മുംബൈ പോലീസിനെതിരായ പ്രസ്താവന; കങ്കണ രണാവത്തിനെതിരെ ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്

മുംബൈ പോലീസിനെതിരെയും നഗരത്തിനെതിരെയും ബോളിവുഡ് നടി കങ്കണ രണാവത്ത് നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതിഷേധവുമായി ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്.

നടിക്കെതിരെ മുദ്രാവാക്യം വിളിച്ചും കോലം കത്തിച്ചുമാണ് വനിതകൾ പ്രതിഷേധിച്ചത്.  എന്നാൽ  കോവിഡ് രോഗവ്യാപനം അതി രൂക്ഷമായി തുടരുന്ന സംസ്ഥാനത്ത് മാനദണ്ഡങ്ങൾ പോലും പാലിക്കാതെ വനിതകളെ തെരുവിലിറക്കി പ്രതിഷേധം നടത്തിയ നടപടിയിൽ നഗരവാസികൾ ആശങ്കയിലാണ്.

കങ്കണ തന്റെ ഔദ്യോദിക ട്വിറ്ററിലൂടെ പങ്കു വച്ച അഭിപ്രായത്തെ ഭരണ കക്ഷികളായ ശിവസേനയും കോൺഗ്രസും എൻ‌സി‌പിയും വിമർശിച്ചു.  എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള  ശിവസേനയുടെ പ്രതിഷേധ നടപടികളെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് അപലപിച്ചു. കങ്കണയുടെ പ്രസ്താവനയിൽ നിന്ന് ബിജെപി അകന്നു നിൽക്കുമ്പോഴും തന്റെ പേര് എടുക്കാതെ അമൃത കങ്കണയെ പ്രതിരോധിച്ചു എന്നതാണ് ശ്രദ്ധേയം.

മുംബൈയിൽ ശിവസേനയുടെ താനെ ജില്ലാ  വനിതാ മുന്നണി അംഗങ്ങളാണ്  മുംബൈ പോലീസിനെതിരെ നടി കങ്കണ രണാവത്  നടത്തിയ പ്രസ്താവനയോട്  പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയത്.  മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്.

മുംബൈ പോലീസിനെതിരെ നടത്തിയ പരാമർശവും വലിയ വിവാദമായി. ബോളിവുഡിലെ മാഫിയെക്കാൾ താൻ ഭയക്കുന്നത് മുംബൈ പോലീസിനെയാണെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു. നടിക്കെതിരെ മുദ്രാവാക്യം വിളിച്ചും  കോലം കത്തിച്ചുമാണ് ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചത്.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ  മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പ്രസ്താവനകളെല്ലാം കുറച്ചു നാളുകളായി വലിയ ചർച്ചയ്ക്കാണ് വഴി തെളിയിച്ചത്. ഇതിനെ തുടർന്ന് ശിവസേന എം പി സഞ്ജയ് റാവത്തുമായി  നടന്ന വാക്പോരും വിവാദമായിരുന്നു.  ശിവസേന നേതാവ് സഞ്ജയ് റാവത്ത്   തനിക്കതിരെ  പരസ്യമായ ഭീഷണിയാണ് നടത്തിയിരിക്കുന്നതെന്നും മുംബൈയിലേക്ക്  മടങ്ങരുതെന്ന് ആവശ്യപ്പെട്ടതായും നടി  ആരോപിച്ചു. നടിക്ക് നഗരത്തിൽ  തുടരാൻ അവകാശമില്ലെന്ന് പറഞ്ഞാണ്  മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ സെപ്റ്റംബർ ഒൻപതിന് മുംബൈയിൽ തിരിച്ചെത്തുമെന്ന നിലപാടിലാണ്  കങ്കണ. പ്രതിഷേധക്കാരുടെ സൗകര്യാർത്ഥം മുംബൈയിലെത്തുന്ന സമയം മുൻകൂട്ടി അറിയിക്കാമെന്നും നടി വെല്ലുവിളിച്ചിരിക്കയാണ്.

മുംബൈ പോലീസിൽ വിശ്വാസമില്ലെങ്കിൽ കങ്കണ മുംബൈയിലേക്ക് തിരിച്ചു വരേണ്ട എന്ന സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയെ പരസ്യ ഭീഷണിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു നടിയുടെ  പ്രതികരണം. ‘മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സെപ്റ്റംബർ ഒമ്പതിന് മുംബൈയിലേക്കു മടങ്ങാൻ  ഞാൻ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവർ തടയാൻ വരട്ടേ’ ഹിമാചൽ പ്രദേശിലെ മണാലിയിലെ വസതിയിൽ നിന്ന് നടി  ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News