പ്രശാന്ത് ഭൂഷനെതിരായ സുപ്രീംകോടതി നടപടികള്‍ ക്രമവിരുദ്ധം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

പ്രശാന്ത് ഭൂഷനെതിരായ സുപ്രീംകോടതി നടപടികള്‍ ക്രമവിരുദ്ധമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ് പറഞ്ഞു. ‘കോടതിയലക്ഷ്യം അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യം’ എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയലക്ഷ്യ കേസില്‍ വാദം നടത്താന്‍ അറ്റോര്‍ണി ജനറലിന് അനുവാദം നല്‍കണമായിരുന്നു. നിയമാനുസൃതം പ്രോസിക്യൂട്ടറാകേണ്ടത് അറ്റോര്‍ണി ജനറലാണ്. ശിക്ഷിക്കാനുള്ള തീരുമാനമെടുത്തശേഷമാണ് അറ്റോര്‍ണി ജനറലിന് സംസാരിക്കാന്‍ അവസരം നല്‍കിയത്.

സ്വമേധയാ കോടതിയലക്ഷ്യ നടപടികളില്‍ പ്രോസിക്യൂട്ട് ചെയ്യേണ്ടത് അറ്റോര്‍ണി ജനറലാണ്. നാലരമണിക്കൂര്‍ നീണ്ട നടപടിക്രമങ്ങളില്‍ അറ്റോര്‍ണി ജനറലിന് അവസരം നല്‍കിയിരുന്നില്ലെന്ന കാര്യം അദ്ദേഹത്തില്‍നിന്ന് നേരിട്ട് മനസ്സിലാക്കിയതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

തനിക്കെതിരെയുള്ള കോടതിയലക്ഷ്യ ഹര്‍ജികള്‍ ഒരു പ്രത്യേക ബെഞ്ചില്‍ മാത്രം എത്തുന്നതിനെതിരെ പ്രശാന്ത് ഭൂഷൻ ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു.

ഈ പരാതിക്ക് എന്തുസംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. തങ്ങള്‍ക്ക് ഉചിതമാണെന്ന് തോന്നുന്ന കോടതികള്‍ തെരഞ്ഞെടുക്കാന്‍ കക്ഷികള്‍ ശ്രമം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ദേശീയ പ്രസിഡന്റ് ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ അധ്യക്ഷനായി. അഡ്വക്കറ്റ് ജനറലിന്റെ അനുമതിയില്ലാതെ ഒരു വ്യക്തി സമര്‍പ്പിക്കുന്ന കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ക്രിയാത്മക വിമര്‍ശനം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ ആധാരശിലയാണെന്നും അത്തരം വിമര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ജസ്റ്റിസ് ഗോപാല ഗൗഡ പറഞ്ഞു.

ഇത്തരം വിമര്‍ശനങ്ങളെ കൊളോണിയല്‍ പാരമ്പര്യമുള്ള കര്‍ശന നിയമം മൂലം അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തിന്റെ അടിത്തറയിളക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യം എത്രകണ്ട് പരിധിയുള്ള അവകാശമാണോ അത്രതന്നെ പരിധിയുള്ള അധികാരമാണ് കോടതിയലക്ഷ്യത്തിന് ശിക്ഷിക്കാനുള്ള അധികാരമെന്ന് ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു.

നമ്മുടെ ഭരണഘടന ലിഖിതവും അലിഖിതവും ആണെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി വി സുരേന്ദ്രനാഥ്, ലോയേഴ്‌സ് യൂണിയന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News