തിരുവനന്തപുരം: തേമ്പാമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ സൃഷ്ടിയാണെന്നും കോണ്‍ഗ്രസ്സിലെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പൈശാചികമായ ഈ കൊലപാതകം അരങ്ങേറിയതെന്നും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍.
ആനാവൂര്‍ നാഗപ്പന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
തേമ്പാമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ സൃഷ്ടിയാണ്. കോണ്‍ഗ്രസ്സിലെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് പൈശാചികമായ ഈ കൊലപാതകം അരങ്ങേറിയത്. തിരുവോണത്തിന് തലേ ദിവസം രാത്രിയാണ് ഹഖ് മുഹമ്മദ്, മിഥിലാജ് എന്നീ സഖാക്കളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ മൃഗീയമായി കൊലപ്പെടുത്തിയത്.
കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ഈ പ്രദേശങ്ങളില്‍ അടുത്തകാലത്തായി സിപിഐ(എം) ഉം ഇടതുപക്ഷ പ്രസ്ഥാനങ്ങളും കരുത്താര്‍ജ്ജിച്ചു വരുന്നതില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് നേതൃത്വം കുറെനാളുകളായി സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കുന്നു. മൂന്നു മാസം മുന്‍പ് ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ് സഖാവ് ഫൈസലിനെ ഇതേ കൊലയാളിസംഘം കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ഫൈസലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെടുകയും ചെയ്തു. സജീവും ഷജിത്തും അടക്കമുള്ള പ്രതികള്‍ തന്നെയാണ് ആക്രമണം നടത്തിയത്. ഈ പ്രതികളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസെടുക്കുകയും ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവുകയും ചെയ്തു. ഇവരെല്ലാം കോണ്‍ഗ്രസിന്റെ ആ പ്രദേശത്തെ പ്രധാന നേതാക്കന്മാരാണ്. ഷജിത്ത് യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് ആയിരുന്നു. ഫൈസലിന് നേരെ നടന്ന വധശ്രമ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തുവന്നു.
ആറ്റിങ്ങല്‍ എംപിയുടെയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെയും പിന്തുണയും സംരക്ഷണവും ആണ് ഈ കൊലയാളികള്‍ക്ക് വീണ്ടും കൊലപാതകം നടത്താനുള്ള ധൈര്യം നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കന്മാരുടെ അറിവും ഒത്താശയും ഇല്ലാതെ ഇത്തരമൊരു പൈശാചികമായ കൊലപാതകം നടത്താന്‍ ഇവര്‍ തയ്യാറാകില്ല. നിലവില്‍ ഈ പ്രദേശത്ത് മറ്റു രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. കൊലചെയ്യപ്പെട്ട സഖാക്കള്‍ ആകട്ടെ പാവപ്പെട്ട കുടുംബങ്ങളില്‍ ഉള്ളവരാണ്.
കൊലപാതകം പോലുള്ള ഗൗരവമുള്ള യാതൊരു ക്രിമിനല്‍ കേസുകളിലും ഇവര്‍ പങ്കാളികളായിട്ടേയില്ല. കൊന്നുതള്ളിയതിനു ശേഷം രമേശ് ചെന്നിത്തലയും ഡിസിസി പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാര്‍ രക്തസാക്ഷികളെ അപമാനിക്കുന്ന നിലയിലുള്ള പ്രസ്താവനകളാണ് പുറപ്പെടുവിച്ചത്. ജനങ്ങളെ വഞ്ചിക്കാന്‍ വേണ്ടിയുള്ള ഏറ്റവും ഹീനമായ തന്ത്രമാണ് ഇവര്‍ മെനയുന്നത്.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി ആക്രമണങ്ങളും കൊലപാതകങ്ങളും സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ രണ്ടാം തീയതി കരിദിനം ആചരിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
തേമ്പാമൂട് ഇരട്ട കൊലപാതകത്തില്‍ പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരും ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ഈ കരിദിനാചരണത്തില്‍ എല്ലാം പാര്‍ട്ടി സഖാക്കളും അനുഭാവികളും ജനാധിപത്യവിശ്വാസികളും പങ്കെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
അന്നേദിവസം ബ്രാഞ്ച് അടിസ്ഥാനത്തില്‍ ഒരു ബ്രാഞ്ചില്‍ 5 കേന്ദ്രങ്ങള്‍ എന്ന നിലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ധര്‍ണ നടത്തണം. ഈ പ്രതിഷേധ പരിപാടി വിജയിപ്പിക്കാന്‍ എല്ലാ സഖാക്കളും അടിയന്തരമായ രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Get real time update about this post categories directly on your device, subscribe now.