സര്‍ക്കാറിനെതിരെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനും ക്ഷേമപദ്ധതികള്‍ അട്ടിമറിക്കാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കെപിസിസി അഹ്വാനം

സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ആഹ്വാനം.

ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ്‌ ഫയലുകൾ ചോർത്താൻ ആവശ്യപ്പെട്ടത്‌. ചട്ടവിരുദ്ധ യോഗത്തിന്‍റെ നടപടികുറിപ്പ് കൈരളി ന്യൂസ് പുറത്ത് വിട്ടു.

സർക്കാരിന്‍റെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തണമെന്നും യോഗത്തിൽ നിർദേശം. സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്‌ട്രീയ പാർടി നേരിട്ട്‌ വിളിച്ച്‌ സർക്കാരിനെതിരെ രംഗത്ത്‌ വരാൻ നിർദേശിക്കുന്നത്‌ ഇതാദ്യമായാണ്‌.

സർവീസ്‌ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി ഒാഗസ്റ്റ് 19നാണ് ഓഫീസേഴ്‌സ്‌ ആൻഡ്‌ സർവീസ്‌ ഓർഗനൈസേഷൻസ്‌ സെല്ലിന്‍റെ ഒാൺലൈൻ യോഗം കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചു ചേർത്തത്.

കെപിസിസി വൈസ്‌ പ്രസിഡന്‍റ് ടി സിദ്ദിഖ്‌, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട്‌ രവി തുടങ്ങിയവരും പങ്കെടുത്തു. കെപിസിസിയുടെ ലെറ്റർ ഹെഡ്ഡിലെ യോഗത്തിന്‍റെ നടപടിക്കുറിപ്പ് ഇക്കാര്യം വ്യക്തമാക്കുന്നു.

സർക്കാർ വിവരങ്ങൾ ചോർത്തി കെപിസിസിക്ക്‌ നൽകണമെന്നാണ്‌ യോഗത്തിൽ കെപിസിസി അധ്യക്ഷന്‍റെ പ്രധാന നിർദേശം‌.

വികസന ക്ഷേമ പ്രവർത്തനങ്ങൾ താമസിപ്പിക്കുകയും അർഹരായവർക്ക്‌ ആനുകൂല്യം നൽകാതിരിക്കാനും ശ്രമിക്കുക, ഓഫീസുകൾ കേന്ദ്രീകരിച്ച്‌ ജനങ്ങളെ പരമാവധി സർക്കാരിനെതിരാക്കുക, വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക, വിവരങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക്‌ നൽകി വിവാദമാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിലുണ്ടായി.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നൽകിയ സഹായത്തിന്‌ കെപിസിസിയുടെ നന്ദിയും ഉദ്യോഗസ്ഥരെ അദ്ദേഹം അറിയിച്ചു. 40 ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ‌അടുത്ത സാഹചര്യത്തിലാണ്‌ മുല്ലപ്പള്ളി നേരിട്ട്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത് എന്നതും ശ്രദ്ധേയം‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News