വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതകം; സിപിഐഎം ഇന്ന്‌ കരിദിനം ആചരിക്കും

വെഞ്ഞാറമൂടിൽ കോൺഗ്രസ്‌ അക്രമിസംഘം രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ഇന്ന്‌ സിപിഐ എം ന്റെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിക്കും. പാർടി ബ്രാഞ്ച് തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധർണകൾ സംഘടിപ്പിക്കും. ഈ കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ വാർത്താക്കുറിപ്പിൽ അഭ്യര്‍ത്ഥിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധ ധർണ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും, എം വി ഗോവിന്ദൻ കണ്ണൂരിലും, എളമരം കരീം എംപി കോഴിക്കോടും, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തൃശൂരിലും പങ്കെടുക്കും.

വെഞ്ഞാറമൂട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ്‌(30), ഹഖ്‌ മുഹമ്മദ്‌(24) എന്നിവരെ തിരുവോണ തലേന്ന്‌ രാത്രി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവടക്കം ഏഴ്‌ കോൺഗ്രസുകാരാണ്‌ ഇതുവരെ അറസ്‌റ്റിലായിട്ടുള്ളത്‌.

പ്രധാനപ്രതിയും യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിയുമായ പുല്ലമ്പാറ മരുതുംമൂട് ഷജിത് മൻസിലിൽ ഷജിത്‌ (27), മരുതുംമൂട്‌ ചെറുകോണത്ത്‌ വീട്ടിൽ സജീവ് (35)‌, മതപുരം വാഴവിളപൊയ്‌ക ചെരുവിൽ റോഡരികത്ത്‌ വീട്ടിൽ സനൽ(32)‌, പുല്ലമ്പാറ മുക്കുടിൽ ചരുവിള പുത്തൻവീട്ടിൽ അജിത് (27), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ സതിമോൻ (46), തേമ്പാമൂട് മരുതുംമൂട് റോഡരികത്ത് വീട്ടിൽ നജീബ് (41), പ്രതികൾക്ക്‌ രക്ഷപ്പെടാൻ സഹായം നൽകിയ മതപുരം തടത്തരികത്ത്‌ വീട്ടിൽ‌ പ്രീജ (30)‌എന്നിവരാണ് അറസ്‌റ്റിലായത്‌.

അടൂർ പ്രകാശ്‌ എംപിയുടെ അടുത്തയാളാണ്‌ ഷജിത്ത്. ഇയാൾ എംപിയെ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നു. പ്രീജ മഹിളാ കോൺഗ്രസ്‌ പ്രവർത്തകയാണ്‌. സജീവും സനലും കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തു. മറ്റുള്ളവർ ഗൂഢാലോചനയിലും പങ്കാളികളാണ്‌. ഷജിത്‌, അജിത്, സതിമോൻ, നജീബ് എന്നിവരെ റിമാൻഡ്‌ ചെയ്‌തു.

കൊലപാതകത്തിൽ നേരിട്ട്‌ പങ്കാളികളായ രണ്ടുപേർ പൊലീസ്‌ കസ്‌റ്റഡിയിലുള്ളതായി സൂചനയുണ്ട്‌. പ്രതികൾ കോൺഗ്രസുകാരാണെന്നും രാഷ്‌ട്രീയ വൈരാഗ്യമാണ്‌ കൊലയ്‌ക്ക്‌ കാരണമെന്നും വെഞ്ഞാറമൂട്‌ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പറഞ്ഞു. വെഞ്ഞാറമൂട്ടിൽ അടുത്ത് നടന്ന കോൺഗ്രസ് പ്രതിഷേധ സമരങ്ങളിലെല്ലാം പ്രതികൾ സജീവമായി പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News