സുപ്രീംകോടതിയിൽ കോളിളക്കമുണ്ടാക്കിയ വിവാദം; തീർപ്പുകല്പിക്കാതെ ജസ്റ്റിസ് അരുൺ മിശ്ര പടിയിറങ്ങുമ്പോൾ

“ഇതൊരു ഗൗരവമേറിയ വിഷയമാണ്. ഈ ശ്രമത്തിൽ മുതിർന്ന അഭിഭാഷകർ അടക്കം ഉൾപ്പെട്ടിട്ടുണ്ടെന്ന് ചരിത്രം വിലയിരുത്തും.” ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് പിന്മാറണമെന്ന അഭിഭാഷകന്റെ ആവശ്യം തള്ളി ജസ്റ്റിസ് അരുൺ മിശ്ര മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനോട്‌ ഇങ്ങനെ പറഞ്ഞത് കഴിഞ്ഞ ഒക്ടോബറിൽ.

ചരിത്രത്തിന്റെ വിലയിരുത്തൽ ഏകപക്ഷീയമായ പ്രക്രിയ അല്ലാത്തതുകൊണ്ട് ന്യായാധിപരുടെയും കോടതിയുടേയുമെല്ലാം നിലപാടുകളും സൂക്ഷ്‌മ പരിശോധനയിൽ വരുമെന്നുറപ്പാണ്. ജസ്റ്റിസ് അരുൺ മിശ്ര ന്യായാധിപ സ്ഥാനത്തു നിന്ന് വിരമിക്കുമ്പോൾ വർത്തമാനത്തിൽ ഉത്തരം കിട്ടാത്തതും ചരിത്രത്തിൽ എന്തു തീർപ്പിലെത്തുമെന്ന് ഊഹിക്കാൻ പോലുമാകാത്തതുമായ ഒരു വിഷയം, ഒരു ‘ട്വിസ്റ്റ്’ അവശേഷിക്കുന്നുണ്ട്.

കേട്ടുകേൾവിയില്ലാത്ത ആരോപണങ്ങൾ ജുഡീഷ്യറിയുടെ കേന്ദ്രസ്ഥാനത്തെ സംശയ നിഴലിൽ ആക്കിയപ്പോൾ ന്യായാധിപർ സ്വീകരിച്ച അസാധാരണവും നാടകീയവുമായ നടപടികളിൽ ഏറെ പ്രധാനമെന്ന് അവർ തന്നെ ധ്വനിപ്പിച്ച ഒന്ന്. ഇനിയും ഉത്തരം കിട്ടാത്ത ആ ചോദ്യങ്ങളിലേക്ക് കടക്കും മുൻപ് ഏറെ പഴകി പോകാതെ പൊതുബോധത്തിന്റെ മറവിയെ കീഴടക്കാത്ത ആ അന്തർ നാടകങ്ങളിലേക്ക് ഒന്ന് കൂടി പോകണം.

● സുപ്രീംകോടതിയെ പിടിച്ചുലച്ച ആരോപണം

2020 ഏപ്രിൽ 20 ന് നാല് സുപ്രധാന ഇംഗ്ലീഷ്‌ ന്യൂസ്‌ സൈറ്റുകൾ (ലീഫ്‌ലെറ്റ്, കാരവന്‍,സ്‌ക്രോള്‍, വയര്‍) ഞെട്ടിക്കുന്ന ഒരു വാർത്ത പ്രസിദ്ധീകരിച്ചു. രാജ്യത്തെയും വിശിഷ്യാ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയെയും പിടിച്ചു കുലുക്കിയ വാർത്ത; അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗഗോയ്ക്കെതിരെ ലൈംഗിക പീഡന ആരോപണം.

2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ജസ്റ്റിസ് ഗഗോയി തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് 35 വയസുകാരിയായ മുൻ സുപ്രീംകോടതി അസിസ്റ്റന്റ് 22 സുപ്രീംകോടതി ജഡ്ജിമാർക്ക് കത്ത് നൽകിയത് അടിസ്ഥാനമാക്കിയിരുന്നു വാർത്ത.

ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഓഫീസിൽ നടന്ന പീഡന ശ്രമം തടഞ്ഞതിന് പ്രതികാരമായി പല തവണ ട്രാന്‍സ്ഫര്‍ ചെയ്തു, കൈക്കൂലിക്കേസില്‍ കുടുക്കി, പറയാതെ ലീവ് എടുത്തുവെന്ന പേരില്‍ ഡിസംബര്‍ 21ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ദില്ലി പൊലീസിലുണ്ടായിരുന്ന ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും ജോലിയില്‍ നിന്ന് സസ്‌പെൻഡ് ചെയ്തു, തുടങ്ങിയ യുവതിയുടെ ആരോപണങ്ങളായിരുന്നു വാർത്തയായി വന്നത്.

● പദവിയുപയോഗിച്ചുള്ള സ്വയം പ്രതിരോധവും അന്വേഷണ പ്രഖ്യാപനവും

കാട്ടു തീ പോലെ ആ വാർത്ത പടർന്ന ഏപ്രിൽ 20 ഒരു ശനിയാഴ്ചയായിരുന്നു. സുപ്രീംകോടതി അവധി ആയ ദിവസം. എന്നാൽ വാർത്ത ചർച്ച ആയതോടെ സുപ്രീംകോടതിയിൽ നിന്ന് അസാധാരണമായ ഒരു അറിയിപ്പ് വന്നു. പ്രത്യേക സിറ്റിംഗ്!!!!!. വിഷയം പ്രതീക്ഷിച്ചത് തന്നെ, എന്നാൽ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് തന്നെ കോടതി ചേർന്ന് ആ വിഷയം പരിഗണിച്ചു എന്നുള്ളതായിരുന്നു അപ്രതീക്ഷിതം. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരും ബെഞ്ചിൽ ഉണ്ടായിരുന്നു. ഏറെക്കുറെ ചീഫ്‌ ജസ്റ്റിസിന്റെ ഏകപക്ഷീയ വിശദീകരണം മാത്രം ആയിരുന്നു അന്നത്തെ കോടതി നടപടി.

ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ പ്രവർത്തന രഹിതമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. സംഭവത്തിൽ യാതൊരു അന്വേഷണത്തിനും അന്ന് ഉത്തരവ് ഉണ്ടായില്ല. കോടതിയുടെ യശ്ശസിനും ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയ്ക്കും ഹാനികരമാകുന്ന വാര്‍ത്തകള്‍ നല്‍കണമോ വേണ്ടയോ എന്ന് മാധ്യമങ്ങള്‍ തീരുമാനിക്കട്ടെ എന്നും അന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയി പറഞ്ഞു.

എന്നാൽ വിവാദം അവിടെ കഴിഞ്ഞില്ല, അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ആഞ്ഞടിച്ചു. അങ്ങനെ MATTER OF GREAT PUBLIC IMPORTANCE TOUCHING UPON THE INDEPENDENCE OF JUDICIARY – എന്ന പേരിൽ വിഷയം ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് പരിഗണിക്കാൻ തീരുമാനിച്ചു.

3 ദിവസത്തിന് ശേഷം ഏപ്രിൽ 23ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ്ക്ക് എതിരായ ലൈംഗിക ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിച്ചു.അന്നത്തെ മുതിർന്ന രണ്ടാമത്തെ ജഡ്ജിയും ഇന്നത്തെ ചീഫ് ജസ്റ്റിസുമായ എസ്.എ ബോബ്ഡെയുടെ നേതൃത്വത്തിൽ ആയിരുന്നു സമിതി.

● അന്വേഷണം ചടങ്ങായി; ഉത്തരം കിട്ടാതെ ഒരു ‘ട്വിസ്റ്റ്’

പല കാരണങ്ങൾ കൊണ്ടും ( ഒരു ചെവിക്ക് കേൾവി കുറവും, മൂന്ന് ജഡ്ജിമാർക്ക് മുന്നിൽ ഹാജരാകുന്നതിൽ സമ്മർദ്ധവും നേരിടുന്ന പരാതി ഉന്നയിച്ച യുവതിക്ക് അഭിഭാഷകയെ ഹാജരാക്കാൻ ഉള്ള അവകാശം നിഷേധിച്ചു. നടപടികൾ വീഡിയോയിൽ പകർത്തിയില്ല. രണ്ടു ദിവസത്തെ മൊഴി പകർപ്പ് അനുവദിച്ചില്ല.)

