നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

സുശാന്ത് സിംഗ് രജപുത് കേസുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തു.

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് വധക്കേസുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനക്കേസില്‍ റിയാ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റസമ്മതം നടത്തിയ നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇതിന് മുന്‍പ് നടിയുടെ സഹോദരന്‍ ഷോയിക് ചക്രവര്‍ത്തി, സുശാന്തിന്റെ രണ്ട് അടുത്ത സഹായികളായ സാമുവല്‍ മിറാന്‍ഡ, ദിപേഷ് സാവന്ത് തുടങ്ങിയവരെയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു.

വളരെ നാടകീയമായ വഴിത്തിരിവാണ് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷത്തില്‍ മയക്ക് മരുന്ന് ബന്ധങ്ങള്‍ പുറത്ത് വരുന്നതും നടനുമായി അടുത്ത ബന്ധമുള്ളവര്‍ അറസ്റ്റിലാകുന്നതും.

മരിജുവാന തുടങ്ങിയ ലഹരി നിറച്ച സിഗരറ്റ് വലിച്ചിരുന്നതായി റിയ എന്‍സിബിയുടെ മുമ്പാകെ സമ്മതിച്ചു. സുശാന്ത് സിംഗ് രജ്പുത്തിനൊപ്പം മയക്കുമരുന്ന് നിറച്ച സിഗരറ്റ് വലിക്കാറുണ്ടായിരുന്നുവെന്നും 2016 മുതല്‍ സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും റിയ വെളിപ്പെടുത്തി.

റിയയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇവര്‍ 2017 മുതല്‍ മയക്കുമരുന്ന് സംഘങ്ങളില്‍ സജീവമായിരുന്നുവെന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍, വാട്ട്സ്ആപ്പ് ചാറ്റുകള്‍, എസ്എംഎസ് എന്നിവ അന്വേഷണ ഏജന്‍സികള്‍ കണ്ടെടുത്തു.

ബോളിവുഡിലെ വമ്പന്‍ സ്രാവുകളടക്കമുള്ളരുടെ ബന്ധവും ഈ ഫോട്ടോഗ്രാഫുകളിലും വീഡിയോകളിലും ഉണ്ടായിരുന്നു. നിരവധി ബോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ എന്‍സിബിയുടെ നിരീക്ഷണ വലയത്തിലാണ്. ഇവരെ ചോദ്യം ചെയ്യുമോ ഇല്ലയോ എന്നതില്‍ ഇനിയും വ്യക്തതയില്ല.

കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് നടിയെ കോവിഡ് പരിശോധന ഉള്‍പ്പെടെയുള്ളയുള്ള മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സി.ബി.ഐ.യും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉള്‍പ്പടെ മൂന്ന് ഫെഡറല്‍ ഏജന്‍സികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വിവിധ കോണുകളില്‍ നടത്തുന്നത് .

അതേസമയം, മയക്കുമരുന്ന്, നിയമപ്രകാരം നിരോധിച്ച സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ നിര്‍ദ്ദേശിച്ചെന്ന പരാതിയില്‍ നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാര്‍ക്കും മറ്റുള്ളവര്‍ക്കും നേരെ ക്രിമിനല്‍ ഗൂഡാലോചനക്കും മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സുശാന്തിന്റെ സഹോദരിമാരായ പ്രിയങ്ക സിംഗ്, മീതു സിംഗ്, ദില്ലി ആസ്ഥാനമായുള്ള ഡോക്ടര്‍ തരുണ്‍ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് റിയ ചക്രവര്‍ത്തിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News