ഇന്ന് മഹാത്മ അയ്യന്‍കാളിയുടെ 157 മത് ജന്‍മദിനം

മനുഷ്യവിമോചകനും നവോത്ഥാന നായകനുമായ മഹാത്മ അയ്യന്‍കാളിയുടെ 157 മത് ജന്‍മദിനമാണ് ഇന്ന് .ഒരേ സമയം പ്രക്ഷോഭകനും, അതേ സമയം അധസ്ഥിതരുടെ പ്രവാചകനുമായ അയ്യന്‍കാളിയെ ഒാര്‍ക്കുന്നത് പോലും നവോത്ഥാന പ്രവര്‍ത്തനമാണ്.

കാലം ചെല്ലുത്തോറും ഉലയില്‍ ഉൗതി കാച്ചിയ പൊന്ന് പോലെ ജ്വലിക്കുന്ന ആ നവോത്ഥാന നായകന്‍റെ ജീവിതവിഥികളെ അടയാളപ്പെടുത്തുന്നത് അത് കൊണ്ട് തന്നെ ഒരു സാസ്കാരിക പ്രവര്‍ത്തനമാകുന്നു.


നായും നരിയും നടക്കുന്ന വ‍ഴികളില്‍ നരനായി ജനിച്ച് പോയത് െകാണ്ട് മാത്രം വ‍ഴി നടക്കാന്‍ സ്വാതന്ത്രം ഇല്ലാതിരുന്ന അടിയാളരുടെ കഥ ചരിത്രത്തില്‍ ചാരം മൂടി കിടപ്പുണ്ട് .

ചവിട്ടി നോക്കിയാല്‍ ആ ചാരത്തിന് താ‍ഴെ ഇന്നും കാല് പൊളളുന്ന കനലിന്‍റെ ചൂട് തൊട്ടറിയാം. പ്രഭുക്കന്‍മാര്‍ക്ക് മാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത് വില്ലുവണ്ടി വിലക്ക് വാങ്ങി പൊതുനിരത്തിലൂടെ സഞ്ചരിച്ച അയ്യന്‍കാളിക്ക് സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന പേരിനേക്കാള്‍ ചേരുക വിപ്ലവകാരി എന്ന വിളിപേരാവും.

മടവരമ്പ് മുറിഞ്ഞ് പോയാല്‍ പുലയനെ ചേറ്റില്‍ ചവുട്ടി താ‍ഴ്ത്തി വരമ്പ് ഉറപ്പിക്കുന്ന കാലത്താണ് ദളിതനായ അയ്യന്‍കാളി ഒരു കൊല്ലത്തോളം തിരുവതാകൂറിലെ ആദ്യത്തെ കര്‍ഷക തൊ‍ഴിലാളി സമരം നടത്തിയത്. പഞ്ചമി എന്ന ദളിത് ബാലിക പഠിക്കാന്‍ ചേര്‍ന്ന ഉരുട്ടമ്പലത്തിലെ സ്കൂളിന് തീ വെച്ച ജന്‍മിമാര്‍ ഒടുവില്‍ തോറ്റു.

ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പാട്ത്ത് മട്ടി പുല്ല് വിളയും എന്നത് ഒരു തെരുവ് പ്രസംഗം ആയിരുന്നില്ല. പറഞ്ഞത് പലതും പ്രവര്‍ത്തികമാക്കിയിട്ടുണ്ട് അടിയാളരുടെ പെരുമന്‍ അയ്യങ്കാളി.സ്വന്തം ജീവിതം കൊണ്ട് വര്‍ണ്ണശാസനകളെ വെല്ലുവിളിച്ച അയ്യന്‍കാളിയുടെ സ്ഥാനം ലോകത്തെ തന്നെ കീ‍ഴ് മേല്‍മറിച്ച പ്രക്ഷോഭകാരികള്‍ക്ക് നടുവിലാണ് .

എനിക്കൊരു സ്വപ്നം ഉണ്ടെന്ന് മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് പ്രഖ്യാപിക്കുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്‍റെ സ്വപ്നം മഹാത്മഗാന്ധിയോട് അയ്യന്‍കാളി തുറന്ന് പറഞ്ഞിട്ടുണ്ട്. എന്‍റെ സമൂദായത്തിലെ പത്ത് ബിഎ കാരെ കണ്ടിട്ട് എനിക്ക് മരിച്ചാല്‍ മതിയെന്ന സ്വപ്നം അയ്യങ്കാളിയുടെ ജീവിതകാലത്ത് സ്വപ്നമായി മാത്രം അവശേഷിച്ചെങ്കില്‍ ഇന്നതൊരു മിത്തോ മിഥയോ അല്ല.

അടിമത്വത്തിന്‍റെ അടയാളമായ കല്ലുമാല അറുത്തെറിയാന്‍ ഉളള അയ്യാന്‍കാളിയുടെ ആഹ്വാനം സവര്‍ണ്ണ പ്രഭുക്കന്‍മാരെ ചൊടിപ്പിച്ചുവോ എന്നറിയാന്‍ ചരിത്രത്തിന്‍റെ താളുകള്‍ മൃദുവായി ഒന്ന് മറിച്ച് നോക്കിയാല്‍ മതി.

ജാതിയില്‍ താണവന്‍റെ പെണ്ണിന് മാറ് മറക്കാന്‍ അവകാശം ഇല്ലാതിരുന്ന വിചിത്രമായ ആചാരം പണ്ടീ തിരുവതാകൂറില്‍ ഉണ്ടായിരുന്നുവെനത് അല്‍പ്പം ആത്മനിന്ദയോടെ മാത്രമേ നമ്മുക്ക് ഇന്ന് ഒാര്‍ക്കാന്‍ ക‍ഴിയു.

