തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തും; തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ എം.പി.മാര്‍ സമ്മര്‍ദ്ദം ചെലുത്തും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗത്തിന്റേതാണ് തീരുമാനം. സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും ഇതുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ സംരംഭകനെ ഏല്‍പിക്കാനുള്ള തീരുമാനം തിരുത്തുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താനാണ് യോഗം തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ച് സ്വകാര്യവല്‍ക്കരണവുമായി കേന്ദ്രം മുന്നോട്ടുപോവുകയാണെങ്കില്‍ ഇതുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു വിധത്തിലും സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള കമ്പനിയെ വിമാനത്താവള നടത്തിപ്പ് ഏല്‍പ്പിക്കണമെന്നതാണ് ആവശ്യം.

ബി.പി.സിഎല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണം. ബി.പി.സി.എല്ലിന്റെ കൊച്ചി റിഫൈനറി സ്ഥാപിച്ചത് കേരള സര്‍ക്കാര്‍ കൂടി മുന്‍കയ്യെടുത്താണ്. നല്ല സാമ്പത്തിക പിന്തുണയും സംസ്ഥാനം നല്‍കിയിട്ടുണ്ട്.

ജൂലൈ വരെയായി സംസ്ഥാനത്തിന് 7000 കോടിരൂപ ജി.എസ്.ടി. നഷ്ടപരിഹാരം ലഭിക്കാനുണ്ട്. ഈ തുക ഉടനെ ലഭ്യമാക്കണം. നഷ്ടപരിഹാരത്തുക മുഴുവനായി സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷത്തെ വായ്പയായി എടുക്കേണ്ടതാണെന്ന നിര്‍ദ്ദേശം സംസ്ഥാനത്തിന് സ്വീകാര്യമല്ല. ഇതു സംസ്ഥാനത്തിന്റെ വായ്പാ ബാധ്യത വര്‍ദ്ധിപ്പിക്കും.

ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടുകയും മൊറട്ടോറിയം കാലയളവിലെ പലിശക്ക് ഇളവ് നല്‍കുകയും വേണം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കണം. ഇക്കാര്യം 15-ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയമായി ഉള്‍പ്പെടുത്തണം.

ദേശീയപാത വികസനം വേഗത്തിലാക്കണം. ഭൂമി ഏറ്റെടുക്കുന്നതിലുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതിന് ദേശീയപാതാ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ നിന്നുള്ള ധനവിനിയോഗത്തിന് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വിവേചനാധികാരം നല്‍കണം.

കൂടാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരോദാത്തമായി പോരാടിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസല്യാരുടെയും പേരുകള്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടു പിന്‍വലിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും എം.പി.മാരുടെ യോഗം ഏകകണ്ഠമായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here