പുന്നപ്ര-വയലാർ; കരിവെള്ളൂർ-കാവുമ്പായി രക്തസാക്ഷികളെ സ്വാതന്ത്ര്യസമര പട്ടികയിൽനിന്ന്‌ ഒഴിവാക്കാൻ നീക്കം

സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽനിന്ന്‌ പുന്നപ്ര–-വയലാർ, കരിവെള്ളൂർ, കാവുമ്പായി സമര നായകരെ ഒഴിവാക്കാൻ ശ്രമം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ(ഐസിഎച്ച്‌ആർ)പുറത്തിറക്കിയ രക്തസാക്ഷികളുടെ നിഘണ്ടു(Dictionary Of Martyrs) എന്ന പുസ്‌തകത്തിൽനിന്ന്‌ ഇവരുടെ പേര്‌ വെട്ടിമാറ്റാനാണ്‌ നീക്കം.

മലബാർ കലാപത്തിന്റെ നായകൻ വാരിയൻകുന്നത്ത്‌ കുഞ്ഞമ്മദ്‌ ഹാജിയടക്കമുള്ളവരെ വെട്ടിനിരത്തുന്നതിനൊപ്പമാണ്‌ കമ്യൂണിസ്‌റ്റ്‌–-കർഷക പോരാളികളെയും ഒഴിവാക്കാനുള്ള നീക്കം. ഐസിഎച്ച്‌ആർ അംഗമായ ഡോ. സി ഐ ഐസക്‌ ഈ ആവശ്യമുന്നയിച്ച്‌ റിപ്പോർട്ട്‌‌ നൽകി. രക്തസാക്ഷികളുടെ നിഘണ്ടു–-അഞ്ചാം ഭാഗത്തിലാണ് കമ്യൂണിസ്‌റ്റ്‌ –-കർഷക സമരനായകരുടെ പേരുള്ളത്‌.

മലബാർ കലാപ നായകരെ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയതിൽ ആർഎസ്‌എസ്‌ എതിർപ്പ്‌ പ്രകടിപ്പിച്ചതിന്‌ പിന്നാലെയാണ്‌ ഐസിഎച്ച്‌ആർ അംഗം സമാന ആവശ്യം ഉന്നയിച്ചത്‌. ബ്രിട്ടീഷ്‌ ഔദ്യോഗിക രേഖകളിൽ ഇവരുടെ പേരില്ലെന്നതാണ്‌ ന്യായീകരണം.

1946ൽ നടന്ന പുന്നപ്ര വയലാർ സമരം സ്വാതന്ത്ര്യത്തിനുശേഷം 1948ൽ നടന്നതായാണ്‌ നിഘണ്ടുവിലെ പരാമർശം‌. ആർഎസ്‌എസ്‌ നിയന്ത്രണത്തിലുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ വൈസ്‌പ്രസിഡന്റാണ് ഐസക്‌‌‌. മുൻ ബിജെപി ഭരണത്തിലും ഇദ്ദേഹം ഐസിഎച്ച്‌ആർ അംഗമായിരുന്നു.

സ്വാതന്ത്ര്യസമരമായി കേന്ദ്രസർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതാണ്‌ പുന്നപ്ര വയലാർ സമരം. 1946 ഡിസംബറിൽ ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായി കർഷകസംഘം നേതൃത്വത്തിൽ നടന്ന ഉജ്വല ചെറുത്തുനിൽപ്പുകളായിരുന്നു കരിവെള്ളൂർ, കാവുമ്പായി കർഷക സമരങ്ങൾ.

ഭൂവുടമകൾക്കും ജന്മിത്തത്തിനുമൊപ്പം ബ്രിട്ടീഷ്‌ ഭരണകൂടത്തിനുമെതിരായിരുന്നു കരിവെള്ളൂർ, കാവുമ്പായി സമരങ്ങൾ. പുന്നപ്ര വയലാറിലേത്‌ നേരിട്ടുള്ള പോരാട്ടമായിരുന്നു. സാമ്രാജ്യത്വവിരുദ്ധതയായിരുന്നു ഈ മൂന്ന്‌ പ്രക്ഷോഭങ്ങളുടെയും അടിത്തറ. മലബാർ കലാപത്തെ ബ്രിട്ടീഷ്‌ രേഖകൾ അപഗ്രഥിച്ചാകും വർഗീയമായി മുദ്രകുത്തുന്നത്‌.

ശാസ്‌ത്രീയമായ ചരിത്രവീക്ഷണത്തിന്റെ അഭാവമാണിതിൽ ദർശിക്കുന്നത്‌. മതരാഷ്‌ട്രം ലക്ഷ്യമാക്കുന്ന സംഘപരിവാർ ഹിന്ദുരാഷ്‌ട്ര നിർമിതിക്കായി ചരിത്രത്തെ കരുവാക്കുകയാണ്‌. സംഘപരിവാരത്തിന്റെ കമ്യൂണിസ്‌റ്റ്‌–- മുസ്ലിംവിരുദ്ധതയാണിതിൽ പ്രകടമാകുന്നത്‌.

രാജൻ ഗുരുക്കൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here