‘വീണു പോകുകല്ലവര്‍ മാഞ്ഞു മായുകല്ലവര്‍, നെഞ്ചു കാട്ടി ജീവനേകി കാവല്‍ നില്ക്കയാണവര്‍’; കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ രാവുണ്ണിയുടെ കവിത ശ്രദ്ധേയമാവുന്നു

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലെ രക്തസാക്ഷിത്ത്വത്തിന്റെ അമരത്വത്തെക്കുറിച്ച് കവി രാവുണ്ണിയുടെ ‘അവര്‍ വീണ്ടും വരും’ കവിത ശ്രദ്ധേയമാവുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച കവിത സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അരുംകൊലയ്‌ക്കെതിരെ കേരളത്തില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ ഈ കവിതയും പ്രസക്തമാവുകയാണ്.

അവര്‍ വീണ്ടും വരും

രാവുണ്ണി

നാടു പെറ്റ മക്കളാണ്
കുരുന്നാണ്,വെട്ടമാണ്
കരുത്താണ്, നിറവാണ്
നാളെയുടെ സ്വപ്നമാണ്

എത്ര കൊന്നതാണു നിങ്ങള്‍
അന്ധകാര ശക്തികള്‍
എത്ര തച്ചുടച്ചതാണി
യൗവനത്തുടിപ്പിനെ

എത്ര പേരെ കൊന്നു തിന്നു
ആര്‍ത്തി മാറിയില്ലയോ
എത്ര ചോര കുടിച്ചു നിങ്ങള്‍
ദാഹമാറിയില്ലയോ

ഇതുവരേയുമൊത്തുവോ
നാവടക്കിനിര്‍ത്തുവാന്‍
ഇത്രനാളും പറ്റിയോ
പേടിപ്പിച്ചൊതുക്കുവാന്‍

പിന്മടങ്ങാനറിയാത്ത
ധീരതക്കുതിപ്പുകള്‍
കണ്‍ തുറന്നു നെഞ്ചു കാട്ടി
കാവല്‍ നിന്നവര്‍

ചുണ്ടുമോരോ വിരലിനേയും
കീറിമുറിച്ചെറിയുവാന്‍
നിവരുമോരോ ശിരസിനെയും
വെട്ടി ദൂരെയെറിയാന്‍

ആയുധങ്ങള്‍ രാകിയോര്‍
ഒളിവില്‍ കാത്തിരുന്നവര്‍
കരുണയറ്റ ഘാതകര്‍
ഇരുളു പെറ്റ കുട്ടികള്‍

കൊന്നു കൂട്ടി കുന്നു കൂട്ടി
നിങ്ങള്‍ മദിച്ചീടിലും
ഒന്നിനൊന്നൊരായിരം
ഉടലുകള്‍ നിവര്‍ന്നിടും

ആ കരങ്ങള്‍ നീണ്ടു തന്നെ
എന്നുമേ ഉയര്‍ന്നിടും
ആ ശിരസ്സൊരിക്കലും
താഴുകില്ല നിശ്ചയം

തീയില്‍ വീണെരിഞ്ഞവര്‍
മാഞ്ഞതി,ല്ലവര്‍ വരും
തീര്‍ച്ചയാണവര്‍ വരും
ഉയിരെടുത്തവര്‍ വരും

അവര്‍ വരും വരും വരും
കുത്തുകൊണ്ടു വീണവര്‍
വെളിച്ചമായവര്‍ വരും
ഉദയ സൂര്യനെന്ന പോല്‍

താഴെ വീണ പുഷ്പമല്ല
കൊഴിയുമിലയുമല്ലവര്‍
മണ്ണില്‍ വീണ വിത്തവര്‍
ഇരുളിലെ വിളക്കുകള്‍

വീണു പോകുകല്ലവര്‍
മാഞ്ഞു മായുകല്ലവര്‍
നെഞ്ചു കാട്ടി ജീവനേകി
കാവല്‍ നില്ക്കയാണവര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News