കൊവിഡ് പ്രതിസന്ധിക്കിടയിലും സാധ്യമായ സഹായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു; ആഘോഷങ്ങള്‍ കൊവിഡ് വ്യവസ്ഥ പാലിച്ച് വേണമെന്നും മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധിക്കിടയിലും സാധ്യമായ സഹായങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നും ആഘോഷങ്ങള്‍ കൊവിഡ് വ്യവസ്ഥ പാലിച്ച് വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസാധാരണമായ ഒരുലോകസാഹചര്യമാണ് നിലവിലുള്ളത്.

ആ ഘട്ടത്തിലാണ് തിരുവോണം എത്തുന്നത്. അതിനാൽ തന്നെ അസാധാരണമാം വിധം മ്ലാനമായ അന്തരീക്ഷത്തെ മുറിച്ചു കടക്കാൻ നമ്മുക്ക് കഴിയും എന്ന പ്രത്യാശ പടർത്തി കൊണ്ടാവാണം ഇക്കുറി ഓണാഘോഷം. ഓണം വലിയ പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂലസാഹചര്യത്തിനും അപ്പുറം അനുകൂലമായ ഒരു കാലമുണ്ടെന്ന പ്രതീക്ഷ ഭാവിയെ കൂടി പ്രസക്തമാക്കുന്ന സങ്കൽപമാണ്. മാനുഷരെല്ലാം ഒന്നിച്ചുണ്ടായിരുന്ന കാലം പണ്ട് ഉണ്ടായിരുന്നുവെന്ന് ഓണം നമ്മെ പഠിപ്പിക്കുന്നു.

എല്ലാ മനുഷ്യരും ഒരുമയിലും സ്നേഹത്തിലും സമൃദ്ധിയിലും കഴിയുന്ന കാലം ഉണ്ടാവും എന്ന പ്രതീക്ഷയിൽ പ്രയത്നിക്കുന്ന എല്ലാവർക്കും ഊർജ്ജം നൽകുന്നതാണ് ആ സങ്കൽപം. ഓണത്തിന് ഒന്നിച്ചിരുന്ന് ഉണ്ണുന്നതും ഓണത്തിന് ഒത്തുകൂടുന്നതും മലയാളിയുടെ ശീലമാണ്. ലോകത്തെവിടെ നിന്നും ഓണത്തിന് വീട്ടിലെത്തുന്നതാണ് മലയാളിയുടെ ശീലം

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കും പ്രയാസങ്ങൾക്കും ഇടയിൽ ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാൻ സർക്കാരിനായി. എല്ലാ വേർതിരിവുകൾക്കും അതീതരായി എല്ലാവരും ഒന്നിച്ചു കഴിയുന്ന നല്ല നാളേയ്ക്കുള്ള പ്രചോദനമാകട്ടെ ഓണം. കൊവിഡ് പരിമിതികൾക്കുള്ളിൽ നിന്നും നമ്മുക്ക് ഓണം ആഘോഷിക്കാം. എല്ലാ മലയാളികൾക്കും ഓണാശംസകൾ.

എല്ലാ മുൻകരുതലോടെയും വേണം ഓണം ആഘോഷിക്കാൻ. കൊവിഡ് വൈറസ് വ്യാപനത്തിന് ഇടനൽകുന്ന ഒരു കാര്യവും ആരും ചെയ്യരുത്. സമൂഹസദ്യയും പരിപാടികളും ഒഴിവാക്കണം. ഓണത്തിന് ബന്ധുക്കളുടേയും സുഹൃത്തുകളുടേയും വീട് സന്ദർശിക്കുന്ന പതിവ് വേണ്ടെന്ന് വയ്ക്കണം. റിവേഴ്സ് ക്വാറന്‍റീനില്‍ കഴിയുന്ന വൃദ്ധരെ സന്ദർശിക്കരുത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പരസ്പരം കാണാനും സന്തോഷം പങ്കുവയ്ക്കാനും ശ്രമിക്കുക.

നാളെ ഉത്രാടമാണ്. കടകളിൽ പോകുമ്പോൾ കുട്ടികളേയും പ്രായമായവരേയും കൊണ്ടു പോകരുത്. ഒരു വീട്ടിൽ നിന്നും ഒന്നോ രണ്ടോ പേർ മാത്രം ഷോപ്പിംഗിനായി പോകുക. പോകുന്നവർ കൈകൾ സാനിറ്റൈസ് ചെയ്യാനും മാസ്ക് ധരിക്കാനും തയ്യാറാവണം.

നേരത്തെ കടകളിൽ തിരക്ക് കൂടുമ്പോൾ ഷട്ടർ താഴ്ത്തുന്ന പതിവ് കടയുടമകൾ കാണിക്കാറുണ്ട്. ഇക്കുറി എവിടെയും നിയന്ത്രണവിധേയമായി മാത്രമേ ആളുകളെ കടയിൽ കയറ്റാവു എന്ന് നിർദേശിച്ചിട്ടുണ്ട്. പഴയ പോലെ ഷട്ടർ അടച്ചിടാനും പാടില്ല. അതിലൂടെ വായുസഞ്ചാരം കുറയും, രോഗവ്യാപനം ഉണ്ടാവും.

ഫോണിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാനും വീട്ടിൽ ഡെലിവറി ചെയ്യാനും സൗകര്യം ഉള്ളവർ ആ സാധ്യത ഉപയോഗിക്കണം. വിളിച്ച് അന്വേഷിക്കാൻ പറ്റുന്ന കടകളിൽ തിരക്കുണ്ടോ എന്ന് അന്വേഷിച്ച ശേഷം പോകുക. തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് കടകളുടെ പ്രവർത്തനസമയം കുറച്ചത്. കടകളിൽ കയറിയാൽ അവശ്യമുള്ള സാധനം വാങ്ങി തിരിച്ചു പോകണം.

ബില്ലുകൾ പണമായി നൽകുന്നതിന് പകരം കഴിയാവുന്നത്ര ഡിജിറ്റലാക്കാൻ ശ്രദ്ധിക്കണം. എല്ലാ കടകളിലും ബ്രേക്ക് ദ ചെയിൻ കൗണ്ടര്‍ വേണം. കൈകൾ സാനിറ്റൈസ് ചെയ്യാനുള്ള സൗകര്യം കടയിൽ വേണം. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ ശുചിയാക്കണം. ഷോപ്പിംഗ് കഴിഞ്ഞു വന്നാൽ ദേഹം ശുചിയാക്കി വേണം അകത്തേക്ക് കേറാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News