ആരോഗ്യ സംരക്ഷണം: കോവിഡ് ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയര്‍ത്തും

തിരുവനന്തപുരം> കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖമന്ത്രി. സര്‍ക്കാര്‍ ആശുപത്രികളുടെ പശ്ചാത്തലസൗകര്യ വികസനം, മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്.

പകര്‍ച്ചവ്യാധി തുടങ്ങിയതിനുശേഷം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 9,768 ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു. ഇതിനു പുറമെ 1200 ഹൗസ് സര്‍ജന്മാരെയും 1152 അഡ്‌ഹോക്ക് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഇനിയും ആവശ്യം വന്നാല്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ വേണ്ട ജീവനക്കാരെക്കൂടി ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റും.  ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയര്‍ത്തും.

സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂര്‍ണ്ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന നൂറുദിവസങ്ങളില്‍ 153 കുടുംബാംരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളില്‍ രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും.

മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ 24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, 9 സ്‌കാനിംഗ് കേന്ദ്രങ്ങള്‍, 3 പുതിയ കാത്ത് ലാബുകള്‍, 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News