കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കുടുംബത്തെ സിപിഐഎം സംരക്ഷിക്കുമെന്ന് കോടിയേരി; കൊലപാതകം ആസൂത്രിതം, ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്ക്

തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബങ്ങളെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

രണ്ട് കുടുംബങ്ങളും ഒരിക്കലും അനാഥമാകില്ല. ഇവരുടെ സംരക്ഷണം സിപിഐഎം ഏറ്റെടുക്കും. കുട്ടികള്‍ക്ക് എത്രകാലം ഏതൊക്കെ വിദ്യാഭ്യാസം നേടണമെങ്കിലും പാര്‍ട്ടി അതിനുള്ള സൗകര്യം ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. ഹഖിന്റെയും മിഥിലാജിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.

ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. പരിശീലനം സിദ്ധിച്ചവരാണ് കൊലയാളികള്‍. ഏത് ആശുപത്രിയില്‍ എത്തിച്ചാലും രക്ഷപെടാന്‍ പാടില്ല എന്ന വിധത്തിലാണ് അക്രമം നടത്തിയത്. കൊലപാതകത്തിന് ശേഷവും രക്തസാക്ഷികളെ അപമാനിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. കൊലപാതകത്തെ ന്യായീകരിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്നും കോടിയേരി പറഞ്ഞു.

കൊലപാതകം നടത്തി സിപിഐഎമ്മിനെ തകര്‍ക്കാം എന്ന് കരുതരുത്. സിപിഐ എമ്മിന് ബാലികേറാമലയായിരുന്ന പ്രദേശത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്ഡ് പിടിച്ചെടുത്ത് മുതല്‍ തുടങ്ങിയ പകയാണ്. നിരവധി ചെറുപ്പക്കാര്‍ സിപിഐ എമ്മിലേക്ക് വന്നുകൊണ്ടിരിക്കുന്നത് അക്രമത്തിന് കാരണമായി. ഇപ്പോള്‍ ചികിത്സയിലുള്ള ഫൈസലിനെയും വധിക്കാനായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടത്.

തിരുവോണദിവസം ചോരപ്പൂക്കളം തീര്‍ത്ത കോണ്‍ഗ്രസിന് ഒരിക്കലും ജനം മാപ്പ് നല്‍കില്ല. സമാധാനമാണ് സിപിഐ എം ആഗ്രഹിക്കുന്നത്, അക്രമത്തിന് പകരം അക്രമമല്ല. അമര്‍ഷവും പ്രതിഷേധവും മനസില്‍ സൂക്ഷിച്ച് കൊണ്ട് ബാലറ്റ് പേപ്പറിലൂടെ വേണം പ്രതികാരം പ്രകടിപ്പിക്കേണ്ടത്. കോണ്‍ഗ്രസിന്റെ പ്രകോപനത്തില്‍ പെട്ട് പ്രവര്‍ത്തകര്‍ പോകരുത്. ജനങ്ങളെ അണിനിരത്തിക്കൊണ്ടുവേണം കോണ്‍ഗ്രസ് കാപാലികസംഘത്തെ ഒറ്റപ്പെടുത്തേണ്ടതെന്നും കോടിയേരി പറഞ്ഞു.

എസ് രാമചന്ദ്രന്‍പിള്ള, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News