സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി; 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും യാഥാര്‍ത്ഥ്യമാകുന്നു

സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയന്‍ ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടത്തില്‍ 100 പേരെയാണ് ബറ്റാലിയനില്‍ നിയമിക്കുക. 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും യാഥാര്‍ത്ഥ്യമാകുന്നു.

പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

സംസ്ഥാനത്ത് ആറാമത്തെ പൊലീസ് ബറ്റാലിയന്‍ മൂന്ന് വര്‍ഷത്തിനുള്ളിലാകും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുക. ആദ്യഘട്ടത്തില്‍ 100 പേരെയും 3 വര്‍ണ്‍ം പൂര്‍ത്തിയാകുമ്പോള്‍ 1000 പേരും ബറ്റാലിയനിലുണ്ടാകും. ഇതില്‍ പകുതിയും വനിതകളാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പൊലീസ് നിര്‍വ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പോലീസ് സബ്ബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും. നിലവില്‍ 60 സബ്ബ് ഡിവിഷനുകളാണുളളത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, കോഴിക്കോട് റൂറലുകളില്‍ പുതിയ വനിതാ പൊലീസ് സ്റ്റേഷനുകള്‍ തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും. നിലവില്‍ 14 പൊലീസ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷനുകളുളളത്.

സംസ്ഥാനത്ത് 15 പൊലീസ് ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഐ ജി റാങ്കിലുളള ഡയറക്ടറുടെ നേതൃത്വത്തില്‍ പൊലീസില്‍ സോഷ്യല്‍ പൊലീസിംഗ് ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സോഷ്യല്‍ പോലീസിംഗ് വിഭാഗം നിലവില്‍ വരും. നിലവിലുളള കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങള്‍ക്ക് പുറമെയാണിത്.

ആധുനിക സംവിധാനങ്ങള്‍ ഉളള കെട്ടിടങ്ങളാണ് വര്‍ക്കല, പൊന്‍മുടി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത പൊലീസ് സ്റ്റേഷനുകള്‍. 2019-20 വര്‍ഷത്തെ സംസ്ഥാന പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തിയാണ് കൊട്ടാരക്കരയില്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസിന് വേണ്ടി കണ്‍ട്രോള്‍ റൂം സ്ഥാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News