സുപ്രീംകോടതി ആഭ്യന്തര സമിതിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത യുവതി അന്വേഷണവുമായി സഹകരിക്കില്ലെന്ന് ഏപ്രിൽ 30 ന് പ്രഖ്യാപിച്ചു. അതോടെ ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണ കേസ് അന്വേഷണത്തിന്റെ ഗതി വ്യക്തമായി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മെയ് ആദ്യം സമിതി റിപ്പോർട്ട് സമർപ്പിച്ചു. ആ അധ്യായം അടഞ്ഞു.

എന്നാൽ സമാന്തരമായി ഇതേ വിഷയത്തിൽ മറ്റൊരു ‘ട്വിസ്റ്റ്’ ഉണ്ടായിരുന്നു. അതാണ് ഇതുവരെയും തെളിയാത്തതും. റിപ്പോർട്ട് രൂപത്തിൽ ഒളിഞ്ഞിരിക്കുന്ന അതിന്റെ സത്യങ്ങൾ ഇപ്പോഴും പുറം ലോകം കണ്ടിട്ടില്ല. അതേക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരെ ആരോപണമുയർന്ന ദിവസം തന്നെ ചീഫ് ജസ്റ്റിസിനെ കുടുക്കാൻ 1.5 കോടി രൂപ വാഗ്ദാനം ലഭിച്ചെന്ന് അഭിഭാഷകൻ ഉത്സവ് സിംഗ് ബെയിൻസ് ആരോപിക്കുകയും പിന്നീട് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തിരുന്നു.

ചീഫ് ജസ്റ്റിസിനെ കുടുക്കാൻ ശ്രമിക്കുന്നതിൽ ജഡ്ജിമാർക്കും പങ്കുണ്ടെന്ന് പോലും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പരാമർശമുണ്ടായി. ഇതും സുപ്രീംകോടതി ഗൗരവമായി എടുത്തു. തുടർന്ന് ചീഫ് ജസ്റ്റിസിനെ ലൈംഗികാരോപണത്തിൽ കുടുക്കാൻ ശ്രമം നടന്നുവെന്ന ആരോപണവും അന്വേഷിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു. 2019 ഏപ്രിൽ 24നായിരുന്നു ഇത്.

വിരമിച്ച സുപ്രീംകോടതി ജഡ്ജ് എ കെ പട്‌നായിക് വിഷയം അന്വേഷിക്കുമെന്ന് സുപ്രീംകോടതി 25ആം തീയതി ഉത്തരവായി. ലൈംഗിക ആരോപണ കേസ് സുപ്രീംകോടതി ആഭ്യന്തര സമിതി അന്വേഷിച്ച് പൂർത്തിയാക്കിയതിന് പിന്നാലെ റിട്ടയേർഡ് ജസ്റ്റിസ് എ കെ പട്‌നായിക് ഗൂഢാലോചന അന്വേഷണം തുടങ്ങി. കുറച്ചു മാസങ്ങൾ എടുത്ത് അദ്ദേഹം അന്വേഷണം പൂർത്തിയാക്കി.

● തുടരുന്ന മൗനം; ഇനിയെന്താകുമെന്ന ആകാംഷ.

