അതിർത്തിയിൽ ഭീതി ; തോക്കെടുത്ത്‌‌‌ ചൈന; കാണാതായ യുവാക്കൾ ചൈനയുടെ പിടിയിൽ

സംഘർഷഭരിതമായ ഇന്ത്യ–-ചൈന അതിർത്തിയിൽ ചൈനീസ്‌ സൈനികർ ആകാശത്തേക്ക്‌ വെടിവച്ചു. സ്ഥിതിഗതികൾ അതിഗുരുതരമാണ്‌. തിങ്കളാഴ്‌ച കിഴക്കൻ ലഡാക്കിലെ മുഖ്‌പാരിക്കുസമീപം ചൈനീസ്‌ നീക്കം ചെറുക്കാൻ ഇന്ത്യൻ സൈനികർ ശ്രമിച്ചതോടെയാണ്‌ വെടിവയ്‌പുണ്ടായത്‌. കുന്തങ്ങളും മൂർച്ചയേറിയ ആയുധങ്ങളും ഇരുമ്പുവടികളുമായി‌ ചൈനീസ്‌ സൈനികർ അതിർത്തിയിൽ നിൽക്കുന്ന ചിത്രം പുറത്തുവന്നു.

45 വർഷത്തിനിടെ ആദ്യമാണ്‌ അതിർത്തിയിൽ വെടിവയ്‌പ്‌. സർവ സമാധാന കരാറുകളും ലംഘിച്ച്‌ പ്രകോപനപരമായി ചൈനീസ്‌ സൈനികർ ആകാശത്തേക്ക്‌ ഏതാനും തവണ വെടിയുതിർത്തെന്ന്‌ പ്രതിരോധമന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു. സൈനിക–-നയതന്ത്ര–-രാഷ്‌ട്രീയതല ചർച്ചകൾ നടക്കുന്നതിനിടെയാണ്‌ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) മുൻനിര പോസ്‌റ്റിനു സമീപത്തേക്ക്‌ ചൈനീസ്‌ സൈനികർ എത്തിയത്‌. ഇന്ത്യൻ സൈന്യം പക്വവും ഉത്തരവാദിത്തപരവുമായ സമീപനം തുടർന്നെന്ന്‌ മന്ത്രാലയം പറഞ്ഞു.

പാംഗോങ്‌ തടാകത്തിന്റെ തെക്കൻമേഖലയിൽ റെചിൻലാ-–-റെസാംഗ്‌ല-–മുഖ്പാരി എന്നിവയ്‌ക്കും മഗർ ഹില്ലിനും ഇടയിലെ ഉയർന്ന തന്ത്രപ്രധാനമേഖലയിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിടത്തേക്കാണ്‌ ചൈനയുടെ നീക്കം‌. ഇന്ത്യൻ സൈനികർ അനധികൃതമായി എൽഎസി കടന്നുകയറി വെടിയുതിർത്തെന്ന്‌ തിങ്കളാഴ്‌ച രാത്രി ചൈനയുടെ വെസ്‌റ്റേൺ തിയറ്റർ കമാൻഡ്‌‌ ആദ്യം ആരോപിച്ചു‌.

പട്രോളിങ് സംഘത്തെ ഇന്ത്യൻ സൈനികർ ഭീഷണിപ്പെടുത്തിയെന്നും സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ചൈനയുടെ അതിർത്തി കാവൽപ്പട എതിർ നടപടി സ്വീകരിക്കാൻ നിർബന്ധിതരായെന്നും വക്താവ്‌ പറഞ്ഞു. ആരോപണം പൂർണമായി തള്ളിയ ഇന്ത്യ, തിയറ്റർ കമാൻഡിന്റെ പ്രസ്‌താവന ആഭ്യന്തര, അന്താരാഷ്‌ട്ര പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനാണെന്ന്‌ ചൂണ്ടിക്കാട്ടി.

പുതിയ സാഹചര്യത്തിൽ മുഖ്പാരി മേഖലയിൽ ഇന്ത്യ 7,000 സൈനികരേയും ടാങ്ക്‌ അടക്കമുള്ള ആധുനിക ആയുധങ്ങളും വിന്യസിച്ചു. നിരീക്ഷണം ശക്തമാക്കി‌. പ്രശ്‌നപരിഹാരത്തിന്‌ സൈനികതല ചർച്ച തുടരുമെന്ന്‌ കരസേന അറിയിച്ചു.

നിലവിലെ സാഹചര്യം കരസേനാ മേധാവി എംഎം നരവനെ പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങിനെ അറിയിച്ചു. സംഘർഷം ലഘൂകരിക്കാൻ ഇരു രാജ്യത്തെയും വിദേശകാര്യമന്ത്രിമാർ വ്യാഴാഴ്‌ച മോസ്‌കോയിൽ ചർച്ച നടത്തും.

കിഴക്കൻ ലഡാക്കിൽ മെയ്‌ ആദ്യം തുടങ്ങിയ ഇന്ത്യ–- ചൈന അതിർത്തി സംഘർഷം വെടിവയ്‌പിലൂടെ ഭീതിദമായ വഴിത്തിരിവിലേക്ക്‌‌. അരുണാചൽപ്രദേശ്‌ മേഖലയിലെ യഥാർഥ നിയന്ത്രണരേഖയിൽ 1975 ഒക്‌ടോബറിലാണ്‌ ഇതിനുമുമ്പ്‌ അവസാനമായി ഇന്ത്യ–-ചൈന സൈനികർ തമ്മിൽ വെടിവയ്‌പുണ്ടായത്‌. പിന്നീട്‌ 45 വർഷത്തിനിടെ ദിവസങ്ങൾനീണ്ട സംഘർഷം 3488 കിലോമീറ്ററുള്ള അതിർത്തിയിൽ ഉണ്ടായെങ്കിലും വെടിമുഴങ്ങിയിട്ടില്ല. ഗൽവാൻ താഴ്‌വരയിൽ ജൂൺ 15ന്‌ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട രക്തരൂഷിത സംഘട്ടനത്തിൽപ്പോലും ‌വെടിവയ്‌പുണ്ടായിട്ടില്ല.

