കൊവിഡ് കാലത്തെ മുൻ നിര പോരാളികൾക്ക് കൈത്താങ്ങായി മുംബൈ മലയാളി വ്യവസായി

മഹാരാഷ്ട്രയിൽ സമൂഹ വ്യാപനം തുടങ്ങിയത് മുതൽ ഇപ്പോഴും കൊവിഡ് 19 നിയന്ത്രണവിധേയമായിട്ടില്ല. വ്യാപകമായ പരിശോധനകൾ നടക്കുമ്പോഴും ശാസ്ത്രീയമായ പ്രതിരോധ പ്രവർത്തനങ്ങളുടെ അഭാവമാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി.

ലോക് ഡൗൺ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായവരുടെ കൂട്ടത്തിൽ ഏറെ കഷ്ടത്തിലായത് നഗരത്തിലെ ഡ്രൈവർമാരാണ്. കുടുംബം പുലര്‍ത്താന്‍ നിരവധി ഡ്രൈവര്‍മാര്‍മാർക്ക് വഴിയോരക്കച്ചവടത്തിലേക്ക് വരെ തിരിയേണ്ടി വന്നിട്ടുണ്ട്.

കൊവിഡിനെതിരായുള്ള പോരാട്ടത്തിൽ ആരും ശ്രദ്ധിക്കാതെ പോയൊരു വിഭാഗമാണ് ഡ്രൈവർമാർ. ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ അവിഭാജ്യഘടകമാണ് ആംബുലൻസ് തുടങ്ങിയ അത്യാഹിത വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഇക്കൂട്ടർ.

കോവിഡ് കാലത്ത് വിശ്രമമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന ട്രാൻസ്‌പോർട്ട് മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ സേവനത്തിനും അംഗീകാരങ്ങൾ കിട്ടാറില്ല. പാൻഡെമിക് ഉയർത്തുന്ന പ്രതികൂലമായ നിരവധി സാഹചര്യങ്ങളെയാണ് ആത്മസമർപ്പണത്തോടെ അതിജീവിച്ചു ഇവരെല്ലാം നിത്യവൃത്തിക്കായി പണിയെടുക്കുന്നത്.

നാടിനൊപ്പം നാടാകെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരിക്കുന്ന ആംബുലൻസുകളിലെ ഡ്രൈവർമാരെ പോലെ തന്നെ രാജ്യവ്യാപകമായി മരുന്നുകളും സാനിറ്റൈസർ, പി പി ഇ കിറ്റ് തുടങ്ങിയ അത്യാവശ്യ സാമഗ്രഹികളും എത്തിച്ചു കൊണ്ടിരിക്കുന്ന ഡ്രൈവർമാരുടെയും സേവനം ചെറുതായി കാണാനാകില്ലെന്നാണ് ലോജിസ്റ്റിക് രംഗത്ത് പ്രവർത്തിക്കുന്ന ബിജു രാമൻ പറയുന്നത്.

രാപ്പകൽ അധ്വാനിച്ചാണ് ഇവരെല്ലാം ജീവരക്ഷക്കായുള്ള മരുന്നുകളും മറ്റും ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യ സമയത്ത് എത്തിച്ചു കൊടുത്തുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഈ ദുരിത കാലത്ത് തന്നോടൊപ്പം നിന്ന് പ്രവർത്തിച്ച 22 ഡ്രൈവർമാർക്ക് 50000 രൂപ വീതം നൽകി ബിജു രാമൻ ഇവരുടെയെല്ലാം സേവനത്തിന്റെ മൂല്യം ഉയർത്തിപ്പിടിച്ചത്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 22 ഡ്രൈവർമാർക്ക് കൈത്താങ്ങായി ഒരു കോടിയിലധികം രൂപയാണ് ഈ യുവ സംരംഭകൻ ചിലവഴിച്ചത്. തൃശൂർ ഒല്ലൂർ സ്വദേശിയാണ് ബിജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News