2019 ഒക്ടോബർ മാസം റിട്ടയേർഡ് ജസ്റ്റിസ് എ കെ പട്‌നായിക് തന്റെ അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് നൽകി. എന്നാൽ പിന്നീട് കോടതി ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെയായി കേസ് പരിഗണിക്കാൻ ലിസ്റ്റ് ചെയ്തതേ ഇല്ല. സുപ്രീംകോടതിയെ പിടിച്ചു കുലുക്കിയ വിവാദ വിഷയത്തിൽ ഗൂഢാലോചന ഉണ്ടായോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു വർഷമാകുമ്പോളും കോടതി മൗനം അവലംബിക്കുന്നു. അതുകൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുന്നതോടെ ഈ “ഗൂഢാലോചന സിദ്ധാന്തത്തിന്” പിന്നിലെ സത്യം അറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

ആ കാത്തിരിപ്പ് എത്ര നാൾ, അതിന്റെ പരിസമാപ്തി എന്താകുമെന്ന ആകാംഷ ചെറുതല്ല. ജസ്റ്റിസ് അരുൺ മിശ്ര വിരമിക്കുമ്പോൾ ആ കേസ് കേൾക്കാൻ പുതിയ ബഞ്ച് രൂപീകരിക്കേണ്ടത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയാണ്. പഴയ ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ സമിതിക്ക് നേതൃത്വം നൽകിയ അതേ എസ് എ ബോബ്‌ഡെ!!!! കേസ് ഇനി പുതിയ ബഞ്ച് പരിഗണിക്കുമ്പോൾ ജസ്റ്റിസ് എ കെ പട്നായിക്കിന്റെ റിപ്പോർട്ട് ആണ് ഏവരും ഉറ്റു നോക്കുന്നത്.

പൊതു മധ്യത്തിൽ ഉള്ളടക്കം വ്യക്തമാകാത്ത ആ റിപ്പോർട്ട് ആരോപണ വിധേയനായ പഴയ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയിയും ജസ്റ്റിസ് അരുൺ മിശ്രയും വിരമിച്ചാലും നിർണായകം തന്നെ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാൽ അത് സുപ്രീംകോടതിയിൽ വീണ്ടും കോളിളക്കം ഉണ്ടാക്കും. കാരണം ഒന്ന് രണ്ട് മുതിർന്ന അഭിഭാഷകരുടെ പേര് നേരത്തെ തന്നെ അഭിഭാഷകൻ ഉത്സവ് ബെയിൻസ് ഉന്നയിച്ചിരുന്നു. കൂടാതെ അങ്ങനെ ഗൂഢാലോചന ശരിവയ്ക്കപ്പെട്ടാൽ കോടതി കൈക്കൊള്ളാൻ പോകുന്ന തുടർ നടപടികളും ഉറ്റുനോക്കപ്പെടും.

എല്ലാത്തിനും ഉപരി രാഷ്ട്രീയ മോഹങ്ങൾ സജീവമാക്കിയ രഞ്ജൻ ഗഗോയിക്ക് അത് രക്തസാക്ഷി പരിവേഷം നൽകുമെന്ന് തീർച്ച. ഇനി മറിച്ചാണെങ്കിലോ? സാധ്യതകൾ പകുതി പകുതി ആയതിനാൽ ആ വശവും പരിശോധിക്കേണ്ടിയിരുന്നു.

ഒരു ഗൂഢാലോചനയും ഉണ്ടായില്ലെങ്കിൽ പിന്നെ എങ്ങനെ അത്ര ശക്തനെതിരെ ഒരു അടിസ്ഥാനവും ഇല്ലാതെ യുവതി പരാതി ഉന്നയിക്കാൻ ധൈര്യപ്പെടും എന്ന ചോദ്യം വീണ്ടും ബലപ്പെടും. അവിടെ ജസ്റ്റിസ് രഞ്ജൻ ഗഗോയിയുടെ വിശ്വാസ്യത വീണ്ടും ചോദ്യം ചെയ്യപ്പെടും.

ഇതിനൊക്കെ അപ്പുറം ആരും അറിയാതെ സത്യം ഒരിക്കലും പൊതു മധ്യത്തിൽ എത്താതെ ഒത്തു തീർപ്പ് ഉണ്ടായെന്ന് കരുതുന്നവരും ഉണ്ട്. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവിന്റെയും ഭർതൃസഹോദരന്റെയും സസ്‌പെൻഷൻ പിൻവലിച്ചത്, യുവതി വീണ്ടും ജോലിയിൽ പ്രവേശിച്ചത് എല്ലാം അവരുടെ ന്യായവാദങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു.

