പെരിയ കേസ്; സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി

പെരിയ കേസിൽ സിപിഐഎമ്മിന് എതിരായ സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ഡിവിഷൻ ബെഞ്ച് റദ്ധാക്കി. സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ചിന്റെ നടപടി.

ക്രൈംബ്രാഞ്ചിൻ്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ചിന്റെ നടപടിയും ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് പരാമർശങ്ങൾ ആയുധമാക്കിയവർക്കുള്ള മറുപടിയാവുകയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ.

സുപ്രീം കോടതി വിധിന്യായങ്ങൾ ഉദ്ധരിച്ചാണ്ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് സി റ്റി രവികുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ നടപടികൾ റദ്ധാക്കിയത്. കേസ് ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോടതി നിഗമനങ്ങളിലെത്തുകയോ അഭിപ്രായപ്രകടനം നടത്തുകയോ ചെയ്യരുതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.

കൊലപാതകത്തിൽ സിപിഐ എമ്മിന്‌ പങ്കുണ്ടെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ പരാമർശം. ഇത് നിയമപരമല്ലാത്തതിനാൽ സിംഗിൾ ബെഞ്ചിന്റെ ഇത്തരം പരാമർശങ്ങളും നിഗമനങ്ങളും ചീഫ് ജസ്റ്റിസ് റദ്ധാക്കി.

കേസ് അന്വേഷണം ശരിയായ ദിശയിലാണോ എന്നത് പരിശോധിക്കാൻ മാത്രമേ കേസ് ഡയറിയിലെ വിവരങ്ങളെ അശ്രയിക്കാവൂ എന്നോർമിപ്പിച്ച കോടതി ഹർജിഭാഗത്തിന്റെ ആരോപണങ്ങൾ മാത്രമാണിതെന്നും വ്യക്തമാക്കി.

നിഗമനത്തിലെത്തിച്ചേരാൻ കേസ് ഡയറിയിലെ പരാമർശങ്ങളല്ല ശക്തമായ തെളിവുകളാണ് ആവശ്യം. പോലിസ് സമർപ്പിക്കുന്ന റിപ്പോർട്ട് തെളിവല്ല മറിച്ചു അന്വേഷണത്തിന്റെ വിശദാംശങ്ങൾ മാത്രമാണ്.. തെളിവുകളെ ആശ്രയിച്ച് മാത്രമേ കണ്ടെത്തലുകളും നിഗമനങ്ങളും പാടുള്ളൂ.

കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി പീതാംബരൻ പാർട്ടി ഓഫിസിലെത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സി.പി.എമ്മിന് പങ്കുണ്ടന്ന നിഗമനത്തിൽ സിംഗിൾ ബഞ്ചിന് എത്തിച്ചേരാനാവില്ലന്നും ഡിവിഷൻ ബഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കി.

സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് സി പി ഐ എം നെതിരെ സിംഗിൾ ബഞ്ച് നടത്തിയ ഈ പരാമർശങ്ങൾ രാഷ്ട്രീയ എതിരാളികൾ വലിയ ആയുധമാക്കിയിരുന്നു . ഹർജിക്കാരുടെ ആരോപണങ്ങൾ അതേപടി ആവർത്തിച്ച സിംഗിൾ ബഞ്ചിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് കൂടി ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയതോടെ അരോപണങ്ങളുടെ മുനയൊടിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here