സംസ്ഥാനം പുലര്‍ത്തിയ ജാഗ്രതയുടെയും പ്രവര്‍ത്തനങ്ങളുടെയും മികവ്; ഏത് സൂചകങ്ങള്‍ പരിശോധിച്ചാലും കേരളത്തിന്റെ കൊവിഡ് പ്രതിരോധം മികച്ച നിലയില്‍ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം പുലര്‍ത്തിയ ജാഗ്രതയുടേയും നടത്തിയ പ്രവര്‍ത്തനങ്ങളുടേയും മികവ് മനസിലാക്കാന്‍ കഴിയുന്നത് മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു സൂചകങ്ങള്‍ പരിശോധിച്ചാലും താരതമ്യേന മെച്ചപ്പെട്ട രീതിയിലാണ് ഈ മഹാമാരിയെ നാം നേരിടുന്നത്.

ഇന്ത്യയില്‍ ആദ്യത്തെ കോവിഡ് 19 കേസ് ഈ വര്‍ഷം ജനുവരി 30ന് കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നിട്ടും, ഈ കാലയളവിനുള്ളില്‍ കേസ് പെര്‍ മില്യണ്‍, അതായത് പത്തുലക്ഷം ജനങ്ങളില്‍ എത്ര പേര്‍ക്ക് രോഗബാധ ഉണ്ടായി, എന്നു നോക്കിയാല്‍ കേരളത്തിലത് 2168 ആണ്. 8479 ആണ് ആന്ധ്ര പ്രദേശിലെ കേസ് പെര്‍ മില്യണ്‍. 5000ത്തിനും മുകളിലാണ് തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും. തെലുങ്കാനയില്‍ 3482 ആണ്. ഇന്ത്യന്‍ ശരാശരി 2731 ആണ്. ജനസാന്ദ്രതയില്‍ ഈ സംസ്ഥാനങ്ങളേക്കാള്‍ എല്ലാം ഒരു പാട് മുന്നിലാണ് കേരളമെന്നു കൂടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ കേരളം അയല്‍ സംസ്ഥാനങ്ങളേക്കാള്‍ വളരെ ഭേദപ്പെട്ട നിലയിലാണ്. ഈ ഒന്നാം തീയതിയിലെ നിലയെടുത്താല്‍ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കര്‍ണ്ണാടകത്തില്‍ 91,018 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 1,01,210 കേസുകളാണ് ആന്ധ്രപ്രദേശിലുള്ളത്. തമിഴ്നാട്ടില്‍ 52,379 കേസുകളും തെലുങ്കാനയില്‍ 32,341 കേസുകളാണുമുള്ളത്.

കര്‍ശനമായ ഡിസ്ചാര്‍ജ് പോളിസിയാണ് കേരളം പിന്തുടരുന്നത്. മറ്റു പ്രദേശങ്ങളില്‍ 10 ദിവസങ്ങള്‍ കഴിഞ്ഞ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍, ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രമാണ് കേരളത്തില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിക്കും എന്ന നിശ്ചയദാര്‍ഢ്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമല്ല.

അതുകൊണ്ടാണ് ഏറ്റവും കുറഞ്ഞ മരണങ്ങള്‍ മാത്രം ഇവിടെ സംഭവിക്കുന്നത്. നമ്മുടെ ഡെത്ത് പെര്‍ മില്യണ്‍, അതായത് പത്തു ലക്ഷത്തില്‍ എത്ര പേര്‍ മരിച്ചു എന്നത്, 8.4 ആണ്. തമിഴ്നാട്ടില്‍ അത് ഏതാണ്ട് 11 ഇരട്ടിയാണ്. കര്‍ണ്ണാടകയില്‍ നമ്മുടേതിന്റെ ഏകദേശം 12 ഇരട്ടി മരണങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നത്. ആന്ധ്ര പ്രദേശില്‍ 77.2 ആണ് ഡെത്ത് പെര്‍ മില്യണ്‍. ഇന്ത്യന്‍ ശരാശരി 48 ആണ്.

കേസ് ഫറ്റാലിറ്റി റേറ്റ്, അതായത് രോഗബാധിതരായ 100 പേരില്‍ എത്ര പേര്‍ മരിച്ചു എന്ന കണക്ക് പരിശോധിച്ചാല്‍ കേരളത്തില്‍ 0.4 ആണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശില്‍ 0.9 ഉം ആണ്.

വയോജനങ്ങളുടെ എണ്ണവും, കാന്‍സര്‍, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഏറ്റവും കുറഞ്ഞ മരണ സംഖ്യ നില നിര്‍ത്താന്‍ സാധിക്കുന്നത് നമ്മുടെ നാടാകെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ മികവിന്റെ ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുമ്പിലാണ്. ലോകാരോഗ്യ സംഘടനയും ഐസിഎംആറും ഉള്‍പ്പെടെയുള്ള വിദഗ്ധ ഏജന്‍സികളെല്ലാം നിഷ്‌കര്‍ഷിക്കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. അതനുസരിച്ച് ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എന്ന ശാസ്ത്രീയ സൂചകമുപയോഗിച്ച് പരിശോധിച്ചാല്‍ മെച്ചപ്പെട്ട രീതിയിലാണ് കേരളം ടെസ്റ്റുകള്‍ നടത്തുന്നതെന്ന് കാണാം.

കേരളത്തിന്റെ ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ 22 ആണ്. തമിഴ് നാടിന്റേത് 11 ആണ്. അതായത് 22 പേര്‍ക്ക് ടെസ്റ്റുകള്‍ ചെയ്യുമ്പോഴാണ് ഇവിടെ ഒരാള്‍ക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്നാട്ടില്‍ 11 ടെസ്റ്റുകള്‍ നടത്തുമ്പോള്‍ ഒന്ന് എന്ന തോതിലാണ് രോഗം കണ്ടെത്തുന്നത്. തെലുങ്കാനയില്‍ അത് 10.9 ഉം, കര്‍ണ്ണാടകയിലും ആന്ധ്രപ്രദേശിലും 8.4 ഉം ആണ്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, അതായത് 100 ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ എത്ര എണ്ണം പോസിറ്റീവ് ആകുന്നു എന്ന കണക്കു നോക്കിയാലും നമ്മള്‍ മികച്ച നിലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുകയാണ് അഭികാമ്യം.

കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്നാട്ടില്‍ 8.9ഉം തെലുങ്കാനയില്‍ 9.2ഉം, കര്‍ണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്. കേരളം ഈ സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ ടെസ്റ്റുകള്‍ നടത്തി എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതുകൊണ്ട് കോവിഡ് പ്രതിരോധത്തില്‍ തുടക്കം മുതലുള്ള മികവ് നിലനിര്‍ത്താനാവുന്നുണ്ട് എന്ന് നിസ്സംശയം പറയാമെന്നും ഈ കണക്കുകള്‍ വിശകലനം ചെയ്ത് രോഗവ്യാപനം കുറയ്ക്കാനുള്ള എല്ലാ സാധ്യതയും വരും നാളുകളില്‍ പരിശോധിച്ച് സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News