സെക്രട്ടറിയേറ്റിലെ തീപിടിത്തം മറയാക്കി തലസ്ഥാനത്ത് കലാപത്തിന് കോപ്പുകൂട്ടി യുഡിഎഫും ബിജെപിയും

സെക്രട്ടറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ തീപിടിച്ചതിന്റെ മറവിൽ കലാപത്തിന്‌ ബിജെപി–- കോൺഗ്രസ്‌ സംയുക്ത നീക്കം. ‌ചൊവ്വാഴ്‌ച വൈകിട്ട്‌ നാലേമുക്കാലോടെയാണ്‌ നോർത്ത്‌ സാൻഡ്‌വിച്ച്‌ ബ്ലോക്കിലെ പൊതുഭരണ വകുപ്പിന്‌ കീഴിലുള്ള പ്രോട്ടോകോൾ പൊളിറ്റക്കൽ വിഭാഗത്തിൽ തീകണ്ടത്‌.

നിമിഷങ്ങൾക്കകം ഫയർഫോഴ്‌സെത്തി തീയണച്ചു. കോവിഡ്‌ അണു നശീകരണത്തിന്‌ എത്തിയ സംഘം പഴയഫാൻ പ്രവർത്തിപ്പിച്ച്‌ ഓഫാക്കാതെ പോയതാണ്‌ അപകടത്തിന്‌ കാരണമായതെന്ന്‌ അറിയുന്നു.

സംഭവത്തിനായി കാത്തുനിന്നപോലെ മിനിറ്റുകൾക്കകം സെക്രട്ടറിയറ്റിനകത്ത്‌ അതിക്രമിച്ച്‌ കയറിയ ബിജെപി നേതാവ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തെളിവ്‌ നശിപ്പിക്കാൻ ശ്രമിച്ചു. ഫോറൻസിക്‌ പരിശോധനയടക്കം നടത്തേണ്ട സ്ഥലത്താണ്‌ ഇവർ അതിക്രമിച്ച്‌ കയറാൻ ശ്രമിച്ചത്‌.

പൊലീസുകാരെ ബിജെപി ജില്ലാ പ്രസിഡന്റ്‌‌ വി വി രാജേഷിന്റെ നേതൃത്വത്തിൽ മർദിക്കാനും ശ്രമിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവടക്കമുള്ളവരും സ്ഥലത്തെത്തി ഭീതി പരത്തി. കോവിഡ്‌ പ്രോട്ടോകോൾ ലംഘിച്ച്‌ നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയതോടെ ചീഫ്‌ സെക്രട്ടറി നേരിട്ടെത്തി ഇവരെ സെക്രട്ടറിയറ്റ്‌ വളപ്പിൽനിന്ന്‌ മാറ്റി.

ഗസ്‌റ്റ്‌ഹൗസുകളിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട അപ്രധാനമായ ചില ഫയലുകൾക്കാണ്‌ തീപിടിച്ചത്‌. ഇതിനെ‌ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ‌ തീയിട്ട്‌ നശിപ്പിച്ചുവെന്ന കള്ളക്കഥ മിനിറ്റുകൾക്കകം ബിജെപി, യുഡിഎഫ്‌ നേതാക്കൾ പ്രചരിപ്പിച്ചു‌.

പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ അഞ്ച്‌ സെക്‌ഷൻ ഓഫീസർമാരാണുള്ളത്‌. ഗസ്‌റ്റ്‌ ഹൗസുകളുടെ ബുക്കിങ്‌‌ കൈകാര്യം ചെയ്യുന്ന സെക്‌ഷനിലാണ്‌ തീപടർന്നത്‌‌. ഈ സീറ്റിലെ ഉദ്യോഗസ്ഥൻ ക്വാറന്റൈനിലായിരുന്നു. തീ പിടിച്ചയുടൻ ഫയർഫോഴ്‌സ്‌ ഓഫീസിലെത്തി.

അപ്പോഴേക്കും ഷെൽഫിലുണ്ടായിരുന്ന ഏതാനും പേപ്പറുകളും കത്തി. ഡൽഹി കേരള ഹൗസ്‌ അടക്കം ബുക്ക്‌ ചെയ്യുന്നതിന്റെ അപേക്ഷയും അനുവദിച്ചതിന്റെ ഉത്തരവുമാണ്‌ കത്തിയത്‌.

മന്ത്രിമാരുടെ പ്രോട്ടോകോളുമായി ബന്ധപ്പെട്ട ചില രേഖകളും ഇതിലുണ്ട്‌. എന്നാൽ, സുപ്രധാനമായ ഒരു ഫയലും കത്തിയില്ല. സെക്രട്ടറിയറ്റിൽ 95 ശതമാനത്തിലേറെയും ഇ ഫയലിങ്‌‌ ആയതിനാൽ രേഖകളൊന്നും നഷ്‌ടമാകില്ല‌.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here