
വെഞ്ഞാറമ്മൂടിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ വധിച്ചതിനെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ബിജെപി–-ആർഎസ്എസ് ക്രിമിനൽ സംഘം ആക്രമിച്ചു. അളഗപ്പനഗർ പച്ചളിപ്പുറത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം.
ബിജെപിയുടെ പതാക നശിപ്പിച്ചു എന്ന് പ്രചാരണം നടത്തിയായിരുന്നു ആക്രമണം. അതേ സമയം ബിജെപിക്കാർ തന്നെ അവരുടെ കൊടിയും പ്ലക്കാർഡുകളും പച്ചളിപ്പുറത്ത് തീയിട്ട് നശിപ്പിക്കുന്നത് സമീപത്തുള്ള വീട്ടിലെ ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്.
അക്രമത്തിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കോപ്പാടൻ ഷാരോൺ, വല്ലക്കാടൻ ജിഷ്ണു എന്നിവർക്ക് പരിക്കേറ്റു. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി വിട്ട് ഏതാനും കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രദേശമാണ് പച്ചളിപ്പുറം.
ബിജെപി വിട്ട പള്ളിപ്പാമഠത്തിൽ നിഥിന്റെ വീട്ടിൽ ക്രിമിനൽ സംഘം തിങ്കളാഴ്ച രാത്രി മാരകായുധങ്ങളുമായെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നു. നിധിനെതിരെ വധ ഭീഷണിയും മുഴക്കി.
സിപിഐ എം പഞ്ചായത്ത് അംഗം എ എസ് ജിജിയുടെ വീട് കയറാനും ഭീഷണിപ്പെടുത്താനും അക്രമിസംഘം ശ്രമിച്ചു. വിശാഖ് എന്ന മുരുകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാളെ കൂടാതെ കിഴക്കൂടൻ ഗിരീഷ്, പണ്ടാരി അജിത്, കാക്കാട്ടിൽ പ്രജിത്, ആലുവക്കാരൻ ശരത്, കോപ്പാടൻ കെനീഷ് എന്നിവർക്കെതിരെ പുതുക്കാട് പൊലീസിൽ പരാതി നൽകി.
കൂടാതെ പച്ചളിപ്പുറം പ്രദേശത്തെ മദ്യ, മയക്കുമരുന്ന് ലോബിയെ അമർച്ച ചെയ്യണമെന്നും സിപിഐ എം അളഗപ്പ നഗർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here