തിരുവനന്തപുരം: ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: രണ്ട് ദിവസമായി പോസിറ്റീവ് എണ്ണം കുറഞ്ഞു. അത് ജാഗ്രത കുറയ്ക്കാനുള്ള സൂചനയല്ല. ഓണം അവധിയും മറ്റുമായിരുന്നു. അതിനാല്‍ ആളുകള്‍ പൊതുവെ ടെസ്റ്റിന് പോകാന്‍ വിമുഖത കാട്ടി. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ടെസ്റ്റ് കുറഞ്ഞു. അത്തരത്തില്‍ പൊതുവില്‍ എണ്ണം കുറഞ്ഞതിനാലാണ് കേസുകള്‍ കുറഞ്ഞത്.
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് രണ്ട് ദിവസത്തില്‍ കൂടുതലാണ്. ടെസ്റ്റ് കൂടുമ്പോള്‍ പോസിറ്റീവ് കേസും കൂടും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് അഞ്ചിന് താഴെ നിര്‍ത്തണം. രണ്ട് ദിവസങ്ങളില്‍ അത് എട്ടിന് മുകളിലാണ്.
ഒരു മാസത്തിനിടെ മൊത്തം കേസുകളുടെ 50 ശതമാനത്തിലധികം കേസുകളുണ്ടായി. ഇതില്‍ നിന്നും മനസിലാക്കേണ്ടത് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ്.
ചില പഠനങ്ങള്‍ പറയുന്നത്, ഒക്ടോബര്‍ അവസാനത്തോടെ കേസുകള്‍ വീണ്ടും വര്‍ധിക്കുമെന്നാണ്. നമ്മള്‍ ജനുവരി മുതല്‍ കൊവിഡിനെതിരെ പോരാടുന്നുണ്ട്.
വ്യാപനം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തുന്നത് തടയാനായി. അതിലൂടെ മരണനിരക്ക് കുറയ്ക്കാനും സാധിച്ചു. കഴിഞ്ഞ മാസം പ്രതീക്ഷിച്ച അതേ രീതിയില്‍ പോസിറ്റീവ് കേസ് വര്‍ധിച്ചില്ല. ജനമാകെ ജാഗ്രത പുലര്‍ത്തിയെന്നതിനാലാണിത്.
നമ്മുടെ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു. ഈ സമയത്ത് 10,000-20,000 കേസുകള്‍ വരുമെന്നായിരുന്നു വിദഗ്ദ്ധര്‍ പറഞ്ഞത്. അതുണ്ടായില്ല. എന്നാല്‍ രോഗവ്യാപനം ഉയര്‍ന്നു. ഓണം കഴിഞ്ഞു. ഓണാവധികാലം മാര്‍ക്കറ്റുകള്‍ സജീവമായിരുന്നു.
ജന സമ്പര്‍ക്ക തോത് കൂടി. ആളുകള്‍ ഓണാവധിക്ക് നാട്ടിലെത്തി. ഇതിന്റെ ഫലമായി രോഗവ്യാപനം വര്‍ധിച്ചോയെന്ന് വ്യക്തമാകാന്‍ ദിവസങ്ങളെടുക്കും. അടുത്ത രണ്ടാഴ്ച പ്രധാനമാണ്.
കൂടുതല്‍ ഇളവുകള്‍ വന്നു. പൊതുവെ എല്ലായിടത്തും തിരക്കേറി. കൊവിഡിനൊപ്പം ജീവിതം കൊണ്ടുപോവുക എന്ന അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നത്. വ്യക്തിപരമായ ജാഗ്രത വര്‍ധിപ്പിക്കണം.
ലോക്ക്ഡൗണ്‍ നാലം ഘട്ട ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. അടിച്ചിട്ട് എല്ലാ കാലത്തും പോകാനാവില്ല. സംസ്ഥാനവും ഇളവ് നല്‍കുന്നുണ്ട്. ഔപചാരിക നിയന്ത്രണം ഒഴിവാകുമ്പോള്‍ ഒരു നിയന്ത്രണവും വേണ്ടെന്നല്ല അര്‍ത്ഥം. ഓരോരുത്തരുടെയും വ്യക്തിപരമായ ചുമതലയായി കൊവിഡ് പ്രതിരോധം മാറും.
ശാരീരിക അകലം പാലിക്കല്‍, രോഗവ്യാപന സാഹചര്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കല്‍ എന്നിവ എല്ലാവരും പ്രതിജ്ഞയായി ഏറ്റെടുക്കണം. വയോജനങ്ങളെ ഉയര്‍ന്ന കരുതലോടെ പരിപാലിക്കണം. വയോജനങ്ങളുമായി കുറച്ചധികം സമ്പര്‍ക്കം ഉണ്ടായി.
ഓണ ദിവസങ്ങളുമായി ബന്ധപ്പെട്ട് അടുത്ത 14 ദിവസം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. ഓണം ക്ലസ്റ്റര്‍ എന്ന നിലയില്‍ വിപുലീകരിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യ സംവിധാനങ്ങളും വ്യക്തികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
രോഗവ്യാപനം മറ്റുള്ളവരിലേക്ക് എത്താതിരിക്കാന്‍ സ്വയം പരിശ്രമം വേണം. വയോജനങ്ങളില്‍ രോഗവ്യാപനം കൂടിയാല്‍ മരണനിരക്ക് വര്‍ധിക്കും. പ്രതീക്ഷിച്ചതിലുമേറെ വ്യാപന തോത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായില്ല.
അടുത്ത 14 ദിവസം നാം വലിയ ജാഗ്രത പാലിക്കണം. പുതിയ ക്ലസ്റ്റര്‍ ഉണ്ടാകാനും ശക്തമായ വ്യാപന സാധ്യത മുന്നില്‍ കണ്ടും പ്രവര്‍ത്തിക്കണം. ജാഗ്രത എത്ര കാലം തുടരണമെന്ന ചോദ്യമുണ്ട്. വാക്‌സിന്‍ വരുന്നത് വരെ എന്നാണുത്തരം.
ജാഗ്രത ഒരു സോഷ്യല്‍ വാക്‌സിനായി കാണണം. അത് തുടരണം. ബ്രേക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിനാണ് ഫലവത്തായി നടപ്പാക്കേണ്ടതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.