കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ തലപ്പത്തേക്ക് ചെയർമാനായി എം കെ ദിനേശ് ബാബു

ബീഡി വ്യവസായം പ്രതിസന്ധിയിൽ ആണെങ്കിലും കണ്ണൂരിൽ ഇപ്പോഴും നിരവധി കുടുംബങ്ങളുടെ അന്നമാണ് ബീഡി തൊഴിൽ. ബീഡി തൊഴിലാളി ഗ്രാമമായ വെള്ളൂരിൽ നിന്നും ഒരാൾ കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ തലപ്പത്ത് എത്തിയതിനെ പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച എം കെ ദിനേശ് ബാബുവാണ് ചെയർമാൻ സ്ഥാനത്ത് എത്തിയത്.

ഒരു കാലത്ത് 42000 തൊഴിലാളികൾ ജോലി ചെയ്തിരുന്ന ലോകത്തിന് തന്നെ മാതൃകയായ സഹകരണ പ്രസ്ഥാനമായിരുന്നു കേരള ദിനേശ്. ബീഡി വ്യവസായം പ്രതിസന്ധിയിൽ ആയതോടെ തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക് ആരംഭിച്ചു.എങ്കിലും ആറായിരത്തോളം തൊഴിലാളികൾ ഇപ്പോഴും ദിനേശിനെ ആശ്രയിച്ചു കഴിയുന്നു.

ഒരു കാലത്ത് നിരവധി ബീഡി തൊഴിലാളികൾ ഉണ്ടായിരുന്ന ഗ്രാമമാണ് വെള്ളൂർ.ബീഡി തൊഴിലാളികളുടെ സ്പന്ദനം അറിയുന്ന ഈ നാട്ടിൽ നിന്നാണ് ദിനേശിന്റെ തലപ്പത്തേക്ക് ചെയർമാനായി എം കെ ദിനേശ് ബാബു എത്തുന്നത്.

തൊഴിലാളികൾക്ക് വേണ്ടി ആരംഭിച്ച ദിനേശ് പ്രസ്ഥാനത്തിന് തൊഴിലാളി ക്ഷേമം തന്നെയാണ് പ്രധാന പരിഗണന.ഒപ്പം പുതിയ വിപണി കണ്ടെത്തിയും കൂടുതൽ വൈവിധ്യ വൽക്കരണത്തിലേക്ക് നീങ്ങിയും സ്ഥാപനത്തിന്റെ വളർച്ചയും ലക്ഷ്യമിടുന്നു.

നിലവിൽ അപ്പാറൽസ്, കുട നിർമാണം,ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ നിർമാണം,ഹോട്ടൽ,ഐ ടി തുടങ്ങി വിവിധ മേഖലകളിൽ ദിനേശ് ചുവടുറപ്പിച്ച് കഴിഞ്ഞു. എം കെ ദിനേശ് ബാബുവിന്റെ നേതൃത്വത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് ദിനേശിനെ എത്തിക്കാൻ തൊഴിലാളികളും സജ്ജമായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here