എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസ്; മൂന്ന് ആർഎസ്എസ് പ്രവർത്തകര്‍ കസ്റ്റഡിയില്‍

കണ്ണൂർ കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് കരുതുന്ന വാഹനവും കണ്ടെടുത്തു. അതെ സമയം കൊലപാതകത്തിന് പിന്നാലെ അക്രമ സംഭവങ്ങൾ ഉണ്ടായ പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.

ഗൂഢാലോചന നടത്തി അസൂത്രിതമായാണ് സലാഹുദ്ദീനെ വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസിന്റെ കണ്ടെത്തൽ. കൊലപാതകികൾക്ക് സഹായം നൽകിയെന്ന് കരുതുന്ന മൂന്നു ആർ എസ്എസ് പ്രവർത്തകരാണ് കണ്ണവം പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

കൊലപാതകത്തിൽ പങ്കെടുത്ത മുഴുവൻ പേരെയും തിരിച്ചറിഞ്ഞു.കൊലപാതകികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനവും കസ്റ്റഡിയിൽ എടുത്തു.സംഭവം നടന്നതിന് 80 മീറ്റർ അകലെ അക്രമി സംഘം തമ്പടിച്ച് മദ്യപിച്ചിരുന്നു എന്നതിന് തെളിവുകളും പൊലീസിന് ലഭിച്ചു.

വാടകയ്ക്ക് എടുത്ത കാറാണ് നമ്പൂതിരി പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.കോളയാട് സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കാർ. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.അതേ സമയം സലാഹുദ്ദീന്റെ കൊലപാതത്തിന് പിന്നാലെ കണ്ണൂരിൽ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി.

തില്ലങ്കേരി പടിക്കച്ചാലിൽ എസ്ഡിപിഐ പ്രകടനത്തിന് നേരെ ആർ എസ് എസുകാർ ബോംബെറിഞ്ഞു. ശിവപുരത്ത് ആർ എസ് എസ് ഓഫീസിന് നേരെയും ബോംബേറുണ്ടായി.

അതേ സമയം മരിച്ച സലാഹുദീന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് അയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ,പൊലീസുകാർ തുടങ്ങിയവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here