ഉപതെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ല കേരളത്തിലെന്ന് സർക്കാർ; കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി കത്തയച്ചു

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ല കേരളത്തിലെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ചീഫ് സെക്രട്ടറി കത്തയച്ചു. ഓഗസ്റ്റ് 21നാണ് ചീഫ് സെക്രട്ടറി കത്തയച്ചത്.

കൊവിഡും കാലാവസ്ഥയും പ്രതികൂല സാഹചര്യമെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാനത്തിന്‍റെ അവശ്യം പരിഗണിക്കാതെ സെപ്തംബർ നാലിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ചവറ, കുട്ടനാട് മണ്ഡലങ്ങളിലെക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഒ‍ഴിവാക്കണം എന്നത് നേരത്തെ തന്നെ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു എന്നതാണ് ചീഫ് സെക്രട്ടറിയുടെ കത്ത് വ്യക്തമാക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചുള്ള തെരഞ്ഞെടുപ്പ് എളുപ്പമല്ല രണ്ട് മണ്ഡലങ്ങളിലും. കാലാവസ്ഥയും പ്രതികൂലമാണ്.

മൺസൂൺ അവസാനിച്ചിട്ടില്ല. പ്രത്യേകിച്ചും കുട്ടനാട് പ്രളയ ഭീഷണിയുള്ള പ്രദേശമാണ്. കൊവിഡിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകളും വരും മാസങ്ങളിൽ നടക്കേണ്ടതുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലാണ്.

കൂടാതെ തെരഞ്ഞെടുപ്പ് നടത്തണമെങ്കിൽ ഭീമമായ സാമ്പത്തിക ചെലവും ഉണ്ടാകും എന്നകാര്യവും കത്തിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

അതോടൊപ്പം തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ പെരുമാറ്റ ചട്ടം നിലവിൽ വരുമ്പോൾ അത് നിരവധി വികസന – ക്ഷേമ പ്രവർത്തനങ്ങളെയും ബാധിക്കും. നിലവിലെ സാഹചര്യത്തിൽ ഇത് ജനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നും കത്തിൽ പറയുന്നു.

എന്നാൽ സംസ്ഥാനത്തെ സാഹചര്യം കൃത്യമായി അറിയിച്ചിട്ടും അത് പരിഗണിക്കാതെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇനി നാളത്തെ സർവകക്ഷിയോഗത്തിന്‍റെ സമ്മർദ്ദത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ‍ഴങ്ങുമോ എന്നതാണ് അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here