കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി മഹാമാരിയും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ നഗരത്തിൽ തൊഴിൽ നഷ്ടപ്പെട്ട് ദുരിതത്തിലായ മലയാളി കുടുംബങ്ങളും നിരവധിയാണ്.
മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ഇവരെയെല്ലാം സാമൂഹിക പ്രവർത്തകർ വഴിയും സമാജങ്ങൾ വഴിയും കണ്ടെത്തിയാണ് 817 കുടുംബങ്ങൾക്ക് ഉത്രാട ദിവസം ഓണകിറ്റുകൾ എത്തിച്ചു കൊടുത്തത്.
ഓണനാളിൽ ഒരു മലയാളിയും ഭക്ഷണത്തിന് ബുദ്ധിമുട്ടരുത് എന്ന സന്ദേശമുയർത്തി കെയർ ഫോർ മുംബൈ എന്ന സന്നദ്ധ സംഘടനയാണ് ഓണസദ്യക്കായുള്ള കേരളീയ ഭക്ഷണ സാമഗ്രഹികൾ നൽകിയത്.
മുംബൈയിൽ തൊഴിൽ ചെയ്തും കച്ചവടം ചെയ്തും ജീവിച്ചിരുന്ന നിരവധി മലയാളികളുടെ ജീവിതമാണ് കോവിഡ് മഹാമാരി തകിടം മറിച്ചത്.
നഗരത്തെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന ഇവരെല്ലാം ഭാവി അനശ്ചിതാവസ്ഥയിലായതോടെ ദുരിതം വിതച്ച കോവിഡിനെ പഴിച്ചു കഴിയുകയാണ്.
മുംബൈ, നവി മുംബൈ കൂടാതെ സമീപ പ്രദേശങ്ങളായ താനെ, പൻവേൽ, രസായനി, ഡോംബിവ്‌ലി, കല്യാൺ, ഉല്ലാസനഗർ, ബദ്‌ലാപൂർ, വസായ്, മീരാ റോഡ് തുടങ്ങി മിക്കയിടങ്ങളിമുള്ള കടുത്ത പ്രതിസന്ധിയിലായ മലയാളി കുടുംബങ്ങളെ കണ്ടെത്തിയാണ് ഭക്ഷണ കിറ്റുകൾ എത്തിച്ചു കൊടുത്തത്.
മഹാരാഷ്ട്രയിൽ ലോക്ഡൗൺ തുടങ്ങിയ സമയം മുതലാണ് കെയർ ഫോർ മുംബൈയുടെ പ്രവർത്തനം ആരംഭിച്ചത്. ധാരാവി തുടങ്ങിയ ചേരി പ്രദേശങ്ങളടക്കമുള്ള പ്രദേശങ്ങളിലെ ദുരിതത്തിലായ നഗരവാസികൾക്ക് ഭക്ഷണ സാമഗ്രഹികളും മരുന്നുകളും എത്തിച്ചു നൽകിയാണ് കഴിഞ്ഞ അഞ്ചു മാസമായി നിസ്വാർഥമായ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്.
മുംബൈയിലെ പ്രമുഖ മലയാളി ഡോക്ടർമാർ, ലോക കേരള സഭാംഗങ്ങൾ, നിയമോപദേശകർ, വ്യവസായ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ, മാധ്യമ പ്രവർത്തകർ, കോർപ്പറേറ്റ് രംഗത്തെ പ്രൊഫഷണലുകൾ കൂടാതെ സന്നദ്ധ സേവകരടങ്ങുന്നതാണ് കെയർ ഫോർ മുംബൈ എന്ന സന്നദ്ധ സംഘടന.
കേരളത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് ഇവരെല്ലാം ദുരിതകാലത്ത് മഹാനഗരത്തിന് കൈത്താങ്ങായത്
അശരണർക്ക് ഭക്ഷ്യക്കിറ്റുകൾ, മരുന്നുകൾ, സാമ്പത്തികസഹായം എന്നിവ നൽകുകയുണ്ടായി. മുപ്പത്തിരണ്ട് ലക്ഷത്തിലധികം രൂപയാണ് കെയർ ഫോർ മുംബൈ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്കായി ഇതിനകം ചെലവഴിച്ചത്.

Get real time update about this post categories directly on your device, subscribe now.