അടുത്തറിയുന്നവന്റെ ബലഹീനത, അടുത്തറിയാത്തവന്റെ അഹങ്കാരം! മൂന്നക്ഷരങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തി മലയാളികള്‍ മനസ്സില്‍ കോറിയിട്ട ഒറ്റപ്പേര്: മമ്മൂക്ക

അനന്യമായ അഭിനയപ്രതിഭ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്, അദ്ദേഹത്തെ ഏറെക്കാലമായി അടുത്തുനിന്ന് കാണുന്ന ഒരാള്‍ എഴുതിയ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.

പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമയിലെ ശോഭിക്കുന്ന ഈ നക്ഷത്രത്തെക്കുറിച്ച് പ്രശസ്ത സംവിധായകനും എഴുത്തുകാരും പറഞ്ഞ വാചകങ്ങള്‍ ഒക്കെ ഈ കുറിപ്പില്‍ ഓര്‍മ്മിക്കുന്നുണ്ട്. നസീര്‍ മുഹമ്മദ് ആണ് ഈ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കുറിപ്പ് വായിക്കാം.

വെളിച്ചം ഇരുട്ടിനു വഴിമാറികൊടുത്തുകൊണ്ട് തിരശീലയുയര്‍ന്നു,
ഒപ്പം ആരവങ്ങളും
തങ്ങളുടെ നായക സങ്കല്‍പ്പം വെള്ളിത്തിരയില്‍ തെളിയുന്നത് കാണാന്‍..
ആകാംഷയോടെ….

”സമഗ്ര സുഭഗമായ അഭിനയം! കാലം കണ്ടെത്തിയ നടന്‍”
പറഞ്ഞത് മറ്റാരുമല്ല മലയാളത്തിന്റെ മഹാനായ എഴുത്തുകാരന്‍
എം ടി വാസുദേവന്‍ നായര്‍,
ആ.. വാക്കുകള്‍ മലയാള സിനിമയുടെ ഹൃദയത്തില്‍ കൊത്തിവെക്കപ്പെട്ടു!
അതെ..
എം ടി യുടെ
ആദ്യ സംവിധാന സംരംഭമായ ”ദേവലോകം” സിനിമയിലൂടെ
ആ.. മഹാ ചരിത്രം പിറവിയെടുക്കുകയായിരുന്നു.

താരതമ്യം കുന്തമുനയില്‍ കോര്‍ത്ത് മുന്നിലേക്കിട്ടവരോട് തന്റേതായ ശൈലിയില്‍ പ്രസന്നമായ വാക്കുകളിലൂടെ ഏറ്റവും നല്ല നടനെന്നുറപ്പിച്ചു പറഞ്ഞ
മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകന്‍
അടൂര്‍ ഗോപാലകൃഷ്ണന്‍,

”വന്‍ കടല്‍ത്തിര പോലെ.. മഹാനഗരത്തിന്റെ ഇരുമ്പലര്‍ച്ച പോലെ.. സൂര്യജജ്വലനത്താല്‍ ചുവന്ന ഗംഭീരവാനം പോലെ… തലയുയര്‍ത്തിപ്പിടിച്ച അഭിനയ പൂര്‍ണ്ണതയുടെ മഹാമേരു!”
എന്ന് വിശേഷിപ്പിച്ച രഞ്ജിത്ത് ,

”അടക്കി പിടിച്ച അഭിനയത്തിന്റെ ഊഷ്മളത’ … എന്നാണ്
ലോകപ്രശസ്ത സിനിമ നിരൂപകന്‍ ഡെറിക് മാല്‍കം
പറഞ്ഞെതെങ്കില്‍ ….