എന്നാൽ, തിങ്കളാഴ്‌ച ചൈന ആകാശത്തേക്ക്‌ വെടിയുതിർത്തത്‌ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കി. പാംഗോങ്‌‌ തടാകതീരത്തെ ഉയർന്ന മേഖലകളിലേക്ക്‌ ചൈനീസ്‌ സൈന്യം ആഗസ്‌ത്‌ 29– -31 ദിവസങ്ങളിൽ നടത്തിയ നീക്കം ഇന്ത്യ തടഞ്ഞിരുന്നു. ഇതിനു പിന്നാലെ തടാകത്തിന്റെ തെക്കൻതീരത്തെ 14,000 അടി ഉയരത്തിൽ തന്ത്രപ്രധാന പർവതമേഖലകളിൽ ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചു. ഇരു വിഭാഗവും നേർക്കുനേർ വന്നതോടെയാണ്‌‌ വീണ്ടും സംഘർഷം രൂക്ഷമായത്‌.

വ്യാഴാഴ്‌ച ഇരു രാജ്യങ്ങളിലെയും വിദേശമന്ത്രിമാർ മോസ്‌കോയിൽ ചർച്ച നടത്താനിരിക്കെയാണ്‌ പുതിയ സംഭവവികാസങ്ങൾ. ഷാങ്‌ഹായ്‌ കോർപറേഷൻ ഓർഗനൈസേഷന്റെ (എസ്‌സിഒ) വിദേശമന്ത്രിതല ചർച്ചയിൽ പങ്കെടുക്കാനാണ്‌ എസ്‌ ജയ്‌ശങ്കറും ചൈനീസ്‌ വിദേശമന്ത്രി വാങ്‌ യിയും മോസ്‌കോയിൽ എത്തുന്നത്‌. സേനാപിന്മാറ്റം നടപ്പാക്കണമെന്ന ആവശ്യം ചർച്ചയിൽ ഇന്ത്യ ആവർത്തിക്കും. എസ്‌സിഒ നയതന്ത്ര ചർച്ചാവേദി അല്ലെങ്കിലും ഇന്ത്യക്കും ചൈനയ്‌ക്കും പരസ്‌പര വിശ്വാസം ആർജിക്കുന്നതിന്‌ ചർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുമെന്ന്‌ റഷ്യൻ ഡെപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷൻ അറിയിച്ചു. മോസ്‌കോയിൽ വെള്ളിയാഴ്‌ച പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്ങും‌ ചൈനയുടെ പ്രതിരോധമന്ത്രി വെയ്‌ ഫെങ്‌ഗിയും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

കാണാതായ യുവാക്കൾ ചൈനയുടെ പിടിയിൽ

അരുണാചൽപ്രദേശിൽനിന്ന്‌ കാണാതായ അഞ്ച്‌ യുവാക്കൾ ചൈനയുടെ പിടിയിലെന്ന്‌ കേന്ദ്രസർക്കാർ. ഇക്കാര്യം ചൈന സ്ഥിരീകരിച്ചു. ഹോട്ട്‌ലൈൻ വഴിയുള്ള ഇന്ത്യൻ കരസേനയുടെ സന്ദേശത്തോട്‌‌ ചൈനീസ്‌ സൈന്യം പ്രതികരിച്ചു. ഇവരെ കൈമാറുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന്‌ കേന്ദ്രമന്ത്രി കിരൺ റിജിജു ട്വീറ്റ്‌ ചെയ്‌തു. അപ്പർ സുബാൻസിരി ജില്ലയിൽ നിന്നുള്ള വിദ്യാർഥികളെയാണ്‌ സെപ്‌തംബർ ഒന്നിന്‌ കാണാതായത്‌. ഇവർ ചൈനീസ്‌ സൈന്യത്തിന്റെ പിടിയിലാണെന്ന്‌ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. മക്മോഹൻ രേഖയിലെ ഇന്ത്യൻ സൈന്യത്തിന്റെ ദീർഘദൂര നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ അവശ്യസാധനങ്ങൾ തലച്ചുമടായി എത്തിക്കുന്നതിനിടെയാണ്‌ വിദ്യാർഥികൾ പിടിയിലായത്‌.

യാക്കുകളെ ചൈനയ്‌ക്ക്‌ തിരിച്ചുനൽകി

ചൈനയിൽനിന്ന് വഴിതെറ്റിയെത്തിയ യാക്കുകളെ ഇന്ത്യൻ സൈനികർ തിരിച്ചുനൽകി. അരുണാചൽപ്രദേശിലെ ഈസ്റ്റ് കമെങ്ങിൽ യഥാർഥ നിയന്ത്രണരേഖയ്‌ക്കു സമീപം അലഞ്ഞുതിരിഞ്ഞിരുന്ന 13 യാക്കുകളെയും നാല്‌ കുട്ടികളെയും ആഗസ്‌ത്‌ 31നാണ്‌ കണ്ടെത്തിയത്‌. ഇവയെ കൈമാറിയെന്നും അതിന്‌ ചൈനീസ് ഉദ്യോഗസ്ഥർ നന്ദി പറഞ്ഞതായും കരസേന ട്വീറ്റ്‌ ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here