പിഎഫ്‌ പെൻഷനിലും കൈയിടും ; ഇപിഎഫിനെ എൻപിഎസായി ചുരുക്കുന്നു

എംപ്ലോയ്‌മെന്റ്‌ പ്രോവിഡന്റ്‌ ഫണ്ടിന്റെ (ഇപിഎഫ്‌)‌ സാമൂഹ്യ സുരക്ഷാ സ്വഭാവം നഷ്ടപ്പെടുത്താനുള്ള കേന്ദ്ര നീക്കം ട്രേഡ്‌ യൂണിയനുകളുടെ ശക്തമായ എതിര്‍പ്പിനെത്തുടർന്ന്‌ തൽക്കാലം നിർത്തി. സിഐടിയു, എഐടിയുസി പ്രതിഷേധത്തെതുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുന്നത് അടുത്ത ബോർഡ്‌ യോഗത്തിലേക്ക് മാറ്റി‌.

കൂടുതൽ വിഹിതം നിക്ഷേപിക്കുന്നവർക്ക്‌ ഉയർന്ന പെൻഷൻ നൽകാനെന്ന പേരില്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെയാണ്‌‌ ഇപിഎഫ്‌ കേന്ദ്രബോർഡ്‌ ഓൺലൈൻ യോഗത്തിൽ ട്രേഡ്‌ യൂണിയനുകൾ എതിര്‍ത്തത്. എല്ലാ അംഗങ്ങളുടെയും പെൻഷൻഫണ്ട്‌ ഒറ്റ അക്കൗണ്ടായി പരിഗണിച്ച് അതില്‍ നിന്നുള്ള വരുമാനംവഴിയാണ്‌ ഇപ്പോള്‍ പെന്‍ഷന്‍ വിതരണം.

പരമാവധി ശമ്പളം 15,000 രൂപയായി നിജപ്പെടുത്തി, ശമ്പളത്തിന്റെ 12 ശതമാനമാണ്‌ ഈടാക്കുന്നത്. തുല്യതുക തൊഴിലുടമയും നിക്ഷേപിക്കും. തൊഴിലുടമയുടെ നിക്ഷേപത്തിന്റെ 8.33 ശതമാനം പെൻഷൻഫണ്ടിലേക്ക്‌ പോകും. ഇപിഎഫ്‌ പെൻഷൻ കുറവാണെന്ന പരാതി പരിഹരിക്കാനെന്ന പേരിലാണ് കൂടുതൽ തുക പെൻഷൻഫണ്ടിലിടാന്‍ അവസരം നല്‍കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

ഇപിഎഫിന്റെ സാമൂഹ്യ സുരക്ഷാ സ്വഭാവം നഷ്ടപ്പെടുത്തി നാഷണല്‍ പെന്‍ഷന്‍ പദ്ധതിക്ക് (എന്‍പിഎസ്) സമാനമാക്കാനാണ് ശ്രമമെന്ന് സിഐടിയു പ്രതിനിധി എ കെ പത്മനാഭൻ യോ​ഗത്തില്‍ ചൂണ്ടിക്കാട്ടി.

18നും 65നും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ അടക്കം ആര്‍ക്കും പ്രതിമാസം 500 രൂപമുതല്‍ അടച്ച് അം​ഗമാകാവുന്ന പെന്‍ഷന്‍ പദ്ധതിയാണ് എൻപിഎസ്.

ഈ തുക പൂര്‍ണമായും ഓ​ഹരിവിപണിയിലേക്കാണ് പോകുന്നത്. 65 വയസ്സാകുമ്പോള്‍ വിപണിനിലവാരത്തിന്‌ അനുസരിച്ചാണ് പെൻഷൻ കിട്ടുക. ഈ മാതൃക ഇപിഎഫിൽ കൊണ്ടുവരുന്നത്‌ അംഗീകരിക്കില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

എതിര്‍പ്പുയര്‍ന്നതോടെ വിഷയം ഡിസംബറിൽ ചർച്ചചെയ്യാമെന്ന്‌ തൊഴിൽമന്ത്രി സന്തോഷ്‌ ഗങ്‌വാർ അറിയിച്ചു. അടുത്തയോഗം ഓൺലൈൻ അല്ലാതെ സാധാരണ പോലെ നടത്തണമെന്ന്‌ ട്രേഡ്‌ യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടു.

അപകടം കൺമുന്നിൽ

പെൻഷൻ ഫണ്ട്‌ ഒറ്റ അക്കൗണ്ടായി പരി​ഗണിക്കുന്നതിന് പകരം അംഗങ്ങളുടെ വ്യക്തിഗത അക്കൗണ്ട്‌ സംവിധാനം കൊണ്ടുവരാനും ഓരോരുത്തർക്കും ഫണ്ട്‌ ഓഹരി വിപണിയിൽ ഇറക്കാന്‍ അവസരം നല്‍കാനുമാണ് നീക്കം.

ഒന്നാംമോഡിസര്‍ക്കാരിന്റെ കാലത്തെ നിര്‍ദേശം ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പഴയനിര്‍ദേശം പൊടിതട്ടിയെടുത്തിരിക്കുകയാണ് കേന്ദ്രം.

ഇപിഎഫ് ഒന്നടങ്കം ഓഹരിചൂതാട്ടത്തിന്‌ വിട്ടുകൊടുക്കുന്നതാകും നടപടി. ഇപിഎഫ്‌ ഓഹരിവിപണിയിൽ നിക്ഷേപിച്ച തുകയിൽ 1.03 ലക്ഷം കോടിരൂപയാണ്‌ നഷ്ടം നേരിട്ടത്‌.

പലിശനിരക്ക്‌ കുറയ്‌ക്കാനും നിർദേശം

കഴിഞ്ഞ സാമ്പത്തികവർഷം‌ 8.5 ശതമാനം പലിശയാണ് നിശ്ചയിച്ചത്. എന്നാൽ, ഇത്‌ സർക്കാർ വിജ്ഞാപനം ചെയ്‌തിട്ടില്ല. പകരം ഇപ്പോൾ 8.15 ശതമാനവും ഡിസംബറിൽ 0.35 ശതമാനവും രണ്ടു ഘട്ടമായി നല്കാനാണ് ആലോചനയെന്ന് മന്ത്രി പറഞ്ഞു.

പലിശ 8.65 ശതമാനത്തില്‍നിന്ന്‌ 8.5 ആക്കിയശേഷം വീണ്ടും തൊഴിലാളികളെ ദ്രോഹിക്കുന്നത്‌ ശരിയല്ലെന്ന്‌ ട്രേഡ്‌ യൂണിയനുകൾ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News