ഹൃദയ ശസ്ത്രക്രിയയ്ക്ക് ചിലവ് കുറയും ?; നിര്‍ണായക കണ്ടുപിടുത്തവുമായി തിരുവന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

ഹൃദയ ശസ്ത്രക്രിയകളുടെ രക്ത പ്രവാഹ നിരക്ക് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് ചെലവ് കുറഞ്ഞ ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിവിദ്യ ഉപയോഗിച്ചാണ് ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇതോടെ മീറ്ററിന്‍റെ വില 25 ലക്ഷത്തില്‍ നിന്ന് ഏതാനും ആയിരങ്ങളിലേക്ക് ചുരുക്കാനാകുമെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു

ഹൃദയ ശസ്ത്രക്രിയകളുടെ വിജയം നിര്‍ണ്ണയിക്കുന്ന സുപ്രധാന ഘടകമായ രക്ത പ്രവാഹ നിരക്ക് മനസ്സിലാക്കുന്നതിന് ഇന്ത്യ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് ഇറക്കുമതി ചെയ്യുന്ന ബ്ലഡ് ഫ്‌ളോ മീറ്ററുകളെയാണ്. 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വിലയുള്ള ഇവ വാങ്ങാന്‍ രാജ്യത്തെ ചുരുക്കം ചില സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് മാത്രമാണ് കഴിവുള്ളത്.

ശ്രീചിത്ര വികസിപ്പിച്ചെടുത്ത ബ്ലഡ് ഫ്‌ളോ മീറ്റര്‍ കൈ വെള്ളയ്ക്കുള്ളില്‍ ഒതുങ്ങുന്നതാണ്. നൂതനമായ കാന്തിക രീതിയും സിഗ്നല്‍ കണ്ടീഷനിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇത് രക്ത പ്രവാഹ നിരക്ക് അളക്കുന്നത്. കാന്തിക മണ്ഡലം ഉണ്ടാക്കുന്നതിനുള്ള സംവിധാനം, ഇലക്ട്രോണിക് മെഷര്‍മെന്‍റ് സിസ്റ്റം, ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച ഒറ്റത്തവണ ഉപയോഗത്തിനുള്ള ട്യൂബ് എന്നിവയാണ് ബ്ലഡ് ഫ്‌ളോ മീറ്ററിന്റെ പ്രധാന ഭാഗങ്ങള്‍.

കൈയില്‍ കൊണ്ടുനടക്കാവുന്ന, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്റെ സാങ്കേതികവിദ്യ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍പ്രോഡക്ട്‌സിന് കൈമാറി.

ബൈപ്പാസ് ശസ്ത്രക്രിയകള്‍ക്ക് പുറമെ വിവിധ വ്യാവസായിക ആവശ്യങ്ങളില്‍ ചാലകശേഷിയുള്ള ദ്രാവകങ്ങളുടെ ഒഴുക്കിന്റെ നിരക്ക് അളക്കുന്നതിനും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബ്ലഡ് ഫ്‌ളോ മീറ്ററുകള്‍ വാങ്ങാനും ചെലവ് കുറഞ്ഞ രീതിയില്‍ സുരക്ഷിതമായി ഹൃദയ ശസ്ത്രക്രിയകള്‍ ചെയ്യാനും കഴിയും.

ഹൃദയ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങള്‍ ശ്രീചിത്ര വികസിപ്പിച്ചെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ബ്ലഡ് ഫ്‌ളോ മീറ്ററെന്നും ഡോ. ആശാ കിഷോര്‍ വ്യക്തമാക്കി.ശ്രീചിത്രയുടെ ബയോടെക്‌നോളജി വിഭാഗത്തിലെ മെഡിക്കല്‍ ഡിവൈസസ് എന്‍ജിനീയറിംഗ് വകുപ്പിലെ ഗവേഷകരാണ് ബ്ലഡ് ഫ്‌ളോ മീറ്റര്‍ വികസിപ്പിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here