ചെക്ക് വസന്തത്തിന് ചെക്ക്; ജിറി മന്‍സലിന്റെ ഓര്‍മ്മ

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ ജെറി മന്‍സലിനെക്കുറിച്ച് ബിജു മുത്തത്തി എഴുതുന്നു

മിലന്‍ കുന്ദേരയ്ക്ക് നാല് പതിറ്റാണ്ടിനു ശേഷം ചെക്ക് റിപ്പബ്ലിക്ക് പൗരത്വം തിരിച്ചു നല്‍കിയ വാര്‍ത്ത കേട്ടപ്പോഴാണ് ജിറി മന്‍സലിനെ ഓര്‍ത്തത്. കുന്ദേരയെ പോലെ തന്നെ പ്രാഗ് വസന്തത്തിന്റെ പതനത്തെ തുടര്‍ന്ന് ഫ്രാന്‍സിലേക്ക് ഓടിപ്പോകേണ്ടി വന്നയാളാണ് ജിറിയും.

പ്രാഗ് വസന്തത്തിന്റെ മുറിവുകളില്‍ നിന്ന് പലായനത്തിന്റെ സംഗീതവും സാഹിത്യവും ചലച്ചിത്രങ്ങളും മുഴങ്ങിയപ്പോള്‍ മുന്‍ നിരയില്‍ കേട്ട പേരുകളില്‍ ഒന്നായിരുന്നു ജിറി മെന്‍സലിന്റേത്. മിലന്‍ കുന്ദേരയുടെ ‘ദി അണ്‍ബിയറബിള്‍ ലൈറ്റ്നെസ്സ് ഓഫ് ബീയിംഗ്’ എന്ന നോവല്‍ പോലെ തന്നെ പ്രശസ്തമായിരുന്നു ജിറി മെന്‍സലിന്റെ
Larks on a string എന്ന ചലച്ചിത്രകാവ്യവും.

2013 ലെ ഗോവ ചലച്ചിത്ര മേളയില്‍ വെച്ചാണ് ജിറിയെ നേരിട്ടു കണ്ടത്. പഴയ സോവിയറ്റ് ബ്ലോക്കുകളില്‍ നിന്നുള്ള ഏതുതരം സിനിമകളോടുമുള്ള ആവേശമാണ് ജിറിയുടെ സിനിമകളിലുമെത്തിച്ചത്. ശീതയുദ്ധകാലത്തെ സിനിമാ യുദ്ധങ്ങളില്‍ ഏതാണ് അധിനിവേശം ഏതാണ് അടിമത്തം ഏതാണ് വിമോചനം എന്ന അന്തമില്ലാത്ത പദപ്രശ്‌നങ്ങള്‍ക്കു മുന്നില്‍ സംശയങ്ങളേതുമില്ലാതെ ചിരിച്ചു നിന്ന ജിറി മെന്‍സലിനെ ഓര്‍ക്കുന്നു.

പ്രാഗ് വസന്തത്തെ സോവിയറ്റ് യൂനിയന്‍ സൈനീകമായി തകര്‍ത്തതിനു ശേഷമുള്ള ശുദ്ധീകരണത്തിന്റെ ഇരയാണ് താനെന്ന് അദ്ദേഹം തെളിച്ചു പറഞ്ഞു. വിശ്വസിക്കാത്ത സോവിയറ്റ് ആരാധകരെ കണക്കിന് പരിഹസിച്ചു.

1968ല്‍ അലക്സാണ്ടര്‍ ഡ്യൂബെക്കിന്റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ ഉദാരവത്ക്കരണമാണ് പ്രാഗ് വസന്തം. സോവിയറ്റ് യൂനിയനും സഖ്യരാജ്യങ്ങളും യുദ്ധ ടാങ്കുകളിറക്കി ആ ജനാധിപത്യ വസന്തത്തെ കരിച്ചു കളഞ്ഞുവെന്നാണ് വലിയൊരു ലോകം ഇപ്പോഴും വിശ്വസിക്കുന്നത്.

പ്രാഗ് വസന്തത്തെക്കുറിച്ച് രണ്ട് ചരിത്രമുണ്ടെങ്കിലും ജിറിയുടെ Larks on a string ഒരപാര ചലച്ചിത്ര സൃഷ്ടിയാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

ഭരണകൂടം ലേബര്‍ ക്യാമ്പുകളില്‍ തടവിലാക്കിയ മനുഷ്യരുടെ അടിച്ചമര്‍ത്താനാവാത്ത സ്വാതന്ത്ര്യഗാഥ. തളരാത്ത സ്‌നേഹവും നന്മയും കൊണ്ട് തടവു മുറികളെ അതിജയിക്കുന്ന മാനവികത. ഉത്കടമായ മനുഷ്യേച്ഛകള്‍ക്ക് മുന്നില്‍ വിലങ്ങുകള്‍ പൂമാലകളാകുന്നത് പോലുള്ള അനുഭവം. അതൊക്കെ കൊണ്ട് തന്നെയാകണം 1969ല്‍ ചിത്രീകരിച്ച Larks on a string പുറത്തിറക്കാനായത് 1990ലെ ബെര്‍ലിന്‍ മേളയിലാണ്.

1967ല്‍ ആദ്യ സിനിമയായ Closely Watched Trains ന് ഓസ്‌കാര്‍ നേടിയ സംവിധായകന് പിന്നീട് തന്റെ രണ്ടാമത്തെ ചിത്രം ലോകത്തെ കാണിക്കാനായത് രണ്ട് പതിറ്റാണ്ടിനു ശേഷം!

ജിറി മന്‍സല്‍ തളര്‍ന്നില്ലെന്ന് മാത്രമല്ല കൂടുതല്‍ കരുത്തനും ഉല്ലാസവാനുമാവുകയായിരുന്നു. അത്യസാധാരണമായ തന്റെ ആക്ഷേപഹാസ്യ ചിന്ത കൊണ്ട് ചലച്ചിത്രകലയിലെ രണ്ട് കലഘട്ടങ്ങളുടെയും രണ്ട് തലമുറകളുടെയും വ്യാഖ്യാതാവായി ഉയര്‍ന്നു നില്‍ക്കുകയായിരുന്നു.

പ്രാഗിലെ തടവറ മതില്‍ മാത്രമല്ല രാജ്യങ്ങളുടെയും വന്‍കരകളുടെയും വരെ അതിര്‍ത്തികള്‍ വെന്ന ജീവിതത്തിന്റെ സൗന്ദര്യകാരനായി മുഴുകുകയായിരുന്നു അവസാന നിമിഷം വരെയും.
ആ വസന്തത്തിന് ഇനി വിട!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News