കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് വീണ്ടും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള അനുമതി നല്‍കി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ലോക്ഡൗണിന്റെ പ്രാരംഭ ഘട്ടത്തില്‍ 1000 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സപ്ലൈകോ വഴി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തിരുന്നു. ഭൂരിഭാഗം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും തൊഴില്‍പരമായ പ്രതിസന്ധി നേരിടുന്നുണ്ട്. സ്വന്തമായി ജീവനോപാധി കണ്ടെത്താന്‍ കഴിയാത്ത അടിയന്തര സാഹചര്യം പരിഗണിച്ചാണ് രണ്ടാംഘട്ടമായും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
ആവശ്യമായ ഭക്ഷ്യ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ഒരാള്‍ക്ക് 700 രൂപയുടെ ഭക്ഷ്യധാന്യ കിറ്റാണ് നല്‍കുന്നത്. ഇതിനായി 7 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സാമൂഹ്യനിതി വകുപ്പ് നല്‍കിയ ഐഡി കാര്‍ഡുള്ള, ഐഡി കാര്‍ഡിന് സ്‌ക്രീനിംഗ് പ്രക്രിയ പൂര്‍ത്തീകരിച്ച, ഐഡി കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച 1000 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായിരിക്കും കിറ്റ് ലഭിക്കുക.
സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴിയാകും ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ഭക്ഷണ കിറ്റുകള്‍ അതത് ജില്ലാതല ജസ്റ്റിസ് കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ വിതരണം ചെയ്യുന്നതിന് ജില്ലാതല സാമൂഹ്യനീതി ഓഫീസറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.