ഏതായാലും വിവാദങ്ങൾക്ക്, കടും പിടുത്തങ്ങൾക്ക് യാതൊരു പഞ്ഞവും വരുത്താത്ത ജസ്റ്റിസ് മിശ്ര ഇക്കാര്യത്തിൽ അതിനൊന്നും മുതിരാതെ കളം ഒഴിയുന്നത്.

● തിരിഞ്ഞു കൊത്തുന്ന വാക്കുകൾ

സുപ്രീംകോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് ജസ്റ്റിസ് അരുൺ മിശ്രയുടെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യാൻ പോയാൽ വാർത്താക്ഷാമം ഉണ്ടാകില്ല. അത്രമേൽ വാർത്താ പ്രാധാന്യമുള്ള പരാമർശങ്ങൾ ഏതൊരു കേസ് പരിഗണിക്കുമ്പോഴും അദ്ദേഹം നടത്തും എന്നത് തന്നെ കാരണം.

ഒരു സുപ്രീംകോടതി ജഡ്ജി നിരവധി പ്രമാദമായ കേസുകൾ പരിഗണിക്കുന്നതും അതിനിടയിൽ അദ്ദേഹം വിരമിക്കേണ്ടി വരുന്നതും തുടർന്ന് മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കുന്നതും സ്വാഭാവികം. എന്നാൽ ജസ്റ്റിസ് അരുൺ മിശ്ര പരിഗണിച്ച ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണ കേസിനെ അങ്ങനെ ചുരുക്കി കാണാനാകില്ല. ജസ്റ്റിസ് അരുൺ മിശ്ര ആ കേസ് പരിഗണിക്കുന്ന വേളയിൽ നടത്തിയ നിർണായക പരാമർശങ്ങൾ കൊണ്ടുകൂടിയാണിത്.

ചീഫ് ജസ്റ്റിസിനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടന്നില്ലെങ്കില്‍ ജഡ്ജ്മാര്‍ക്ക് മാത്രമല്ല സുപ്രീംകോടതിക്ക് പോലും അതിജീവിക്കാന്‍ ആകില്ല എന്നായിരുന്നു ഏപ്രിലിൽ ബെഞ്ചിന് നേതൃത്വം നൽകി അദ്ദേഹം പറഞ്ഞത്. വിഷയം വേരോടെ പരിശോധിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവാദം സുപ്രീംകോടതിയുടെ അതിജീവനത്തിന് പോലും പ്രതിസന്ധിയുണ്ടാക്കുമെന്നും ജസ്റ്റിസ് മിശ്ര പറഞ്ഞ കേസാണ് ഒരു വർഷമായി ഒരു തീർപ്പിലുമെത്താതെ കിടക്കുന്നത് .

“രാജ്യത്തെ പണക്കാര്‍ക്ക് കോടതിയെ നിയന്ത്രിക്കാന്‍ ആകില്ല, റിമോട്ട് കണ്‍ട്രോളിലൂടെ കോടതിയെ നിയന്ത്രിക്കുന്നു എന്ന ആരോപണങ്ങള്‍ ദിവസേന പുറത്തു വരുന്നു. ജഡ്ജിമാരെ സ്വാധീനിക്കാന്‍ വഴിവിട്ട ശ്രമം നടക്കുന്നുവെന്ന് പറയുന്നു,” ഇത്തരം ഗൗരവമായ നിരീക്ഷണങ്ങൾ നടത്തിയ ന്യായാധിപൻ ആ കേസ് എങ്ങും എത്തിക്കാതെ കോടതിയുടെ പടികൾ ഇറങ്ങുകയാണ്.

ജസ്റ്റിസ് അരുൺ മിശ്ര അന്ന് സിറ്റിംഗ് നടത്തിയിരുന്ന നാലാം നമ്പർ കോടതിയിൽ കേട്ട ഈ വാക്കുകൾ ചരിത്രത്തിന്റെ വിലയിരുത്തലിൽ അതേ മുഴക്കത്തോടെയുണ്ടാകുമോയെന്ന് കാലം നിശ്ചയിക്കുമായിരിക്കും.

“ഇതില്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ട്…!!!”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News