ബിജെപിക്ക്‌ എന്തോ മറയ്‌ക്കാനുണ്ട്‌, വി മുരളീധരൻ പ്രതികൾക്ക്‌ നിർദേശം നൽകിയെന്ന്‌ സംശയം ബലപ്പെടുന്നു: സിപിഐഎം

രാജ്യദ്രോഹക്കുറ്റം ചുമത്തിയ സ്വർണക്കടത്ത്‌ കേസിൽ ബിജെപി ചാനലായ ജനം ടിവിയുടെ കോ– ഓർഡിനേറ്റിങ്‌‌ എഡിറ്റർ അനിൽ നമ്പ്യാരെ കസ്റ്റംസ്‌ ചോദ്യം ചെയ്‌തതു സംബന്ധിച്ച്‌ പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

കള്ളക്കടത്ത്‌ നടന്നത്‌ നയതന്ത്ര ബാഗേജല്ലെന്നു പറയാൻ അനിൽ നമ്പ്യാർ നിർദേശിച്ചതായി പ്രതികളുടെ മൊഴിപ്പകർപ്പുകൾ വ്യക്തമാക്കുന്നു. ഈ കേസിന്റെ തുടക്കം മുതൽ ഇതേ നിലപാട്‌ സ്വീകരിച്ചത്‌ കേന്ദ്രവിദേശ സഹമന്ത്രി വി മുരളീധരനാണ്‌.

നയതന്ത്ര ബാഗേജാണെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും എൻഐഎയും വ്യക്തമാക്കിയിട്ടും മുരളീധരൻ നിലപാട്‌ മാറ്റിയില്ല. പ്രതികൾക്ക്‌ പരോക്ഷ നിർദേശം നൽകുകയാണോ മുരളീധരൻ ചെയ്‌തതെന്ന സംശയം ശക്തിപ്പെടുത്തുന്നതാണ്‌ പുറത്തുവന്ന മൊഴിപ്പകർപ്പുകൾ‌.

ശരിയായ അന്വേഷണം നടന്നാൽ പലരുടെയും നെഞ്ചിടിപ്പ്‌ കൂടുമെന്ന കാര്യം ഇപ്പോൾ കൂടുതൽ വ്യക്തമായി. കേസിലെ പ്രധാന പ്രതിയായ സന്ദീപ്‌ നായർ ബിജെപി പ്രവർത്തകനാണ്‌. ജനം ടിവി കോ– ഓർഡിനേറ്റിങ്‌‌ എഡിറ്ററുടെ ബന്ധംകൂടി പുറത്തുവന്നതോടെ ഇതു സംബന്ധിച്ച്‌ നിലപാട്‌ വ്യക്തമാക്കാതെ ബിജെപി നേതൃത്വത്തിന്‌ കൈകഴുകാനാകില്ല.

ജനം ടിവിക്ക്‌ ബിജെപിയുമായി ബന്ധമില്ലെന്ന നുണ പ്രചാരണംവഴി ജനങ്ങളെ പറ്റിക്കാനാകില്ല. ചോദ്യം ചെയ്യൽ കഴിഞ്ഞയുടൻ തന്നെ അനിൽ നമ്പ്യാരെ തള്ളിപ്പറഞ്ഞതോടെ ബിജെപിക്ക്‌ എന്തോ മറച്ചുവയ്‌ക്കാനുണ്ടെന്ന്‌ വ്യക്തം.

ഇക്കാര്യത്തിൽ നിലപാട്‌ വ്യക്തമാക്കാൻ ആ പാർടിയുടെ നേതൃത്വം തയ്യാറാകണമെന്ന്‌ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News