ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

മുംബൈയില്‍ ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേന നേതാവ് സഞ്ജയ് റൗതും തമ്മില്‍ ട്വിറ്ററില്‍ തുടങ്ങിയ വാക് പോര് രൂക്ഷമായതോടെ ശിവസേനയുടെ പ്രതിഷേധ സമരങ്ങള്‍ക്കൊടുവിലാണ് നടിയുടെ ഓഫീസ് പൊളിക്കുന്ന നടപടിയിലേക്ക് എത്തി ചേര്‍ന്നത്.

നടിയുടെ ഓഫീസ് അനധികൃതമാണെന്ന വാദത്തിലായിരുന്നു ബി എം സിയുടെ നടപടി. ഇതിനെ തുടര്‍ന്ന് കങ്കണ ബി എം സി ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെയും വെല്ലുവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.

ഇന്ന് എന്റെ വീട് നിങ്ങള്‍ തകര്‍ത്തു , നാളെ നിങ്ങളുടെ അഹങ്കാരം ഇത് പോലെ തകര്‍ന്നു വീഴുമെന്ന് പറഞ്ഞാണ് കങ്കണയുടെ വീഡിയോ ഉദ്ദവ് താക്കറെക്കെതിരെ ആഞ്ഞടിക്കുന്നത്. ഇതാണ് നടിക്കെതിരെ പോലീസില്‍ പരാതി നല്‍കാന്‍ ശിവസേനയെ പ്രേരിപ്പിച്ചത്.

വിഷയത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെട്ടിരിക്കയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകന്‍ അജോയ് മേത്തയെ ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി വിളിച്ചു വരുത്തുകയും കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ച സര്‍ക്കാര്‍ നടപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

കങ്കണ രണാവതിന്റെ ഓഫീസ് പൊളിക്കാനുള്ള നീക്കം നടത്തിയത് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം പരത്തിയെന്നും നടിക്ക് അനാവശ്യ പ്രചാരണം നല്‍കിയെന്നും ശരത് പവാര്‍ വിമര്‍ശിച്ചിരുന്നു.

ബാന്ദ്രയില്‍ പാലി ഹില്ലിലുള്ള കങ്കണയുടെ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ശിവസേനയുടെ നിയന്ത്രണത്തിലുള്ള മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചത്. ബി എം സി ഉദ്യോഗസ്ഥര്‍ നോട്ടീസ് പതിപ്പിച്ചതിന്റെ പുറകെ വലിയ പോലീസ് സന്നാഹത്തോടെ എത്തിയാണ് തിടുക്കത്തില്‍ കെട്ടിടം പൊളിക്കാനെത്തിയത്. ഇതിനിടയിലാണ് കങ്കണയുടെ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി സ്റ്റേ നല്‍കുന്നത്.

ഇതോടെ പൊളിക്കല്‍ പാതി വഴിയില്‍ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ പ്രതിനിധിയെ വിളിച്ചുവരുത്തി വിഷയത്തില്‍ തന്റെ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ബോളിവുഡ് നടന്‍ ശുശാന്ത് സിംഗിന്റെ മരണത്തോടെ കങ്കണ നടത്തിയ പരാമര്‍ശങ്ങളാണ് ശിവസേന നേതാവ് സഞ്ജയ് റൗത് ഏറ്റുപിടിച്ചതും തുടര്‍ന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ ബി ജെ പി – ശിവസേന കുടിപ്പകയുടെ ബാക്കിപത്രമായതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here