തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതു സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ അനില്‍ നമ്പ്യാര്‍ നിര്‍ദ്ദേശിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിട്ട പ്രതികളുടെ മൊഴിപകര്‍പ്പുകള്‍ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ ഇതേ നിലപാട് സ്വീകരിച്ചിട്ടുള്ളത് കേന്ദ്രവിദേശ സഹമന്ത്രി വി മുരളിധരനാണ്.
നയതന്ത്ര ബാഗേജാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും വ്യക്തമാക്കിയിട്ടും നിലപാട് മാറ്റാന്‍ മുരളീധരന്‍ തയ്യാറാകത്തതും ശ്രദ്ധേയം. പ്രതികള്‍ക്ക് പരോക്ഷ നിര്‍ദ്ദേശം നല്‍കുകയാണോ മുരളീധരന്‍ ചെയ്യുന്നതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ് പുറത്തു വന്ന മൊഴിപകര്‍പ്പുകള്‍ ചെയ്യുന്നത്.
ശരിയായ അന്വേഷണം നടന്നാല്‍ പലരുടെയു നെഞ്ചിടിപ്പ് കൂടുമെന്ന കാര്യം ഇപ്പോള്‍ കൂടുതല്‍ ശരിയായിരിക്കുന്നു. ഈ കേസിലെ പ്രധാന പ്രതിയായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനാണ്. ജനം ടിവി കോ- ഓര്‍ഡിനേറ്റിംഗ് എഡിറ്ററുടെ ബന്ധം കുടി പുറത്തു വന്നതോടെ ഇതു സംബന്ധിച്ച് നിലപാട് വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന് കൈകഴുകാനാവില്ല. ജനം ടി.വിക്ക് ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണം വഴി ജനങ്ങളെ പറ്റിക്കാനുള്ള ശ്രമം വിലപ്പോവില്ല.
ചോദ്യം ചെയ്യല്‍ കഴിഞ്ഞയുടന്‍ തന്നെ അനില്‍ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക് എന്തോ മറച്ചു വെയ്ക്കാനുണ്ടെന്ന് വ്യക്തം. രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ പുറത്തു വന്ന ബിജെപി ബന്ധത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആ പാര്‍ടിയുടെ നേതൃത്വം തയ്യാറാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.