അയ്യന്‍കാളിയുടെ തലയെടുപ്പിനെ വൈകിയെങ്കിലും തിരുവതാകൂറിന്‍റെ ഭരണധാകാരികള്‍ക്ക് അംഗീകരിക്കേണ്ടി വന്നു, കരം തീര്‍ക്കുന്നവര്‍ക്ക് മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്ത് അന്നത്തെ നിയമസഭയായ ശ്രീമൂലം പ്രജാസഭയില്‍ അയ്യന്‍കാളി അംഗമാകുമ്പോള്‍ ചേറില്‍ ചവിട്ടിതാ‍ഴ്ത്തപ്പെട്ട ചെറുമന്‍റെ ചുണ്ടിലെവിടെയെങ്കിലും ഒരു പുഞ്ചിരി വിരിയാതെ ഇരിന്നുട്ടുണ്ടാവില്ല

വ‍ഴിനടക്കാനും തുണിയുടുക്കാനും വേണ്ടി നടന്ന പ്രക്ഷോഭങ്ങള്‍ നവോത്ഥാനചരിത്രത്തിലെ തീ പിടിച്ച അധ്യായമാണ്. ചേറിലും ചേറ്റിലും പണിയെടുത്ത് കറുത്ത് പോയ മനുഷ്യരുടെ മുന്നില്‍ ശ്രീകോവിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെങ്കില്‍ അയ്യന്‍കാളി അടക്കമുളള നവോത്ഥാന പ്രവാചകരുടെ നിതാന്തമായ പ്രക്ഷോഭങ്ങളുടെ വേലിയേറ്റം ഒന്ന് കൊണ്ട് മാത്രമാണ്.

ഒരു പരിവേഷകനും നിഷേധിക്കാന്‍ ക‍ഴിയാത്ത നിരന്തരസമരങ്ങളുടെ ആര്‍ത്തനാദങ്ങള്‍ കൊണ്ട് മുഖരിതമാണ് ആധുനിക തിരുവതാകൂറിന്‍റെ ഭൂതകാലം. വെങ്ങാന്നൂര്‍ എന്ന കുഗ്രാമത്തില്‍ നിന്ന് ലോകത്തിന്‍റെ ഏതെക്കയോ കോണുകളിലേക്ക് വണ്ടികയറി പോയ ധീരതയുടെയും നവേത്ഥാനത്തിന്‍റെയും സമാനതകള്‍ ഇല്ലാത്ത മനുഷ്യ സ്നേഹത്തിന്‍റെയും മറുപേരാണ് അയ്യന്‍കാളി.

ലോകതൊ‍ഴിലാളി വര്‍ഗ്ഗത്തിന്‍റെ സൈദ്ധാന്തിക സമരരൂപരേഖയായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്‍റെ സുദീര്‍ഘമായ ജീവിതത്തില്‍ ഒരിക്കലും അയ്യന്‍കാളി വായിച്ചിരിക്കാന്‍ ഇടയില്ല, പക്ഷെ ചൂഷണരഹിതമായ ലോകം കെട്ടിപ്പെടുക്കന്‍ ഉളള അയ്യന്‍കാളിയുടെ വിമോചന വിപ്ലവം എവിടെയൊക്കയോ ആ പുസ്തകം ഉയര്‍ത്തിയ ആദര്‍ശത്തോട് യോജിക്കുന്നുണ്ട്.

വെളുത്ത മനുഷ്യന്‍ കറുത്ത മനുഷ്യനെ തീണ്ടപാടകലെ നിര്‍ത്തുന്ന ഒരു ഇതിഹാസ കാവ്യത്തോടും വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ അയ്യന്‍കാളി സമരസപ്പെട്ടതായി ചരിത്രമില്ല. അത് കൊണ്ട് തന്നെ അന്നോളം എ‍ഴുതിപഠിച്ച എല്ലാ മനുസ്മൃതികളുടെയും നിരാസത്തെ നമ്മുക്ക് അയ്യന്‍കാളി എന്ന് വിളിക്കാം.

ശ്രീനാരായണ ഗുരുവും, അയ്യന്‍കാളിയും ,ചട്ടമ്പിസ്വാമികളും എല്ലാം തുടങ്ങിവെച്ച നവോത്ഥാനത്തിന്‍റെ പതാക പിന്നീട് ഏറ്റുവാങ്ങിയത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആയിരുന്നുവെന്നത് ഇന്ന് ചിലരൊക്കെ അമര്‍ത്തി തുടക്കാന്‍ ശ്രമിക്കുന്ന സത്യമാണ് .

ആധുനിക അമേരിക്കയുടെ അസ്ഥിതത്വത്തിന് നേരെ വിരല്‍ ചൂണ്ടി നിള്‍ക്കുന്ന ജോര്‍ജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍റെ രക്തസാക്ഷ്യം നമ്മോട് പറയുന്നു ഇല്ല ഈ ലോകം മാറിയിട്ടില്ലെന്ന്.

വിവേചന വിരുദ്ധസമരം അതിന്‍റെ പുതിയ പ്രവാചകരെയും കൊടിയേന്താന്‍ പുതിയ പ്രക്ഷോഭകരേയും തേടുന്ന ഈ ആധുനിക ലോകത്തിലും അസാനിധ്യം കൊണ്ട് സാനിധ്യമറിയിക്കുകയാണ് മഹാത്മ അയ്യന്‍കാളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News