കോണ്‍ഗ്രസിന് അധികാരക്കൊതി; മതനിരപേക്ഷ സര്‍ക്കാരുകളെ തകര്‍ത്ത പാരമ്പര്യമാണ് അവര്‍ക്ക് ഈ നാടും ജനങ്ങളും ഞങ്ങളെ ശരിവയ്ക്കും: മുഖ്യമന്ത്രി

അധികാരത്തിനായി രാജ്യത്തെ മതനിരപേക്ഷ സർക്കാരുകളെ തകർത്ത പാരമ്പര്യമാണ്‌ കോൺഗ്രസിനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ അധികാരക്കൊതിയാണ്‌ എൽഡിഎഫ്‌ സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തിലേക്ക്‌ നയിച്ചത്‌– നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയുടെ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

വി പി സിങ്ങിന്റെ മതനിരപേക്ഷ സർക്കാരിനെ ബിജെപിക്കൊപ്പംനിന്ന്‌ അട്ടിമറിച്ചത്‌ ‌കോൺഗ്രസാണ്‌. ഇതാണ്‌ ബിജെപിക്ക്‌ അവസരമൊരുക്കിയത്‌.

ഇന്ന്‌ ഒന്നോരണ്ടോ സംസ്ഥാനങ്ങളിലേക്ക്‌ കോൺഗ്രസ്‌ ഭരണം ഒതുങ്ങി. കേരളത്തിലും അടുത്ത‌ മുഖ്യ പ്രതിപക്ഷകക്ഷിയാകുമെന്ന്‌ കോൺഗ്രസിന്‌ ഉറപ്പുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇഎംഎസ്‌ മന്ത്രിസഭയെ കോൺഗ്രസ്‌ അട്ടിമറിക്കുമ്പോൾ ആ സർക്കാരിന്‌ നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന്‌ കേന്ദ്രഭരണത്തെ ഉപയോഗിച്ച്‌ അട്ടിമറിച്ചു.

ഇന്ന്‌ കുറുക്കുവഴി തേടുന്നു. മാധ്യമങ്ങളെയും ചില ഏജൻസികളെയും ഉപയോഗിച്ച്‌ പുകമറ സൃഷ്ടിച്ച്‌ സംശയത്തിന്റെ ആനുകൂല്യം പറ്റുകയാണ്‌.

സത്യമെന്ന പ്രതീതി ഉണ്ടാക്കുന്നതുവരെ അസത്യം ആവർത്തിക്കുകയാണ്‌. അതിനായി ഇവന്റ്‌ മാനേജ്മെന്റ്‌ ടീമുകളെ നിയോഗിക്കുന്നു.

അധികാരഭ്രാന്ത്‌ വരുമ്പോൾ മതനിരപേക്ഷതയടക്കമുള്ള മൂല്യങ്ങളെപ്പോലും കോൺഗ്രസ്‌ മറക്കുന്നു. അയോധ്യ ഒരുകൂട്ടർക്ക്‌ മാത്രമായി തുറന്നുകൊടുത്തതും ശിലാന്യാസവും കർസേവയും അനുവദിച്ചതും കോൺഗ്രസാണ്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്തപ്പോൾ നിഷ്‌ക്രിയത്വംകൊണ്ട്‌ കാർമികത്വം വഹിച്ചതും കോൺഗ്രസാണ്‌.

ബിജെപിയുടെ ബി ടീമായി അവർ മാറി. ബിജെപിയുമായി ചേർന്നുനിൽക്കുന്നതിൽ കോൺഗ്രസിന്‌ പ്രത്യേക മമതയുണ്ട്‌. അതിനെ വിമർശിക്കുന്നതിനു പകരം കോൺഗ്രസുമായി ചേർന്നുനിൽക്കാനാണ്‌ ലീഗിനും താൽപ്പര്യം. ജാതി മത സമുദായ ഭേദമന്യേ പൊതുസമൂഹം കോൺഗ്രസിന്റെ മതനിരപേക്ഷ വിരുദ്ധത തിരിച്ചറിയും.

അധികാരക്കൊതി കാരണം കമ്യൂണിസ്‌റ്റ്‌ വിരുദ്ധതയുടെ വിശാലമായ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്‌. ലീഗിൽ ജമാഅത്തെ ഇസ്ലാമി വകയായ ഇസ്ലാമികവൽക്കരണവും കോൺഗ്രസിൽ ആർഎസ്‌എസ്‌ വകയായ ഹിന്ദുത്വവൽക്കരണവും നടക്കുന്നു. ഇവരെല്ലാം ജനാധിപത്യവിരുദ്ധ പ്ലാറ്റ്‌ഫോമിൽ ഒന്നിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസും എൽഡിഎഫ്‌ സർക്കാരിനെ ഒന്നിച്ചെതിർക്കുകയാണ്‌.

ചില മാധ്യമങ്ങൾ ഒരുക്കുന്ന പട്ടുമെത്തയിലാണ്‌ അവിശുദ്ധ ബാന്ധവം. അതിന്റെ ഉൽപ്പന്നമാണ്‌ അവിശ്വാസപ്രമേയം. ഇവർ അനുകൂലിച്ചെങ്കിൽ സർക്കാരിന്‌ എന്തെങ്കിലും തെറ്റുപറ്റിയേനെ എന്ന്‌ കരുതുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഞങ്ങൾക്ക്‌ പ്രധാനം ജനങ്ങളാണ്‌. അവരുടെ വിശ്വാസമാണ്‌ പ്രധാനം. ഞങ്ങൾ ജനങ്ങളിൽനിന്ന്‌ വന്നവരാണ്‌. അവരിലേക്ക്‌ തന്നെയാണ്‌ ഇറങ്ങുന്നത്‌.

ജനങ്ങളും നാടും ഞങ്ങളെ ശരിവയ്‌ക്കും. അധാർമികമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർക്ക്‌ അർഹമായ നിലപാട്‌ ജനങ്ങളിൽനിന്നുണ്ടാകുമെന്നതിൽ സംശയമില്ല. ബാക്കി നമുക്ക്‌ ജനമധ്യത്തിൽ വന്ന്‌ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here