ഡിവൈഎഫ്ഐ നേതാക്കളുടെ കൊലപാതകം: മുഖ്യപ്രതി ഷജിത്തിനെ അടൂര്‍ പ്രകാശ് നേരിട്ട് കണ്ടിട്ടുണ്ട്; ഗൂഢാലോചനയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് എ എ റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തില്‍ അടൂര്‍പ്രകാശിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.

കേസില്‍ പ്രതിയായ ഷജിത്തിനെ അടൂര്‍ പ്രകാശ് നേരിട്ട് കണ്ടിട്ടുണ്ട്. പ്രതികളുടെ ഭാവിയിലെ നിയമസുരക്ഷ കൂടി കോണ്‍ഗ്രസ് ഏറ്റെടുത്തതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതിന് പിന്നിലും അടൂര്‍ പ്രകാശ് എം പിയാണ്. അതിന് വേണ്ടിയാണ് അന്വേഷണ സംഘത്തെ പഴിചാരുന്ന സമീപനം അവര്‍ എടുക്കുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ട്. കൊലയാളി സംഘവുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും റഹീം പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന വ്യാജ ആരോപണങ്ങള്‍ പ്രതികളെ ഭാവിയില്‍ സഹായിക്കാനാണ്. ഇരകളുടെ കുടുംബത്തെ വ്യക്തിഹത്യ ചെയ്യുന്ന നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അതൊരു രാഷ്ട്രീയ മാന്യതയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ ആനക്കുടി ഷാനവാസ്, ആനാട് ജയന്‍, ബ്ലോക് പ്രസിഡന്റ് പുരുഷോത്തന്‍ നായര്‍ എന്നിവര്‍ കൊലയാളി സംഘവുമായി ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ട്. ഇവര്‍ മുഖ്യപ്രതിയായ സജീവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിട്ടുണ്ട്. ആസൂത്രണം കൂടതല്‍ വ്യക്തമാണ്.

ഡിസിസി നേതാക്കള്‍ക്കും പ്രതികളുമായി ബന്ധമുണ്ട്. കേസില്‍ പിടിയിലായ ഉണ്ണിയെ ഇതുവരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റാണ് അയാള്‍. മറ്റൊരു കൊലപാതക കേസിലും പ്രതിയാണിയാള്‍. എന്തുകൊണ്ടാണ് ഉണ്ണിയെ പുറത്താക്കാത്തത്. കോണ്‍ഗ്രസ് നേരിട്ട് നടത്തിയ കൊലപാതകമായത് കൊണ്ടല്ലേ ഇതുവരെ നടപടി എടുക്കാത്തതെന്നും റഹീം ചോദിച്ചു.

കൊല്ലപ്പെട്ട മിഥിലാജിന്റേത് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ വ്യാജമാണ്. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധം ഉണ്ടായിരുന്നില്ല. പിടിയിലായ പ്രതികള്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നത് അതിന്റെ തെളിവാണ്. ഇരട്ടകൊലപാതകത്തെ തുടര്‍ന്ന് നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ നിയമ നടപടി എടുക്കുമെന്നും റഹീം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News