കൊന്നു തള്ളിയിട്ടും പക തീരാതെ ചെന്നിത്തല: കൊല്ലപ്പെട്ടവരെ അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: രണ്ടുചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരമാണെന്ന് ഡിവൈഎഫ്‌ഐ.

ഡിവൈഎഫ്‌ഐ പ്രസ്താവന: രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തിട്ട് ന്യായീകരിക്കാനും കൊല്ലപ്പെട്ട സഖാക്കളെ അപമാനിക്കാനും കോണ്‍ഗ്രസ് നേതൃത്വം ഇറങ്ങുന്നത് കൊലപാതകത്തേക്കാള്‍ ഭീകരം.

തിരുവോണനാളില്‍ പ്രിയപ്പെട്ട സഖാക്കളെ വെട്ടി നുറുക്കിയ വാര്‍ത്ത കേട്ട് വിങ്ങിപ്പൊട്ടി നില്‍ക്കുന്ന ചെറുപ്പത്തിന്റെ ക്ഷമ പരീക്ഷിക്കരുത്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് കൊല്ലപ്പെട്ട സഖാക്കളെ നിന്ദ്യമായ ഭാഷയിലാണ് അപമാനിക്കാന്‍ ശ്രമിച്ചത്.

കൊലയാളികള്‍ കോണ്‍ഗ്രസ്സ് അല്ല എന്ന് പറയാന്‍ അസാമാന്യമായ തൊലിക്കട്ടി വേണം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഫൈസല്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഇതേ ക്രിമിനലുകള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ഈ ക്രിമിനലുകളെ സഹായിക്കാന്‍ ഇറങ്ങിയത് അടൂര്‍ പ്രകാശ് എം പി ആയിരുന്നു.

ഡിസിസി വൈസ് പ്രസിഡന്റ് ആനക്കുഴി ഷാനവാസും, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പുരുഷോത്തമനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും പ്രതികളും തമ്മിലുള്ള ബന്ധം നാട്ടില്‍ അന്വേഷിച്ചാല്‍ മനസിലാകും.

ഫൈസല്‍ വധ ശ്രമക്കേസില്‍ പ്രതികളായ ഇതേ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ ഇറക്കാനും സ്റ്റേഷനില്‍ പോയതും ജയിലില്‍ പോയപ്പോള്‍ അവര്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ പോയതും ഇതേ നേതാക്കളാണ്. അതില്‍ ഒരു പ്രതിക്ക് അന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ കൂട്ടത്തോടെ ക്വാറന്റയിനില്‍ പോയത് ഈ നാട്ടില്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ഫൈസല്‍ വധ ശ്രമ കേസിലെ പ്രതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നത് യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് സെക്രട്ടറി അരുണ്‍രാജന്റെ പാലോട്ടെ വസതിയില്‍ ആയിരുന്നു.

ഇരട്ടക്കൊലപാതകത്തേക്കാള്‍ ഭയാനകമാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. ഒരു നിമിഷം പോലും വൈകാതെ കൊല്ലപ്പെട്ടവരെ
അപമാനിക്കുന്ന പ്രസ്താവന പിന്‍വലിക്കാന്‍ രമേശ് ചെന്നിത്തല തയ്യാറാകണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel