സ്വര്‍ണക്കടത്ത് കേസ്: വി മുരളീധരനും കെ സുരേന്ദ്രനും ബിജെപിയില്‍ ഒറ്റപ്പെട്ടു; ഭീഷണിയുമായി ആർഎസ്‌എസ്‌

സ്വർണകള്ളക്കടത്തു കേസിൽ പ്രതിരോധത്തിലായ കേന്ദ്ര വിദേശ സഹമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും ബിജെപിയിൽ ഒറ്റപ്പെട്ടു.

കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം പിടിച്ചെടുത്തെങ്കിലും സംഘടനയെ ചലിപ്പിക്കാൻ കഴിയാതെ കുഴങ്ങുകയാണ്‌ നേതൃത്വം.

പ്രബലമായ പി കെ കൃഷ്‌ണദാസ്‌പക്ഷവും ആർഎസ്‌എസും മുരളീധരൻ ഗ്രൂപ്പുമായി ഇടഞ്ഞുതന്നെ നിൽക്കുകയാണ്‌. ഇവരുടെ നിസ്സഹകരണം മൂലം ഒരു പരിപാടിപോലും സംഘടിപ്പിക്കാൻ ബിജെപിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

സ്വർണക്കടത്തു കേസിൽ വി മുരളീധരന്റെ വിശ്വസ്തനായ ജനം ടിവി കോ–-ഓർഡിനേറ്റിങ്‌‌ എഡിറ്റർ അനിൽ നമ്പ്യാർ പ്രതിക്കൂട്ടിലായതോടെ ചാനൽ ചർച്ചകളിൽനിന്നുപോലും മാറി നിൽക്കുകയാണ്‌ കൃഷ്‌ണദാസ്‌പക്ഷം. ഗ്യാലറിയിലിരുന്ന്‌ കളി കാണുക എന്ന നയമാണ്‌ കൃഷ്‌ണദാസ്‌പക്ഷവും ആർഎസ്‌എസും സ്വീകരിക്കുന്നത്‌.

സ്വർണക്കടത്തുകേസിൽ തുടക്കംമുതൽ വി മുരളീധരൻ സ്വീകരിച്ച നിലപാട്‌ ബിജെപിയെ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമാണ്‌ കൃഷ്‌ണദാസ്‌പക്ഷത്തിനും ആർഎസ്‌എസിനും. സ്വർണം കൊണ്ടുവന്നത്‌ നയതന്ത്രബാഗിലല്ല എന്നു തുടങ്ങി ജനം ടിവിയെ തള്ളിപ്പറഞ്ഞതു‌വരെ ബിജെപിയിലെ ആഭ്യന്തരചർച്ചകളി ൽ സജീവമാണ്‌.

ഇതുസംബന്ധിച്ച്‌ കൃഷ്‌ണദാസ്‌പക്ഷം കേന്ദ്രത്തിന്‌ പരാതി നൽകിയിരുന്നു. കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയതിനെത്തുടർന്നാണ്‌ ആർഎസ്‌എസ്‌ നിസ്സഹകരണം തുടങ്ങിയത്‌. കൃഷ്‌ണദാസ്‌പക്ഷത്തെ എ എൻ രാധാകൃഷ്‌ണൻ സഹഭാരവാഹിത്വം ഏറ്റെടുക്കാതെ മാറി നിന്നു.

പിന്നീട്‌ കോർ കമ്മിറ്റിയിലുൾപ്പെടുത്തിയാണ്‌ അനുനയിപ്പിച്ചത്‌. മറ്റൊരു ഭാരവാഹിയായ ശോഭ സുരേന്ദ്രൻ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. മുൻ ഭാരവാഹികളും മുതിർന്ന നേതാക്കളുമായ കെ പി ശ്രീശൻ, പി എം വേലായുധൻ, എം എസ്‌ കുമാർ, എൻ ശിവരാജൻ തുടങ്ങി നേതാക്കളും പ്രവർത്തകരും നേതൃത്വവുമായി സഹകരിക്കാതെ നിൽക്കുകയാണ്‌. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഏകപക്ഷീയ പ്രവർത്തനശൈലിയുമായി യോജിക്കില്ലെന്ന നിലപാടിലാണിവർ.

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയം ആർഎസ്‌എസ്‌ ഏറ്റെടുക്കാൻ തീരുമാനിച്ചിരിക്കയാണ്‌. തങ്ങൾ നിർദേശിക്കുന്നവരെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ പ്രചാരണരംഗത്തുനിന്ന്‌ മാറിനിൽക്കുമെന്ന്‌ ആർഎസ്‌എസ്‌ ഭീഷണി മുഴക്കി‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News