ഒരു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗവർധന ഇന്ത്യയിൽ

ഒരു രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗവർധന ഇന്ത്യയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ശനിയാഴ്‌ച 78,761 പേർ രോഗബാധിതരായി. 948 പേർ മരിച്ചു.

ജൂലൈ 25ന്‌ യുഎസിൽ റിപ്പോർട്ട്‌ ചെയ്‌ത 78,427 രോഗികളാണ്‌ ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിനരോഗബാധ‌.

ആഗസ്‌ത്‌ മൂന്നാംവാരം ഇന്ത്യയിൽ‌ രോഗികളുടെഎണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നു. അവസാന ആഴ്‌ചയിൽ മുമ്പില്ലാത്തവിധം പടരുകയാണ്‌. നാലു ദിവസമായി പ്രതിദിനം രോഗംബാധിക്കുന്നവർ 75,000ത്തിനു മേലെയാണ്‌.

ഒരാഴ്‌ച അഞ്ചുലക്ഷം പുതിയ രോഗികൾ‌. രോഗികളിലും മരണത്തിലും ലോകത്ത്‌ മൂന്നാമതാണ്‌ ഇന്ത്യ. രോഗികളുടെ എണ്ണത്തിൽ വൈകാതെ ബ്രസീലിനെ മറികടക്കും.

രണ്ടു ദിവസമായി മരണവും കൂടുതൽ ഇന്ത്യയിലാണ്‌. യുഎസിൽ ശനിയാഴ്‌ച 42,843 രോഗികളും 954 മരണവും. ബ്രസീലിൽ രോഗികൾ 33,360, മരണം 904. രാജ്യത്ത്‌ 7.65 ലക്ഷം പേരാണ്‌ ചികിത്സയിലുള്ളത്‌. 24 മണിക്കൂറിൽ 64,935 പേർ രോഗമുക്തരായി.

രോഗമുക്തി നിരക്ക്‌ 76.61 ശതമാനം. ആകെ രോഗമുക്തർ 27.14 ലക്ഷം. മരണനിരക്ക്‌ 1.79 ശതമാനം. 24 മണിക്കൂറിൽ 10,55,027 പരിശോധന നടത്തിയതായി ഐസിഎംആർ അറിയിച്ചു. ആകെ പരിശോധന 4.14 കോടിയിലേറെ. പത്തുലക്ഷം പേരിൽ 30,044 എന്നതാണ്‌ പരിശോധനാ തോത്‌. കേരളത്തിൽ 46,794.

രാജ്യത്തെ രോഗികളിൽ 73 ശതമാനം മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്‌നാട്‌, യുപി, ബംഗാൾ, ഒഡിഷ, തെലങ്കാന എന്നീ എട്ട്‌ സംസ്ഥാനത്താണ്‌. മരണത്തിൽ 81 ശതമാനം മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്‌, ആന്ധ്ര, കർണാടക, യുപി, ബംഗാൾ എന്നീ ഏഴ്‌ സംസ്ഥാനത്തും‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here