേഖരിക്കുന്നത്. പാലക്കാട് ജില്ലയിൽ പുതുനഗരം, ഒറ്റപ്പാലം, ചിറ്റൂർ തെക്കേദേശം, മേലാർകോട് കരിമ്പുഴ, ചാലിശ്ശേരി, അഗളി, മങ്കര, തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

ജില്ലയിലെ ഏക ക്ലസ്റ്ററായ പട്ടാമ്പിയിൽ രോഗ വ്യാപനം നിയന്ത്രണ വിധേയമായെന്നും പുതുനഗരം പോലുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കെ പി റീത്ത പറഞ്ഞു. ആദ്യ ഘട്ട സർവ്വേയിൽ സംസ്ഥാനത്ത് 4 പേരിൽ കൊവിഡ് ബാധ കണ്ടെത്തിയുന്നു.

രണ്ടാം ഘട്ട സർവ്വേയിൽ മൂന്ന് ജില്ലകളിൽ നിന്നായി ആകെ 1200 പേരുടെ സാമ്പിളെടുത്താണ് പരിശോധന. രാജ്യത്താകെ 70 ജില്ലകളിലാണ് ഐ സി എം ആർ സർവ്വേ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News