സിനിമാ ലോകത്തെ മാഫിയെക്കാൾ താൻ ഭയക്കുന്നത് മുംബൈ പോലീസിനെയാണെന്ന് കങ്കണ റണാവത്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തോടനുബന്ധിച്ചു നടന്നു കൊണ്ടിരിക്കുന്ന വിവാദ ചർച്ചകളിലെ ഏറ്റവും പുതിയ ട്വിറ്റർ പോർവിളികളാണ് നടി കങ്കണ റണാവതും ശിവസേന നേതാവ് സഞ്ജയ് റാവത്തും തമ്മിൽ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമാ ലോകത്തെ മാഫിയെക്കാൾ താൻ ഭയക്കുന്നത് മുംബൈ പോലീസിനെയാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ മുംബൈ പോലീസിനെ അധിക്ഷേപിച്ച നടിയോട് ഇനി മുംബൈയിലേക്ക് മടങ്ങിവരരുതെന്ന് ആവശ്യപ്പെട്ടാണ് ശിവസേന എംപി സഞ്ജയ് റാവത് ഇതിനോട് പ്രതികരിച്ചത്.

ഇതിനെതിരെയാണ് കഴിഞ്ഞ ദിവസം കങ്കണ റണാവത് ആഞ്ഞടിച്ചിരിക്കുന്നത്. ശിവസേന നേതാവിന്റെ പരാമർശം തനിക്കെതിരെയുള്ള ഭീഷണിയായി തോന്നുന്നുവെന്നാണ് സഞ്ജയ് റാവത്തിന്റെ പത്രപ്രസ്താവനയുടെ ലിങ്ക് അടക്കം പങ്കു വച്ച് കൊണ്ട് നടി ട്വീറ്റ് ചെയ്‍തത്.

ശിവസേന നേതാവ് സഞ്ജയ് റാവത് തുറന്ന ഭീഷണിയുമായി തന്നെ വെല്ലുവിളിച്ചിരിക്കയാണെന്നും മുംബൈയിലേക്ക് വരരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും കങ്കണ ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് മുംബൈ നഗരം പാകിസ്ഥാൻ അധിനിവേശ കശ്മീർ പോലെ അനുഭവപ്പെടുന്നതെന്ന ചോദ്യത്തോടെയാണ് കങ്കണ ട്വിറ്റർ ഹാൻഡിൽ അവസാനിപ്പിക്കുന്നത്.

എന്നാൽ മുംബൈ നഗരത്തെ പി‌ഒ‌കെയുമായി താരതമ്യപ്പെടുത്തിയ കങ്കണയോട് ഒട്ടും ദാക്ഷിണ്യം കാണിക്കാതെയാണ് നടി രേണുക സഹാനെ രംഗത്തെത്തിയിരിക്കുന്നത്.

കങ്കണയും സംഘവും അറിയാൻ എന്ന് തുടങ്ങുന്ന ട്വീറ്റിൽ ഒരു ബോളിവുഡ് താരമാകാനുള്ള കങ്കണയുടെ ആഗ്രഹം പൂർത്തീകരിച്ച നഗരമാണ് മുംബൈയെന്നും ഈ വിസ്മയ നഗരത്തോട് കുറച്ചെങ്കിലും ബഹുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെന്നും സഹാനെ തുറന്നടിച്ചു.

ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ കങ്കണയുടെ നിലപാടുകളെ അവഹേളിക്കുന്ന ചില പോസ്റ്റുകൾക്ക് മുംബൈ പോലീസ് കമ്മീഷണർ ലൈക് ചെയ്തതും കങ്കണയെ ചൊടിപ്പിച്ചിരിക്കയാണ്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ കൊലപാതികകൾക്കെതിരെ പോരാടുന്ന തന്റെ നിലപാടുകളെ അവഹേളിക്കുന്ന ട്വീറ്റ് ഇഷ്ടപെട്ടതായി രേഖപ്പെടുത്തിയ മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ്ങിന്റെ നടപടി തരം താഴ്ന്ന പ്രവർത്തിയെന്നാണ് കങ്കണ റണാവത് റീ ട്വീറ്റ് ചെയ്തത്.

സുശാന്ത് സിംഗ് രജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് മാധ്യമങ്ങളിലും നിറയുന്നത്. എന്നാൽ ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ സംയമനം പാലിക്കണമെന്നും അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യരുതെന്നും ബോംബെ ഹൈക്കോടതി മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News