മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിൽ പങ്കാളിയായി മലയാളി ഹെൽപ്പ് ഡെസ്ക്

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിന് സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്താനും പ്ലാസ്മാ ദാതാക്കളെ കണ്ടെത്തിക്കൊടുക്കുന്നതിനുമായി മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാരാഷ്ട്രാ മലയാളി ഹെല്‍പ് ഡെസ്‌കിന് അനുമതി ലഭിച്ചു.

കൊറോണ പൊട്ടിപുറപ്പെട്ടതിനെ തുടർന്നുണ്ടായ ദുരിതകാലത്ത് നഗരത്തിന് കൈത്താങ്ങായി പ്രവർത്തിക്കുന്നതിൽ സജീവമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ കൈകോർത്ത ഈ വാട്ട്സപ്പ് കൂട്ടായ്മ.

ഇതിനകം മഹാരാഷ്ട്രയിലുടനീളം ആയിരത്തിലധികം കോവിഡ് രോഗികള്‍ക്ക് കൗണ്‍സലിങ്ങും ആശുപത്രി പ്രവേശനമടക്കമുള്ള സഹായങ്ങളും കൂടാതെ അതീവ സാമ്പത്തിക പ്രതിസന്ധി നേരിട്ടവർക്ക് ധനസഹായവും നൽകിയാണ് മഹാരാഷ്ട്ര മലയാളി ഹെല്‍പ് ഡെസ്‌ക് മാതൃകയായത്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്ലാസ്മാ ചികിത്സയ്ക്കായി രൂപപ്പെടുത്തിയ പദ്ധതിയാണ് പ്രോജക്ട് പ്‌ളാറ്റിന. ഇതിന്റെ നോഡല്‍ ഓഫീസായി പ്രവര്‍ത്തിക്കുന്നത് നാഗ്പൂര്‍ ഗവ. മെഡിക്കല്‍ കോളജാണ്. മഹാരാഷ്ട്ര ആരോഗ്യന്ത്രിക്ക് മഹാരാഷ്ട്ര മലയാളി ഹെല്‍പ് ഡെസ്‌ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പ്രോജക്ട് പ്‌ളാറ്റിനയുടെ ഭാഗമാകാന്‍ അനുമതി ലഭിച്ചത്.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും പലപ്രദമായി നടപ്പാക്കുന്ന ചികിത്സയാണ് പ്ലാസ്മാ ട്രാന്‍സ്പ്‌ളാന്റ്. എന്നാൽ ഇതിനായി വേണ്ട ഡോണര്‍മാരെ കണ്ടെത്തുന്നതിന് പലപ്പോഴും സാധിക്കുന്നില്ല.

ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് പ്രധാന കാരണം. ഇതിനായി സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തി ഇതിനകം രണ്ടു ബോധവല്‍കരണ വീഡിയോകള്‍ മഹാരാഷ്ട്രാ മലയാളി ഹെല്‍പ് ഡെസ്‌ക് പുറത്തിറക്കിയിരുന്നു. ഒപ്പം ഈ വിഷയത്തില്‍ കൂടുതല്‍ അറിവു പകരുന്നതിനായി വെബിനാറുകളും നടത്തി.

രോഗവിമുക്തരായവരെ കണ്ടെത്തി ബോധവല്‍ക്കരണത്തിലൂടെ പ്ലാസ്മാ ദാനത്തിന്റെ ഭാഗമാക്കുവാനുള്ള പ്രയത്‌നത്തിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തകര്‍. പ്ലാസ്മാ ദാനമെന്നാല്‍ രക്തദാനം തന്നെയാണ് എന്ന ബോധം രോഗവിമുക്തരിലുണ്ടാക്കാന്‍ സാധിച്ചാല്‍ തന്നെ മഹാരാഷ്ട്രയുടെ പ്രതിസന്ധിക്ക് വലിയൊരളവില്‍ ആശ്വാസമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ദരും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News