ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; കമറുദ്ദീനെതിരെ നടപടി സ്വീകരിക്കാതെ ലീഗ്; മുഖം രക്ഷിക്കാന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി; നടന്നത് തട്ടിപ്പല്ലെന്ന് വാദം

മലപ്പുറം: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കാതെ മുസ്ലീംലീഗ്.

മുഖം രക്ഷിക്കാന്‍ കമറുദ്ദീനെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. കമറുദ്ദീന്‍ നടത്തിയത് തട്ടിപ്പല്ലെന്നാണ് ലീഗിന്റെ ന്യായീകരണം. ബിസിനസ് പൊളിഞ്ഞ പ്രശ്‌നം മാത്രമാണെന്നാണ് വാദം.

ആര്‍ക്കെല്ലാം ഫണ്ട് നല്‍കണം, കടബാധ്യത എത്രയുണ്ട് എന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് വിവരം നല്‍കാന്‍ കമറുദ്ദീനോട് പറഞ്ഞിട്ടുണ്ടെന്നും മുസ്ലീം ലീഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ കടബാധ്യത വീട്ടണമെന്ന കാര്യത്തിലാണ് പാര്‍ട്ടി ഗൗരവം കാണുന്നത്. സ്വകാര്യമായ കടബാധ്യതയാണ്.

കമറുദ്ദീന് കുറെ ആസ്തിയുണ്ട്. നിശ്ചിത സമയം കടം വീട്ടാനായി നല്‍കിയിരിക്കുകയാണ്. ഇതൊരു ബിസിനസാണ്, അത് പൊളിഞ്ഞു എന്നാണ് പാര്‍ട്ടി കാണുന്നത്. കമ്പനി പൊളിഞ്ഞതാണ്, വഞ്ചനയും തട്ടിപ്പുമില്ല. കേസ് വേണമെന്നുള്ളവര്‍ക്ക് കേസുമായി പോകാം. പണം വേണ്ടവര്‍ക്കായി പാര്‍ട്ടി ഇടപെട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയിലെ സ്ഥാനങ്ങളൊന്നും കമറുദ്ദീന്‍ വഹിക്കുന്നില്ല. ഉള്ള സ്ഥാനം രാജിവെച്ചു.

പണം കൊടുത്ത് തീര്‍ക്കുന്നതിലാണ് ഫോക്കസ്. ഇത് പ്രൈവറ്റ് കടമാണ്. പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ല. പറഞ്ഞ കാര്യമെല്ലാം ഖമറുദ്ദീന്‍ സമ്മതിച്ചു. ഏകദേശ കണക്കാണ് ഇപ്പോള്‍ കിട്ടുന്നത്. കൃത്യമായ ബാധ്യതാ കണക്ക് കിട്ടിയിട്ടില്ല.

ബാംഗ്ലൂരും മംഗലാപുരത്തൊക്കെ ആസ്തിയുണ്ടെന്ന സൂചന കിട്ടി. പാര്‍ട്ടിക്ക് ഇതില്‍ ഉത്തരവാദിത്തമില്ല. പാര്‍ട്ടി സ്ഥാനത്തുള്ള ആളായതുകൊണ്ട് ധാര്‍മിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടുന്നതെന്നും ലീഗ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട പാര്‍ട്ടി അംഗങ്ങള്‍ തല്‍ക്കാലം പാര്‍ട്ടിയില്‍ നിന്നും മാറി നില്‍ക്കുമെന്നും ലീഗ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News