ലീനയുടെ വീട് ആക്രമിച്ചത് സ്വന്തം മകന്‍; സിപിഐഎമ്മിനെതിരെ ഉയര്‍ത്തിയ ആരോപണത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കെപിസിസി അംഗമായ ലീനയുടെ വീട് ആക്രമിച്ചത് അവരുടെ മകന്‍ തന്നെയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മാപ്പു പറയണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

കടകംപള്ളി സുരേന്ദ്രന്റെ വാക്കുകള്‍: വെഞ്ഞാറമൂടിലെ സിപിഐഎം പ്രവര്‍ത്തകരായ രണ്ട് സഖാക്കളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷവും അക്രമ പരമ്പര തുടരുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ സിപിഐഎമ്മിന്റെ തലയില്‍ വെച്ചുകെട്ടി അതിക്രൂരമായ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

കെപിസിസി അംഗമായ ജി ലീനയുടെ വീട് സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ തന്നെ ആ വീട് സന്ദര്‍ശിച്ചു ആരോപണം ഉന്നയിച്ചിരുന്നു.

പോലീസ് അന്വേഷിച്ച് തെളിവ് സഹിതം പ്രതികളെ പിടികൂടിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതുപോലെ സിപിഐഎം പ്രവര്‍ത്തകരെ അല്ല ലീനയുടെ മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ കൃഷ്ണയെയും സുഹൃത്തിനെയുമാണ് പിടികൂടിയത്.

ഹഖിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന പോലെ ഈ സംഭവത്തിന് പിന്നിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു.

കേരളത്തിന്റെ പൊതു സമൂഹത്തോട് മാപ്പ് പറയാനും സിപിഐഎമ്മിനെതിരെ ഉയര്‍ത്തിയ ദുരാരോപണം പിന്‍വലിക്കാനും കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News