കങ്കണ ‘ചിലരുടെ’ വാടകഗുണ്ടയെന്ന് പരോക്ഷമായി ബിജെപിയെ വിമർശിച്ച് ശിവസേന

ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് നടി കങ്കണ റണൗത്തിനെ സുപ്പാരി നടി’യെന്ന് അഭിസംബോധന ചെയ്ത് കളിയാക്കിയത്.

നടി ചിലരുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായി കളിക്കുകയാണെന്നും പത്രം വിമർശിച്ചു. അധോലോകത്തിന് പേര് കേട്ട നഗരത്തിൽ വാടകക്കൊലയാളികളെ ഏർപ്പെടുത്തി എതിരാളികളെ വകവരുത്തുന്നതിനെയാണ് സുപ്പാരി കൊലപാതകമെന്നാണ് പറയുന്നത്.

ശക്തമായ ഭാഷയിൽ കങ്കണയ്ക്കെതിരെ ആഞ്ഞടിക്കുന്ന എഡിറ്റോറിയൽ ചെന്ന് തറക്കുന്നത് ബി.ജെ.പി.യുടെ ചുമരിലാണ്. മുംബൈയിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന് ശിവസേന ഉയർത്തിയ ഭീഷണിയെത്തുടർന്ന് നടിക്ക് ഹിമാചൽ പ്രദേശിലെ വീട്ടിൽ നിന്നും മുംബൈയിൽ ബാന്ദ്രയിലെ വീട്ടിൽ വരെ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നത്.

മുംബൈ വിമാനത്താവളത്തിലെത്തിയ കങ്കണയ്‌ക്കെതിരേ ശിവസേന പ്രവർത്തകർ കരിങ്കൊടികാട്ടി പ്രതിഷേധിച്ചെങ്കിലും ആയുധധാരികളായ കമാന്‍ഡോകളും പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന പതിനൊന്നംഗ സംഘം തീർത്ത കനത്ത സുരക്ഷാ വലയത്തിൽ വി ഐ പി ബഹുമതിയോടെയാണ് മഹാനഗരത്തിലേക്ക് മടങ്ങിയെത്തിയത്.

മുംബൈയെ പാകിസ്ഥാൻ അധിനിവേശ കശ്മീരുമായി താരതമ്യപ്പെടുത്തിയതാണ് പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചത്. മുംബൈ പോലീസിനെതിരെ നടത്തിയ പരാമർശവും വലിയ വിവാദമായി. തുടർന്ന് മുംബൈ മേയറും ശിവസേന നേതാക്കളുമടങ്ങുന്നവർ നടിയുമായി ട്വിറ്ററിലൂടെ കൊമ്പുകോർക്കുകയായിരുന്നു.

ട്വിറ്ററിൽ തന്നെ പറഞ്ഞു തീരേണ്ട വിഷയം രാഷ്‌ടീയ മുതലെടുപ്പുകൾക്കായാണ് തെരുവിലേക്ക് വലിച്ചിഴച്ചതെന്ന തിരിച്ചറിവാണ് കോവിഡ് ഭീതിയിൽ കഴിയുന്ന നഗരവാസികൾക്കിടയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയായത്.

കങ്കണയുടെ ബാന്ദ്രയിലുള്ള ഓഫീസിന്റെ അനധികൃത നിർമാണത്തിന്റെ പേരിൽ ബി.എം.സി. തിടുക്കത്തിൽ പൊളിച്ചത് രാഷ്ട്രീയ പ്രതികാരമെന്ന ആരോപണവുമായി മുംബൈയിലെ ബി.ജെ.പി. നേതാക്കളും തുറന്ന പോരിന് മുന്നിട്ടിറങ്ങി.

ഒരു വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന ട്വീറ്റുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയും കളത്തിൽ ഇറങ്ങിയിരുന്നു.

ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടർന്ന് നടി കങ്കണയും ശിവസേന നേതാവ് സഞ്ജയ് റാവുത്തും തമ്മിലുണ്ടായ വാക്‌പോരാണ് പ്രതിഷേധ പ്രകടനങ്ങൾക്കും പോർ വിളികൾക്കും ഒടുവിൽ നടിയുടെ ഓഫീസ് പൊളിക്കൽ വരെ എത്തി നിൽക്കുന്നത്.

എന്നാൽ സിനിമാ നടിയുടെ ട്വിറ്റർ പ്രസ്താവനയുടെ പേരിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരും കേന്ദ്ര സർക്കാരും നടത്തിയ തെരുവ് യുദ്ധത്തെ നഗരവാസികൾക്കിടയിൽ വലിയ വിദ്വേഷമാണ് പരത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗവ്യാപനം നടക്കുന്ന സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ കാണിക്കാത്ത ശുഷ്കാന്തിയാണ് ശിവസേനയും ബിജെപിയും നടിയുടെ അനധികൃത ഓഫീസ് തിടുക്കത്തിൽ പൊളിക്കാനും, പ്രത്യേക സുരക്ഷാ പ്രോട്ടോകോൾ പ്രകാരം നടിയെ നഗരത്തിലേക്ക് ആനയിക്കാനും കാണിച്ചത്.

ദിവസേന നാനൂറിലധികം രോഗികൾ മരിച്ചു വീഴുകയും ശരാശരി 20000 പേർക്ക് രോഗബാധ രേഖപ്പെടുത്തുകയും ചെയ്യുന്ന സംസ്ഥാനത്ത് ഭീതിയോടെ കഴിയുന്ന ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിലോ ഇവരെ അനധികൃതമായി ചൂഷണം ചെയ്യുന്ന ആശുപത്രികളുടെ നിയന്ത്രണം ഏറ്റെടുക്കാനോ കേന്ദ്ര സർക്കാരിനോ സംസ്ഥാന സർക്കാരിനോ കഴിയാതിരിക്കുമ്പോഴാണ് ഇന്നലെ നടന്ന സംഭവം ജനമനസുകളിൽ വിദ്വേഷം വിതക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News