”തലമുറകളുടെ താരം”
എന്ന വിശേഷണമാണ് സത്യന്‍ അന്തിക്കാട് നല്‍കിയത്

സേതുമാധവനും,
കെ ജി ജോര്‍ജ്ജും, രഞ്ജിത്തും,
ഐ വി ശശിയും, ടി വി ചന്ദ്രനും, ഷാജി എന്‍ കരുണും,
ബാലു മഹേന്ദ്രയും, ഹരിഹരനും, ഭരതനും, പദ്മരാജനും, ജേസിയും, പവിത്രനും,
പി ജി വിശ്വംബരനും, ജോഷിയും,
ബാലചന്ദ്രമേനോനും,
കൊച്ചിന്‍ ഹനീഫും,
സിബി മലയിലും,
ഡെന്നിസ് ജോസഫും, വേണുവും,
ഫാസിലും, ലോഹിതദാസും,
സലിം അഹമ്മദും, കമലും, ബ്ലെസ്സിയും,
ഷാജി കൈലാസും,
കലൂര്‍ ഡെന്നിസും,
എസ് എന്‍ സ്വാമിയും, ജയരാജും, ജോമോനും അടക്കമുള്ള നിരവധി പ്രഗല്‍ഭ സംവിധായകരുടെയും എഴുത്തുകാരുടെയും
തുടങ്ങി..

അന്‍വര്‍ റഷീദും അമല്‍ നീരദും മാര്‍ട്ടിന്‍ പ്രക്കാട്ടും
ഖാലിദ് റഹ്മാനും ഇങ്ങനെ പോയി എത്തി നില്‍ക്കുന്ന പുതു തലമുറക്കാരുടെയും.. മാത്രമല്ല..

കെ ബാലചന്ദര്‍, കെ വിശ്വനാഥ്, മണിരത്‌നം, ഇക്ബാല്‍ ദുറാനി,
റാം, ഡി. അരവിന്ദ്, സുമതി റാം, എസ്. പി. രാജ്കുമാര്‍, സുരേഷ്, എന്‍. ലിംഗുസാമി,
രാജീവ് മേനോന്‍, വി. സി. രമണി, കെ. ഭാരതി,
ആര്‍ കെ സെല്‍വമണി,
സെല്‍വ, രാജ്കുമാര്‍ സന്തോഷി,
പാര്‍വതി മേനോന്‍,
മഹി വി രാഘവ്,
കോടി രാമകൃഷ്ണ,
ഉമ മഹേശ്വര റാവു, അഭയ സിംഹ
തുടങ്ങിയ പ്രശസ്ത അന്യഭാഷ സംവിധായകരുടെ നായക സങ്കല്പത്തിന്റെയും,

ഇന്ത്യന്‍ സിനിമയിലെ പുതു തലമുറക്കാരുടെ സിനിമയെന്ന സ്വപ്ന സാക്ഷല്‍ക്കാരത്തിന്റെയും ”സൂര്യതേജസ്സ്”

പി ജെ ആന്റണിക്കും, ഭരത് ഗോപിക്കും, ബാലന്‍ കെ നായര്‍ക്കും, പ്രേംജിക്കും പിന്മുറക്കാരനായി ദേശിയ പുരസ്‌കാര
ബഹുമതിയായ സ്വര്‍ണ്ണപ്പതക്കം മൂന്ന് തവണ നേടിയെടുത്തുകൊണ്ട്
ഇന്ത്യന്‍ സിനിമ ലോകത്തിന്റെ ഒന്നാം നിരയില്‍ മലയാള സിനിമയുടെ സ്ഥാനമുറപ്പിച്ച മലയാളത്തിന്റെ നിറകുടം!

തോപ്പില്‍ ഭാസിയുടെ കഥാപാത്രമായ്
കെ.എസ്. സേതുമാധവന്‍
സംവിധാനം തീര്‍ത്ത മലയാളത്തിന്റെ
”ഭാവാഭിനയ ചക്രവര്‍ത്തി”
സത്യന്‍ മാസ്റ്റര്‍ നായകനായ
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ സാന്നിധ്യമാകാന്‍ ഭാഗ്യം ലഭിച്ചതും ഈ നടന് മാത്രം സ്വന്തം!

മലയാള സിനിമയുടെ ആദ്യ ”സൂപ്പര്‍ സ്റ്റാര്‍”
പത്മശ്രീ. തിക്കുറിശ്ശി സുകുമാരന്‍ നായര്‍,
”മലയാള സിനിമയുടെ ബാപ്പ” എന്ന് വിശേഷിപ്പിക്കുന്ന നിത്യഹരിത നായകന്‍
പത്മശ്രീ. പ്രേം നസീര്‍, സംവിധായകനായും നിര്‍മ്മാതാവായും നടനായും
”ഒരു കാലഘട്ടത്തിന്റെ നായകന്‍”
പത്മശ്രീ. മധു,
ഈ അപൂര്‍വ്വ പ്രതിഭകള്‍ക്ക് പുറകെ ഭാരത സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ച ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും മലയാളി മുഖം.

