സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഇമാജിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കനി കുസൃതിക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്ക്കാരം.
പ്രശസ്ത അഫ്ഗാനിസ്ഥാൻ നടി ലീന അലാമും പ്രമുഖ കസക്കിസ്ഥാൻ നിർമ്മാതാവായ ഓൾഗ കലഷേവയും അംഗങ്ങളായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.
സജിൻ ബാബു സംവിധാനം നിർവ്വഹിച്ച ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനാണ് കനിക്ക് അവാർഡ്.
സർ എന്ന സിനിമയിലെ അഭിനയത്തിന് തിലോത്തിമ ഷോ മിനാണ് മികച്ച നടിക്കുള്ള പുരസ്കാരം.
ഒക്ടോബർ 1 മുതൽ 8 വരെ നടക്കുന്ന മോസ്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിലേക്ക് ചിത്രം പരിഗണിച്ചതിന് പിന്നാലെയാണ് സ്പെയിനിൽ നിന്നുള്ള പുരസ്കാരം.
നേരത്തേ ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിക്കുകയും അവിടെ മികച്ച സിനിമക്കുള്ള നെറ്റ്പാക്ക് അവാർഡ് നേടുകയും ചെയ്തിതിരുന്നതാണ് ബിരിയാണി
ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജൻ പുരസ്ക്കാരം എന്നിവയും ബിരിയാണി നേടിയിട്ടുണ്ട്. അമേരിക്ക, ഫ്രാൻസ്, ജർമ്മനി, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിരുന്നു.
കടൽ തീരത്ത് താമസിക്കുന്ന ഒരു ഉമ്മയുടേയും മകളും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം നാട് വിടേണ്ടി വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മകൾ കദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജയുമാണ് അഭിനയിക്കുന്നത്. സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു.
UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.

Get real time update about this post categories directly on your device, subscribe now.