ചരിത്ര കഥാപാത്രങ്ങളുടെ അവതാര പുരുഷനെന്ന്
ജബ്ബാര്‍ പട്ടേല്‍ പറഞ്ഞ
ആ.. നായകനാണ് വരുന്നത് , അവനെയാണ് ആകാംഷയോടെ,
ഈ ഇരുണ്ട മുറിയില്‍
കണ്ണ് ചിമ്മാതെ കാത്തിരിക്കുന്നത്…

ഇരുട്ടില്‍ ജ്വലിച്ചു തിളങ്ങുന്ന അഭിനയ തീക്ഷ്ണതയുടെ വെള്ളി വെളിച്ചം.

അലറിയും, ഇടറിയും, പതുങ്ങിയും, മൃദുവായും, അടക്കിപ്പിടിച്ചും, നിശബ്ദ ഭാഷയിലും കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്ന ശബ്ദ നിയന്ത്രണം.

ഭാഷകളും ദേശങ്ങളും തേടിവന്ന അഭിനയ തലങ്ങളുടെ അമരക്കാരന്‍.

ദേശങ്ങളും ഭാഷകളും കടന്നു ഒരു കൊച്ചു നാടിനെ ലോക കലാലയത്തിന് മുന്നില്‍ തലയെടുപ്പോടെ പ്രതിഷ്ഠിച്ച കലാകാരന്‍.

തിടമ്പേറ്റിയ ഗജവീരനെപ്പോലെ ഇന്ത്യന്‍ സിനിമയുടെ പൂരോത്സവ മണ്ണില്‍ ശിരസ്സുയര്‍ത്തിപ്പിടിച്ച്
നിവര്‍ന്നു നില്‍ക്കുന്ന മലയാള സിനിമയുടെ അഭിമാനം.

അക്ഷരങ്ങള്‍ കൊണ്ട് വര്‍ണ്ണിച്ചു വലുതാക്കാനോ, വാക്കുകള്‍ കൊണ്ട് ചെറുതാക്കാനോ കഴിയാത്ത നിഷ്പ്രഭയാര്‍ന്ന അഭിനയത്തികവിന്റെ ആള്‍ രൂപം.

നടന കലയെ ഭ്രാന്തമായി പ്രണയിച്ച അഭിനയ കലയുടെ പകരക്കാരനില്ലാത്ത ആചാര്യന്‍.

മലയാളികളുടെ ഹൃദയ വിശാലതയുടെ മുഖചിത്രം,

അടുത്തറിയുന്നവന്റെ ബലഹീനത,
അടുത്തറിയാത്തവന്റെ അഹങ്കാരം!

മൂന്നക്ഷരങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തി മലയാളികള്‍ എന്നോ മനസ്സില്‍ കോറിയിട്ട ഒറ്റപ്പേര്.

അതുകൊണ്ട്..
പേരെടുത്തു പറയുന്നതിന് ഇവിടെ പ്രസക്തിയില്ല!

ഓട്ടു വിളക്കുപോലെ തുടക്കും തോറും തിളങ്ങുന്ന
ഈ വിസ്മയ പ്രതിഭയ്ക്ക്

ഇന്ന് പിറന്നാള്‍

മലയാളികളുടെ..
മലയാളത്തിന്റെ…
മലയാള മണ്ണിന്റെ…
ഇതിഹാസം !

ചാറ്റല്‍ മഴയ്ക്ക് മുന്‍പേ വരുന്ന കാറ്റിന്റെ ആഗമനം മാത്രമേ എനിക്ക് ഇവിടെ എഴുതാന്‍ കഴിഞ്ഞൊള്ളു!
കഥ പോലെ കാര്യം പറയാന്‍, സത്യം, ഇനിയുമുണ്ട് ഒരു പാട്

അറിയാവുന്ന പോലെ എന്റെ കാഴ്ച്ചപ്പാട് ഞാന്‍ എഴുതാന്‍ ശ്രമിച്ചു.

സ്‌നേഹത്തോടെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News